AliensEncyclopediaMystery

ഭൂമിയില്‍ അന്യഗ്രഹജീവികളോ??

അന്യഗ്രഹജീവികള്‍ എന്ന ആശയം നമുക്ക് എപ്പോഴും കൗതുകം തോന്നിക്കുന്ന ഒന്നാണ്. ഭൂമിയില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ തുടങ്ങിയിട്ട് ഒരുപാടു കാലങ്ങള്‍ ആയി. നിര്‍ഭാഗ്യവശാല്‍ ഇതുവരെ അന്യഗ്രഹജീവികളെ കണ്ടെത്താന്‍ ആയില്ല. പക്ഷെ യഥാര്‍ത്ഥത്തില്‍ മനുഷ്യരെക്കാള്‍ ഒരുപാടു പുരോഗമിച്ച അന്യഗ്രഹജീവികള്‍ നമ്മള്‍ അറിയാതെ തന്നെ നമുക്ക് ചുറ്റും ഉണ്ടെങ്കിലോ?? അതായത് അവര്‍ മനപ്പുര്‍വ്വം നമ്മളില്‍ നിന്ന് മറഞ്ഞിരിക്കുന്നത് ആണെങ്കിലോ?? ഇത് ശരിയാണെങ്കില്‍ സൂപ്പര്‍ ഇന്റലിജന്‍ട് ആയ അന്യഗ്രഹജീവികള്‍ ചിലപ്പോള്‍ ഭൂമിയില്‍ വരികയും നമ്മള്‍ അറിയാതെ തന്നെ ഭൂമിയെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം. അവരുടെ സാങ്കേതിക വിദ്യകള്‍ എല്ലാം മനുഷ്യരെതിനെക്കാള്‍ ഒരുപാടു വ്യത്യാസം ഉള്ളതായിരിക്കാം. വലിയൊരു ഏലിയന്‍ സ്പേസ് ഷിപ്പ് നമ്മളറിയാതെ ഭൂമിക്ക് ചുറ്റും വലം വയ്ക്കുന്നു എന്നും ചന്ദ്രന്റെ മറു വശത്തും  സൂര്യന്റെ മറു വശത്തും സ്പേസ് ഷിപ്പ് മറഞ്ഞു കിടക്കുന്നു എന്നും ഒക്കെയുള്ള ഒരുപാടു കോണ്‍സ്പിറസി സിദ്ധാന്തങ്ങള്‍ നമ്മള്‍ കേട്ടിട്ടുള്ളതാണ്. പക്ഷെ ഈ കഥകളില്‍ എന്തെങ്കിലും സത്യം ഉണ്ടോ? സത്യമാണെങ്കില്‍ ഒരു വിധത്തിലും അവരുടെ സാന്നിധ്യം മനസ്സിലാക്കാന്‍ നമുക്ക് കഴിയില്ലേ??

