EncyclopediaTell Me Why

തേച്ച് നിവര്‍ത്താം

കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ നല്ല സുഖമുണ്ടല്ലോ? പക്ഷെ അലക്കിക്കഴിഞ്ഞാലോ? അവ ചുരുണ്ടുകൂടിയിരിക്കും.പിന്നെ ചുളിവുകള്‍ നിവര്‍ത്തണമെങ്കില്‍ ചെറുതായി നനച്ച്, നല്ല ചൂടില്‍ തേച്ചെടുക്കണം.

  വസ്ത്രങ്ങള്‍ ചുളിയുന്നതിനും അത് തേച്ച് നിവര്‍ത്തുന്നതിനും പിന്നില്‍ ഒരു കെമിസ്ട്രിയുണ്ട്. പോളിമര്‍ തന്മാത്രകള്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന വസ്ത്രങ്ങളില്‍ വെള്ളം പറ്റുകയോ ചൂട് തട്ടുകയോ ചെയ്‌താല്‍ തന്മാത്രകള്‍ തമ്മിലുള്ള ചില ബോണ്ടുകള്‍ മുറിയുകയും മറ്റു ചിലത് രൂപപ്പെടുകയും ചെയ്യും.ഇങ്ങനെ തന്മാത്രകളുടെ ക്രമീകരണം മാറുന്നതോടെ വസ്ത്രത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നു.

  നൈലോണ്‍, കമ്പിളി, പോളിയെസ്റ്റര്‍ തുടങ്ങിയ തുണികള്‍ വെള്ളം നനഞ്ഞാല്‍ ചുളിയില്ല. പക്ഷെ വാഷിംഗ് മെഷീനില്‍ ഇട്ടു ഉണക്കിയാല്‍ ഇവയും ചുളുങ്ങുന്നത് കാണാം. ചെറുചൂടില്‍ ഉണങ്ങുന്നതാണ് ഇതിനു കാരണം.

  ഇസ്തിരിയിടുമ്പോള്‍ വസ്ത്രങ്ങള്‍ ചൂടാകും. ചൂട് തട്ടുന്നതോടെ പോളിമര്‍ തന്മാത്രകളിലെ പുത്തന്‍ ബോണ്ടുകള്‍ മുറിയുകയും അവ ഒരേ ദിശയില്‍ ക്രമീകരിക്കപ്പെടുകയും ചെയ്യും. വെള്ളം നനയ്ക്കുകയും അല്പം ബലം പ്രയോഗിക്കുകയും കൂടി ചെയ്യുമ്പോള്‍ ഇത് എളുപ്പമാകുന്നു. അങ്ങനെ ചുളിവുകള്‍ അപ്രത്യക്ഷമാകുന്നു.