EncyclopediaInsectsWild Life

വയങ്കതന്‍

വയങ്കത എന്നു പേരുള്ള മരത്തിന്റെ ഇലകളില്‍ മുട്ടയിടുന്ന ഒരു പ്രത്യേകയിനം ശലഭമുണ്ട്. ഇവയെ വയങ്കതന്‍ എന്നാണു പൊതുവേ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ അത്ര സുന്ദരക്കുട്ടപ്പനൊന്നുമല്ല ഈ മഞ്ഞ കലര്‍ന്ന ചാര നിറക്കാരന്‍ ശലഭം. സഹ്യപര്‍വ്വത പ്രദേശങ്ങളിലാണ്. വയങ്കതന്‍ ശലഭത്തെ ധാരാളമായി കണ്ടുവരുന്നത്. നാട്ടിന്‍ പുറങ്ങളിലും ചിലപ്പോള്‍ ഇവയെ കാണാറുണ്ട്.

 തണലും തണുപ്പും ഇഷ്ടപ്പെടുന്നവരാണ് വയങ്കതന്‍ ശലഭങ്ങള്‍. താഴ്ന്ന്‍ പറക്കുന്ന കൂട്ടരാണ് ഇവര്‍. വേഗത്തില്‍ പറക്കാനും ഇക്കൂട്ടര്‍ക്ക് കഴിയില്ല.പൂക്കളില്‍ നിന്ന് തേനുണ്ണാനാണ് ഇവയ്ക്ക് താത്പര്യം. ആണ്‍ശലഭങ്ങള്‍ കൂട്ടത്തോടെ മണ്ണില്‍ വന്നിരിക്കുന്നവരാണ്.വയങ്കതന്റെ ചിറകില്‍ മുകളറ്റത്ത് ഇരുണ്ട കറുപ്പും നടുവില്‍ വെള്ള കലര്‍ന്ന മഞ്ഞനിറവുമാണ്.

 വേനല്‍ക്കാലത്താണ് ഇവ മുട്ടയിടുന്നത്. അതിനുകാരണം ഇവയ്ക്കു പ്രിയപ്പെട്ട വയങ്കത പൂക്കുന്നത് ഈ സമയത്താണ്. ഇവയുടെ മുട്ടകള്‍ക്ക് മഞ്ഞ നിറമാണ്‌.

 ഇവയുടെ ശലഭപ്പുഴുവിനു തവിട്ടുനിറമാണ്‌. എന്നാല്‍ അവയുടെ തലഭാഗത്തിനു മാത്രം മഞ്ഞനിറമാണ്‌. പുഴുവിന്റെ ദേഹത്ത് മുള്ളുകളുണ്ട്‌.പ്യൂപ്പയ്ക്ക് പച്ചനിറമാണ്. അതില്‍ തിളങ്ങുന്ന സ്വര്‍ണ്ണപ്പുള്ളികളും വെള്ളിപ്പുള്ളികളും ഉണ്ടാവും. ഇവയുടെ പ്യൂപ്പയെ കാണാന്‍ മനോഹരമാണ്.