                    സൗരയൂഥത്തില്‍ എവിടെയെങ്കിലും വലിയ ഏലിയന്‍ സ്പേസ് ഷിപ്പിന്  ഏതെങ്കിലും വിധത്തിലുള്ള  ക്ലോക്കിംഗ് ടെക്നോളജികള്‍  ഉപയോഗിച്ച് മനുഷ്യര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയാതെ മറഞ്ഞു കിടക്കാന്‍ സാധിക്കുമോ?? ക്ലോക്കിംഗ് ടെക്നോളജി എന്ന് വച്ചാല്‍ അപ്രത്യക്ഷം ആകാന്‍ ഉള്ള സാങ്കേതികവിദ്യകള്‍. ഇതൊരു അസാധ്യമായ കാര്യം അല്ല. കാരണം പ്രകാശം അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷന്‍ പുറത്തു വിടുകയോ,പ്രതിഭലിപ്പിക്കുകയോ ചെയ്യുന്ന ബഹിരാകാശവസ്തുക്കളെ മാത്രമേ ബഹിരാകാശ നിരീക്ഷകര്‍ക്ക് കണ്ടുപിടിക്കാന്‍ ആകുകയുള്ളൂ. അതുകൊണ്ട് നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റക്ടറുകളില്‍ നിന്നും എളുപ്പത്തില്‍ മറഞ്ഞിരിക്കാന്‍ ആകും. ഉദാഹരണത്തിന് നൂറു ശതമാനം നോണ്‍-റിഫ്ലക്ടിവ് ആയ അതായത് പ്രകാശത്തിന് പ്രതിഭലിക്കാന്‍ ആകാത്ത രീതിയില്‍ ഒരു സ്പേസ് ഷിപ്പ് നിര്‍മ്മിച്ചു കഴിഞ്ഞാല്‍ ഇരുണ്ട ബഹിരാകാശത്ത് വച്ച് ഇതിനെ ഒരിക്കലും കണ്ടുപിടിക്കാന്‍ കഴിയില്ല. ഇത്തരം ഒരു സാങ്കേതിക വിദ്യ നിര്‍മ്മിക്കാന്‍ മനുഷ്യര്‍ക്ക് തന്നെ പറ്റുന്ന കാര്യമാണ്. അപ്പോള്‍ നമ്മളെക്കാള്‍ പുരോഗമിച്ച അന്യഗ്രഹജീവികള്‍ക്ക് ഇത് നിസ്സരമായ കാര്യമായിരിക്കും. പക്ഷെ അങ്ങനെയെങ്കില്‍ ഈ ഏലിയന്‍സ് സ്പേസ് ഷിപ്പ് എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന് ആലോചിക്കേണ്ടിവരും. എന്തായാലും അത് സൗരയൂഥത്തിന് അകത്തുള്ള സ്പേസ് ഷിപ്പ് ആയിരിക്കില്ല കാരണം നമ്മുടെ സോളാര്‍ സിസ്റ്റത്തില്‍ ഉള്ള എല്ലാ ഗ്രഹങ്ങളേയും നമുക്ക് നന്നായിട്ട് അറിയാം. സൗരയൂഥത്തില്‍ ഉള്ള മറ്റൊരു ഗ്രഹത്തിലും അഡ്വാന്‍സ്ഡ് സിവിലൈസേഷന്‍ ഇല്ല. അപ്പോള്‍ ഇത് പുറത്തു നിന്ന് വന്ന സ്പേസ് ഷിപ്പ് ആയിരിക്കണം. പുറത്ത് എന്ന് പറയുമ്പോള്‍ മറ്റൊരു സ്റ്റാര്‍ സിസ്റെത്തില്‍ നിന്നും വന്നവര്‍.

                        പക്ഷെ നമ്മുടെ ഏറ്റവും അടുത്തുള്ള സ്റ്റാര്‍ സിസ്റ്റം ആയ പ്രോക്സിമ സെന്റുരി പോലും 4.5 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെയാണ് സ്ഥിതി ചെയ്യുന്നത്. അത്രയും ദൂരത്തു നിന്നും ഭൂമിയില്‍ എത്തണമെങ്കില്‍ തീര്‍ച്ചയായും വളരെ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു സ്പേസ് ഷിപ്പ് ഉപയോഗിക്കേണ്ടി വരും. എന്നാല്‍ ഇത്തരം ബഹിരാകാശവാഹനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരുപാട് വലിയ അളവില്‍ ഉള്ള ഊര്‍ജ്ജം ആവശ്യമാണ്.  ഉദാഹരണത്തിന് ഒരു ബൈക്കിനെ പ്രകാശത്തിന്റെ പത്തു ശതമാനം വേഗതയില്‍ ചലിപ്പിക്കണം എങ്കില്‍ പോലും കുറഞ്ഞത് പത്ത് ഹൈഡ്രജന്‍ ബോമ്പുകളുടെ ഊര്‍ജ്ജം എങ്കിലും വേണം. ഇത്രയും വലിയ അളവില്‍ ഉള്ള ഊര്‍ജ്ജം അവര്‍ ഉപയോഗിച്ചാല്‍ തീര്‍ച്ചയായും നമ്മുടെ ടെക്നോളജി ഉപയോഗിച്ച് അതിന്റെ അടയാളങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും. എന്നുവച്ചാല്‍ സൗരയൂഥത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ സ്പേസ് ഷിപ്പിനെ നമ്മള്‍ കണ്ടുപിടിക്കുമായിരുന്നു. അപ്പോള്‍ നമ്മുടെ ചിന്തയില്‍ വരുന്ന മറ്റൊരു കാര്യം ഉണ്ട്. ചിലപ്പോള്‍ വാര്‍പ്പ്ഡ്രൈവ് ടെക്നോളജി പോലെയുള്ള പ്രകാശത്തിനെക്കള്‍ വേഗതയില്‍ സഞ്ചരിക്കുന്ന ടെക്നോളജികള്‍ അവര്‍ക്ക് ഉണ്ടെങ്കിലോ??

