DefenseEncyclopedia

പീരങ്കിപ്പട (Artillery Battery)

പീരങ്കികൾ, ഹെവി ഫീൽഡ് ഗണ്ണുകൾ, മോർട്ടാറുകൾ, മിസൈലുകൾ, വിമാനവേധ തോക്കുകൾ, റോക്കറ്റുകൾ എന്നിവ ഉപയോഗിച്ച് ശത്രുനിരകളേയും ബങ്കറുകളെയും തകർക്കുക, ബോംബാക്രമണത്തിനും ആകാശ യുദ്ധത്തിനുമായി എത്തുന്ന ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്ത്തുക, ശത്രുക്കളോടു യുദ്ധം ചെയ്യുന്ന കാലാൾപ്പടയ്ക്കും കവചിതസേനാ വിഭാഗത്തിനും ശത്രുനിരയിലേക്കു സെല്ലുകൾ വർഷിച്ച് സഹായങ്ങളും സുരക്ഷിതത്വവും നൽകുക, സ‌‌ർ‌‌വോപരി ശത്രുക്കളുടെ മനോവീര്യം തകർക്കുന്നതിന് അവരുടെ സങ്കേതങ്ങളിലെയ്ക്ക് തുളച്ചുകയറി (deep thrust) ശത്രുമുന്നണിയെ ഛിന്നഭിന്നമാക്കുക തുടങ്ങിയ നിർണായക ജോലികളാണ് പീരങ്കിപ്പട നിർ‌‌വഹിക്കേണ്ടത്. ശത്രുസങ്കേതങ്ങളും ശത്രുക്കൾ ഉപയോഗിക്കുന്ന മോർട്ടാറുകൾ, ബോം‌‌ബുകൾ, പീരങ്കികൾ മുതലായവ സ്ഥാപിച്ചിട്ടുള്ള സ്ഥാനങ്ങൾ ആകാശം വഴിയായും റഡാർ മുഖേനയും കണ്ടുപിടിക്കുന്നതിനുള്ള ലൊക്കേറ്റിംഗ് ബാറ്ററിയും, എയർ ഒബ്സർ‌‌വേഷൻ പോസ്റ്റുകളും (Air OP) പീരങ്കിപ്പടക്കു കീഴിൽ ഉണ്ടായിരിക്കും. ആർട്ടിലറിക്കു കീഴിലുള്ള വിമാനങ്ങൾ പറത്തുന്നതും ആർട്ടിലറി ഓഫീസർമാർ തന്നെയാണ്. ആർട്ടിലറിയിൽ പാരച്യൂട്ട് ഭടൻ‌‌‌‌മാരും പ്രവർത്തിക്കുന്നുണ്ട്. ശത്രുസങ്കേതങ്ങൾക്ക് അടുത്തോ അവയ്ക്കു പുറകിലോ യുദ്ധവിമാനങ്ങളിൽ ചെന്ന് പാരച്യൂട്ടുവഴി ഇറങ്ങി യുദ്ധം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ഘടകമാണിത്.