DefenseEncyclopedia

യുദ്ധക്കപ്പലുകൾ

രാജ്യരക്ഷയ്ക്കാവശ്യമായ യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നതിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നിലവിലുള്ള സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി മുംബൈയിലുള്ള മാസഗോൺ ഡോക്കിലും കോൽക്കത്തയിലുള്ള ഗാർഡൻ റീച്ച് വർക്ക്ഷോപ്പിലും വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ ഷിപ്പ്യാഡിലും വിവിധ തരത്തിലുള്ള യുദ്ധക്കപ്പലുകൾ നിർമ്മിയ്ക്കുന്നതിനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ 1972നും 74നും ഇടയിൽ നിർമിച്ച നീലഗിരി, ഹിമഗിരി എന്നീ രണ്ടു യുദ്ധക്കപ്പലുകൾ (frigates) ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്തു കഴിഞ്ഞു.മൂന്നാമത്തെ കപ്പലായ ഉദയഗിരി പരീക്ഷണങ്ങൾ പൂർത്തിയാക്കി. മേല്പറഞ്ഞ ഫ്രിഗേറ്റുകൾ 2,400നും 3,000നും ഇടയ്ക്കു കേവുഭാരം ഉള്ളവയും, ഏറ്റവും ആധുനികവും സങ്കീർണവുമായ യുദ്ധോപകരണങ്ങൾ ഘടിപ്പിച്ചിട്ടുള്ളവയുമാണ്. വളരെ വേഗതയുള്ളതും വിവിധ ആവശ്യങ്ങൾക്ക് ഉതകുന്നതും ശക്തിയായ ആക്രമണം നടത്താൻ കഴിവുള്ളതും കൂടിയാണിവ. ഇതിനും പുറമേ ശത്രുകപ്പലുകളെ സമുദ്ര നിരപ്പിലൂടെയും വെള്ളത്തിനടിയിലൂടെയും ആകാശം വഴിയായും ആക്രമിച്ചു കീഴടക്കാൻ സാധിക്കും വിധം ഇതിൽ വിമാന വേധ മിസൈലുകൾ (anti-aircraft missiles), ശത്രുവിന്റെ മുങ്ങിക്കപ്പലുകളെ വകവരുത്തുന്നതിനുള്ള ഹെലികോപ്റ്ററുകൾ, നവീന രീതിയിലുള്ള റഡാറുകൾ, സോണാർ സിസ്റ്റം എന്നിവയെല്ലാം ഘടിപ്പിച്ചിട്ടുണ്ട്