      തീര്‍ച്ചയായും ആയിരിക്കില്ല കാരണം വാര്‍പ്പ് ഡ്രൈവ് പോലെയുള്ള ടെക്നോളജികള്‍ക്ക് നേരത്തെ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. എങ്കില്‍ അതും നമുക്ക് കണ്ടുപിടിക്കാന്‍ ആകുമായിരുന്നു. അതുകൊണ്ട് അന്യഗ്രഹജീവികളുടെ വലിയൊരു പേടകം സൗരയൂഥത്തില്‍ എവിടെയോ മറഞ്ഞു കിടക്കുന്നു എന്ന സിദ്ധാന്തം തെറ്റാണ്.

                അതുപോലെ അന്യഗ്രഹജീവികള്‍ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്കും മനുഷ്യരുടെ രൂപഭാവം ആയിരിക്കും എന്നാണ് സാധാരണയായിട്ടു നമ്മള്‍ വിചാരിക്കുന്നത്. അതിന്റെ പ്രധാന കാരണം സിനിമകള്‍ ആണ്. സിനിമയില്‍ കാണുന്ന അഡ്വാന്‍സ്ഡ് ആയ അന്യഗ്രഹജീവികള്‍ക്ക്  എല്ലാം ഏകദേശം മനുഷ്യന്റെ രൂപം തന്നെയായിരിക്കും. തല മാത്രം കുറച്ചു വലുതായിരിക്കും. എന്നാല്‍ ഇതെല്ലം മനുഷ്യരുടെ സങ്കല്പം മാത്രമാണ്. അന്യഗ്രഹജീവികളുടെ രൂപം  ഇങ്ങനെ തന്നെ ആയിരിക്കണം എന്നതിന് യാതൊരു നിര്‍ബന്ധവുമില്ല. കാരണം ഒരുപക്ഷെ അന്യഗ്രഹജീവികള്‍ ഭൂമിയെക്കാള്‍ തികച്ചും വ്യത്യസ്തമായ അവസ്ഥയും അന്തരീക്ഷവുമുള്ള ഒരു ഗ്രഹത്തില്‍ ആണ് ജീവിക്കുന്നത് എങ്കിലോ?? അവര്‍ പരിണമിച്ചതും വളര്‍ന്നതും എല്ലാം അവരുടെ ഗ്രഹത്തില്‍ ലഭ്യമായ സ്രോതസ്സുകള്‍ ഉപയോഗിച്ചിട്ടയിരിക്കും. അങ്ങനെയെങ്കില്‍ അവര്‍ക്ക് നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ തികച്ചും വ്യത്യസ്തമായ രൂപം ആയിരിക്കും ഉള്ളത്. ചിലപ്പോള്‍ അവരെ കാണുമ്പൊള്‍ ജീവന്‍ ഇല്ലാത്ത ഒരു വസ്തുവയിട്ടയിരിക്കും നമുക്ക് തോന്നുന്നത്. എന്നാല്‍ ഇവിടെ ആലോചിക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. ഒരുപക്ഷെ അന്യഗ്രഹജീവികള്‍ നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ വളരെ വളരെ ചെറുതാണെങ്കിലോ?? അതായത് ബാക്ടീരിയകളെ പോലെയുള്ള സൂക്ഷ്മ ജീവികള്‍ ആണെങ്കിലോ? ബാക്ടീരിയകളെ ഒന്നും നമുക്ക് മൈക്രോസ്കോപ്പിന്റെ സഹായമില്ലാതെ കാണാന്‍ പോലും കഴിയില്ല. ഇനി ബാക്ടീരിയകളെക്കള്‍ ആയിരം മടങ്ങ്‌ വലിപ്പം ഉണ്ടെങ്കിലും അതിന് ഒരു മണല്‍ തരിയോളം വലിപ്പമേ ഉണ്ടാകു. അങ്ങനെയെങ്കില്‍ അത്തരത്തില്‍ ഉള്ള ഒരു നൂറു അന്യഗ്രഹജീവികള്‍ നമ്മുടെ വീട്ടില്‍ ഉണ്ടെങ്കില്‍ പോലും നമുക്ക് കണ്ടുപിടിക്കാന്‍ ആകില്ല.

