വമ്പന്‍ ഹിപ്പോ വീരന്‍ ഹിപ്പോ
ആഫ്രിക്കയിലെ മൃഗങ്ങളില്‍ ഏറ്റവും പേടിക്കേണ്ടത് ആരെയെന്നോ? സിംഹം,പുലി,എന്നിങ്ങനെയുള്ള ഉത്തരമാണ് പറയുന്നതെങ്കില്‍ തെറ്റി. ഹിപ്പൊപ്പൊട്ടാമസാണ് ആ ഭീകരന്‍!
ഹിപ്പോകളിലെ ആണുങ്ങള്‍ വലിയ അപകടകാരികളാണ്. ആഹാരം വെറും പുല്ലാണ് എങ്കിലും തങ്ങളുടെ പ്രദേശത്തേക്ക് വരുന്ന ഏതൊരു ജീവിയേയും ആണ്‍ ഹിപ്പോ നേരിടും! മറ്റു മൃഗങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പോലും അവയുടെ സാമ്രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശനമില്ല. വെള്ളത്തില്‍ നീന്തുന്ന ഹിപ്പോ ചെറിയ ബോട്ടുകള്‍ ആക്രമിച്ചു മുക്കി യാത്രക്കാരുടെ കഥകഴിച്ച സംഭവങ്ങള്‍ വരെയുണ്ട്.
ജലാശയങ്ങളുടെ തീരപ്രദേശത്ത് കഴിയുന്ന ഹിപ്പോകള്‍ കൂടുതല്‍ സമയവും വെള്ളത്തില്‍ മുങ്ങിയാണ് കിടപ്പ്. ശരീരം തനുപ്പിക്കുന്നതോടൊപ്പം മറ്റൊരുദ്ദേശം കൂടി അതിനുണ്ട്. വെള്ളത്തിലാവുമ്പോള്‍ ശരീരത്തിന്റെ അമിതഭാരം കാലുകള്‍ക്ക് തങ്ങേണ്ടല്ലോ! ശരീരം മുങ്ങിക്കിടക്കുമ്പോഴും ഹിപ്പോയുടെ മൂക്കും,കണ്ണും,ചെവിയും വെള്ളത്തിനു പുറത്തായിരിക്കും. അരമണിക്കൂര്‍ വരെ വെള്ളത്തിനടിയില്‍ കഴിയാനും ഹിപ്പോയ്ക്ക് ബുദ്ധിമുട്ടില്ല. നദിയുടെയോ തടാകത്തിന്റെയോ അടിത്തട്ടിലൂടെ ഹിപ്പോ കൂളായിട്ടു നടക്കും.
രാത്രിസമയം കരയില്‍ കയറുന്ന ഹിപ്പോകള്‍ പുല്ല് അന്വേഷിച്ചു യാത്ര തുടങ്ങും. 3 കിലോമീറ്റര്‍ വരെ ഈ ഭീമന്മാര്‍ പുല്ലിനായി സഞ്ചരിക്കാറുണ്ട്. വമ്പന്മാരായ ആണുങ്ങള്‍ തീരപ്രദേശത്ത് തങ്ങളുടെ താവളം ഉറപ്പിക്കുന്നു. ഒരാളുടെ പ്രദേശത്തേക്ക് മറ്റുള്ളവരെ അടുപ്പിക്കില്ല. അതിര്‍ത്തികാര്യത്തില്‍ ആണ്‍ ഹിപ്പോകള്‍ തമ്മില്‍ വലിയ ഏറ്റുമുട്ടലുകള്‍ നടക്കാറുണ്ട്. ശത്രുവിനെ നേരിടുന്ന പ്രധാന ആയുധം പല്ലാണ്.കൂറ്റന്‍ വായ മുഴുവനായി തുറന്ന്‍ കൂര്‍ത്ത പല്ലുകള്‍ അവ കൂടെക്കൂടെ പ്രദര്‍ശിപ്പിക്കും. അതുപയോഗിച്ചു ശത്രുവിനെ കടിച്ചു കൊല്ലാന്‍ വരെ പോരാളികള്‍ക്ക് കഴിയും. ഹിപ്പോയുടെ ഓരോ പല്ലിന്റെയും ഭാരം കൂടി കേട്ടോളൂ, 3 കിലോഗ്രാം! കുഞ്ഞുങ്ങളുള്ളപ്പോള്‍ പെണ്‍ഹിപ്പോകളും ആക്രമണകാരികളാകും. വമ്പന്‍ ഹിപ്പോകള്‍ക്ക് പതിനാറടിയിലേറെ നീളം വയ്ക്കും. നാലര ടണ്‍ ആണ് കൂടിയ ഭാരം. പെണ്‍ഹിപ്പോ രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒരു കുഞ്ഞിനെ പ്രസവിക്കും. ആറുമുതല്‍ പതിന്നാല് വര്‍ഷം വരെയെടുക്കും കുഞ്ഞിന് പ്രയപൂര്‍ത്തിയാകാന്‍.40 വയസ്സാണ് ഹിപ്പോകളുടെ ആയുസ്സ്. ആഫ്രിക്കയുടെ മിക്ക ഭാഗങ്ങളിലും ഹിപ്പൊപ്പോട്ടാമസുകളെ കാണാം.