                        പക്ഷെ ഇന്റലിജന്‍ട് ആയ ഇത്തരം ജീവികള്‍ക്ക് ചെറുതയിരിക്കാന്‍ പറ്റുമോ? ഡിഎന്‍എ അല്ലെങ്കില്‍ അതിന് തുല്യമായ ജീവശാസ്ത്രം ഉള്ള ജീവികള്‍ ആണെങ്കില്‍ തീര്‍ച്ചയായും അവയ്ക്ക് ഇത്രയും വലിപ്പം കുറവായിരിക്കാന്‍ ആകില്ല. കാരണം വളരെയധികം ബുദ്ധിയുള്ള ജീവികള്‍ക്ക് ആവശ്യമായ കോശങ്ങള്‍ക്ക് ഒരിക്കലും ഇത്രയും ചെറുതായിരിക്കാന്‍ പറ്റില്ല. പക്ഷെ അന്യഗ്രഹജീവികളുടെ ശരീരഘടനയും ജീവശാസ്ത്രവും എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് ഭൂമിയിലെ ജീവന്റെ അടിസ്ഥാനം കാര്‍ബണ്‍ ആണ്. ഒരുപക്ഷെ മറ്റൊരു ഗ്രഹത്തിലെ ജീവന്റെ അടിസ്ഥാനം സിലിക്കണാണെങ്കിലോ? ഒരു പക്ഷെ ക്വാണ്ടം കമ്പ്യൂട്ടിംഗ് പോലെയുള്ള ടെക്നോളജികള്‍ ആണ് അവര്‍ ഉപയോഗിക്കുന്നത് എങ്കിലോ? അങ്ങനെയെങ്കില്‍ മണല്‍ തരികളുടെ വലിപ്പം ഉള്ള അന്യഗ്രഹജീവികള്‍ക്ക് പോലും സൂപ്പര്‍ ഇന്റലിജന്റ് ആകാന്‍ കഴിയും. അതുപോലെ അവരുടെ സ്പേസ് ഷിപ്പും വളരെ ചെറുതായിരിക്കും അപ്പോള്‍ അതില്‍ നിന്നും വരുന്ന ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷനും നമുക്ക് കണ്ടുപിടിക്കാന്‍ ആകില്ല.

   അതുപോലെ തന്നെ അന്യഗ്രഹജീവികളെ കുറിച്ച് ആലോചിക്കേണ്ട മറ്റൊരു കാര്യം ഉണ്ട്. സമയം മുന്നോട്ടു പോകുന്ന കണക്ക് അവര്‍ക്കും നമുക്കും ഒരുപോലെ തന്നെ ആയിരിക്കുമോ എന്നതാണ് ആലോചിക്കേണ്ടത്.  ഉദാഹരണത്തിന് ഒരു സെക്കന്റ് എന്നത് നമുക്ക് വളരെ ചെറിയ സമയമാണ്.  പക്ഷെ ഒന്ന് ആലോചിച്ചു നോക്കിയാല്‍ ഭൂമിയുടെ റോട്ടേഷന്റെ അടിസ്ഥാനത്തില്‍ ആണ് നമ്മള്‍ സമയത്തിനെ പരിഗണിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ആണ് മനുഷ്യര്‍ പരിണമിച്ചതും. ഗുഹാമനുഷ്യര്‍ ആയ നമ്മുടെ മുന്‍ഗാമികള്‍ പകല്‍ സമയത്ത് വേട്ടയാടി ആഹാരം കണ്ടെത്തുന്നതും രാത്രിയില്‍ വിശ്രമിക്കുന്നതും ഭൂമിയുടെ റോട്ടേഷന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു. ഒരുപക്ഷെ അന്യഗ്രഹജീവികളുടെ ഗ്രഹത്തില്‍ ഉള്ള സമയദൈര്‍ഖ്യം കുറവാണെങ്കിലോ? അതായത് അവിടെ സമയം വളരെ വേഗതയില്‍ ആണ് ചാലിക്കുന്നത് എങ്കിലോ? അങ്ങനെയെങ്കില്‍ നമ്മുടെ ഒരു സെക്കന്റ് അവരുടെ ഒരു മണിക്കൂറും ഒരു ദിവസവും ഒക്കെ ആയിരിക്കും. അങ്ങനെയെങ്കില്‍ നമ്മള്‍ കണ്ണടച്ചിട്ടു തുറക്കുന്നതിനു മുന്പ് തന്നെ അവര്‍ക്ക് നമ്മുടെ മുന്‍പില്‍ വന്നു നമ്മളെ മൊത്തം നിരീക്ഷിച്ചിട്ടു പോകാന്‍ കഴിയും.

               അങ്ങനെയെങ്കില്‍ നമുക്ക് ഒരിക്കലും അവരെ കണ്ടുപിടിക്കാന്‍ ആകില്ലേ? എന്തെങ്കിലും തരത്തില്‍ ഉള്ള ഒരു ചെറിയ തെളിവെങ്കിലും കിട്ടില്ലേ? ഒരുപക്ഷെ അന്യഗ്രഹ ജീവികള്‍ പ്രകാശവേഗതയോട് അടുത്ത് വേഗതയുള്ള ബഹിരാകാശവാഹനത്തില്‍ ആണ് ഇവിടെ എത്തിയത് എങ്കില്‍ ആ ഊര്‍ജ്ജത്തിന്റെ അടയാളങ്ങള്‍ വച്ച് അവയെ കണ്ടുപിടിക്കാന്‍ പറ്റും. പക്ഷെ പ്രകാശത്തിന്റെ പത്തു ശതമാനം വേഗതയില്‍ ആണ് വന്നതെങ്കിലോ? ഒരുകാരണവശാലും അത്രയും ചെറിയ റേഡിയേഷന്‍ കണ്ടുപിടിക്കാന്‍ നമുക്ക് ആകില്ല. എന്നാല്‍ ഇത്രയും ചെറിയ വേഗതയില്‍ വന്നാല്‍ പ്രോക്സിമ സെന്റുറിയില്‍ നിന്ന് പോലും ഇവിടെ എത്തണമെങ്കില്‍  പോലും കുറഞ്ഞത് 100 വര്‍ഷങ്ങള്‍ എങ്കിലും സമയം എടുക്കും. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും അവര്‍ നേരിട്ട് ഇവിടെ വരില്ല. പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റല്ലിജന്‍സ് ഉള്ള ചെറിയ നാനോ റോബോട്ടുകളെ ആയിരിക്കും അവര്‍ ഇവിടേക്ക് അയക്കുന്നത്. ഭാവിയില്‍ മനുഷ്യരാശിക്ക് സൗരയൂഥത്തിന് പുറത്ത് മറ്റൊരു ഗ്രഹം കണ്ടുപിടിക്കേണ്ട അവസ്ഥ ഉണ്ടായാല്‍. മനുഷ്യരെ അയക്കുന്നതിനു പകരം ഇത്തരം റോബോട്ടുകളെ ആയിരിക്കും അയക്കുന്നത്. ചെറിയ നാനോ റോബോട്ടുകള്‍ ആയിരിക്കും അത്. കാരണം ചെറിയ ഊര്‍ജ്ജം ഉപയോഗിച്ച് വലിയ വേഗതയില്‍ സഞ്ചരിക്കും. അയോണ്‍ ഡ്രൈവ് പോലെയുള്ള ടെക്നോളജികള്‍ ഉപയോഗിച്ചാല്‍ സ്പേസ് ഷിപ്പുകള്‍ക്ക് ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ആകും. അതായത് 90 km/s വേഗതയില്‍ വരെ ചലിക്കും. പക്ഷെ ഇന്റര്‍സെല്ലാര്‍ യാത്ര ചെയ്യാന്‍ അത്രയും ഊര്‍ജ്ജം മതിയാകില്ല. എന്നാല്‍ നാസ പുതിയൊരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്നുണ്ട് അതാണ് ഇലക്ട്രോമാഗ്നറ്റിക് ഡ്രൈവ്. പ്രകാശത്തിന്റെ പത്ത് ശതമാനം  വേഗതയില്‍ സഞ്ചരിക്കാന്‍ ഈ ടെക്നോളജിക്ക് കഴിയുമെന്നാണ് നാസ പറയുന്നത്. എങ്കില്‍ ഏകദേശം നൂറു വര്‍ഷങ്ങള്‍ കൊണ്ട് പ്രോക്സിമ സെന്റുറിയില്‍ എത്തും.

         മനുഷ്യരെക്കാള്‍ പുരോഗമിച്ച അന്യഗ്രഹജീവികള്‍ക്ക് ഭൂമിയെ നിരീക്ഷിക്കണമെന്ന് തോന്നിയാല്‍ അവര്‍ തീര്‍ച്ചയായും നമ്മളെ തേടിയെത്തും. ഒരുപക്ഷെ നേരത്തെ തന്നെ അവര്‍ ഇവിടെ എത്തിയിട്ടുണ്ടായിരിക്കും. ഇവിടെ മനസ്സിലാക്കേണ്ടത് അഥവാ നമ്മളെത്തേടി നേരത്തെ തന്നെ അവര്‍ ഇവിടെ എത്തിയെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ള നാനോ റോബോട്ടുകള്‍ ആയിരിക്കും. അല്ലാതെ സിനിമയില്‍ കാണുന്നത് പോലെ ഉള്ള അന്യഗ്രഹജീവികള്‍ ആയിരിക്കില്ല. ഇപ്പോള്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കോണ്‍ഷ്യസ്നസ്സും ഉള്ള റോബോട്ടുകളെ നിര്‍മ്മിക്കാന്‍ നമുക്ക് കഴിയും. നാനോ റോബോട്ടുകളെ നിര്‍മ്മിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഭാവിയില്‍ ഇത്തരം റോബോട്ടുകളെ ഉപയോഗിച്ച് ബഹിരാകാശഗവേഷണം നടത്തുന്നത് നമുക്ക് വളരെ ഫലപ്രധമാണ്.

   അന്യഗ്രഹത്തില്‍ നിന്ന് വന്ന ഇത്തരം നാനോ റോബോട്ടുകള്‍ ഭൂമിയില്‍ ഉണ്ടായിരിക്കുമോ എന്ന് ചോദിച്ചാല്‍ ശാസ്ത്രത്തിന്റെ കാഴ്ച്ഛപ്പാടില്‍ നിന്ന് പറയുകയാണെങ്കില്‍ സാധ്യത ഉണ്ടെന്ന് തന്നെ പറയേണ്ടി വരും.  പക്ഷെ അവയുടെ ദൗത്യം എന്താണെന്നു ആലോചിച്ചാല്‍ സിനിമയില്‍ കാണുന്നതുപോലെ ഭൂമിയെ നശിപ്പിക്കാനോ,കീഴടക്കാനോ ഒന്നും ആയിരിക്കില്ല പകരം ഭൂമിയെ കുറിച്ചും ഭൂമിയില്‍ ഉള്ള ജീവനെ കുറിച്ചും പഠിക്കാന്‍ വേണ്ടി ആയിരിക്കും അവര്‍ വരുന്നത്. കാരണം ഇപ്പോള്‍ തന്നെ നമ്മള്‍ അന്യഗ്രഹജീവികളെ അന്വേഷിക്കുന്നത് അവരെ കീഴടക്കാനോ നശിപ്പിക്കാനോ ഒന്നും അല്ല. പകരം അറിയാന്‍ ഉള്ള ആകാംഷ കൊണ്ടാണ് മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ ഉണ്ടോ എന്ന്‍ അന്വേഷിക്കുന്നത്. അപ്പോള്‍ മാത്രമേ പ്രപഞ്ചത്തിനെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കു. മാത്രമല്ല അന്യഗ്രഹജീവികളെ കണ്ടുപിടിച്ചാല്‍ നമ്മുടെയും അവരുടെയും പരിണാമം താരതമ്യപ്പെടുത്തിയാല്‍ നമുക്ക് പിന്നെയും ഒരുപാട് അറിവുകള്‍ നേടാനാകും.