ഉറുമ്പുകളുടെ കുറുമ്പുകള്‍
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉറുമ്പ്കടിയേല്‍ക്കാത്തവര്‍ കാണില്ല.പഞ്ചസാരപ്പാത്രത്തില്‍ നുഴഞ്ഞുകയറുന്ന ഉറുമ്പ് പടയെക്കൊണ്ട് വിഷമിക്കാത്ത വീട്ടമ്മമാരും ചുരുക്കമായിരിക്കും, മനുഷ്യരും, ഉറുമ്പുകളും അത്രമാത്രം അടുത്തിടപഴകുന്നവരാണ്,പലപ്പോഴും ഒരു ശല്യമായി മാത്രം കരുതുന്ന ഉറുമ്പുകള്‍ നമുക്ക് വളരെയധികം ഉപകാരം ചെയ്യുന്നുണ്ട്.വിളികളെ നശിപ്പിക്കുന്ന ചെറുജീവികളെ ഉറുമ്പുകള്‍കൊന്നൊടുക്കുന്നു, മണ്ണിനെ വായുസഞ്ചാരമുള്ളതാക്കുന്നതില്‍ ഉറുമ്പുകള്‍ക്കും പങ്കുണ്ട്, ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്ള കോളനികളിലാണ് മിക്ക ഉറുമ്പുകളുടെയും താമസം അവയുടെ സ്ഥിരോല്‍സഹവും, അദ്ധ്വാനശീലവും മനുഷ്യര്‍ കണ്ടു പഠിക്കേണ്ടതു തന്നെ,ഓരോ കോളനിയിലും ഒരു റാണിയും, ധാരാളം വേലക്കാരും, പട്ടാളകാരും കാണും, മണ്ണിനടിയിലും, മരപ്പൊത്തുകളിലും ഇലക്കൂടുകളിലുമൊക്കെ കഴിയുന്ന പലതരം ഉറുമ്പുകളുണ്ട്.
വീട്ടിനകത്തെ’ പതിവു സന്ദര്‍ശകരായ ചുവന്ന ഉറുമ്പുകളെ കൂട്ടുകാര്‍ അറിയാതെ വരില്ല, ഭയങ്കര കടിയന്മാ രാണിവര്‍, എപ്പോഴും ഓടിനടക്കുന്ന കരിയുറുമ്പുകളെ കണ്ടിട്ടില്ലേ? ഇവര്‍ കടിയ്ക്കാറില്ല. ദേഹത്തുകയറിയാല്‍ ഇക്കിളിയാകും അതിനാലിവരെ ഇക്കിളിയുറുമ്പുകള്‍ എന്ന് വിളിക്കാറുണ്ട്, മഴക്കാലത്ത് ധാരാളമായി കാണുന്ന മറ്റൊരു തരം കറുത്ത ഉറുമ്പുകള്‍ കൂനിക്കൂടി നടക്കുന്നപോലെ തോന്നും കൂനിയനുറുമ്പുകള്‍ എന്നാണിവയെ ചിലര്‍ വിളിക്കുന്നത്, മരം കയറുമ്പോള്‍ ചറുപിറെ കടിച്ച് വരവേല്‍ക്കുന്ന നീര് മിശിര് എന്നൊക്കെ അറിയപ്പെടുന്ന ചുവന്ന ഉറുമ്പുകളെ പരിചയമില്ലാത്തവര്‍ കാണില്ല.ഒറ്റയാന്മാരായ കട്ടുറുമ്പുകളുടെ കടികിട്ടിയാല്‍ നക്ഷത്രമെണ്ണിപ്പോകും ഇതെല്ലാം വെറും നാട്ടുറുമ്പുകള്‍ എന്നാല്‍ നാമറിയാത്ത പലതരം കാട്ടുറുമ്പുകള്‍ ഉണ്ട്.
ലോകത്തിന്‍റെ മറ്റു ചില ഭാഗങ്ങളില്‍ കാണപ്പെടുന്ന ഏതാനും ഉറുമ്പാശാന്മാരെ പരിചയപ്പെടാം, പട്ടാളക്കാരെപ്പോലെ ചിട്ടയായി മാര്‍ച്ചു ചെയ്തു വരുന്ന ലക്ഷകണക്കിന് അംഗങ്ങളുള്ള ഉറുമ്പ് പടയെ കണ്ടാല്‍ ആഫ്രിക്കയിലെ ചില ഗ്രാമങ്ങളില്‍ നിന്ന് ആളുകള്‍ ഓടിപ്പോകാറുണ്ടത്രേ, അവ ഒരു പ്രദേശം ആക്രമിച്ചാല്‍ ജീവനുള്ള ഒന്നും പിന്നെയവിടെ ബാക്കികാണില്ല.
തെക്കേ അമേരിക്കയിലെ ഇലമുറിയന്‍ ഉറുമ്പുകള്‍ വലിയ മരങ്ങളുടെ ഇലകള്‍ ചെറുതായി മുറിച്ചിടും, എന്നിട്ട് ഓരോ കഷണവും ചുമന്ന് മണ്ണിനടിയിലെ മാളത്തിലെത്തിക്കും. അവിടെ പ്രത്യേക അറകളില്‍ ഇവയടുക്കിവയ്ക്കും, വിശക്കുമ്പോള്‍ അല്പാല്പം തിന്നാനൊന്നുമല്ല കേട്ടോ. അഴുകിത്തുടുങ്ങുന്ന ഇലകള്‍ക്ക് മീതേ ചില പൂപ്പലുകളെ ഉറുമ്പുകള്‍ വളര്‍ത്തുമത്രേ! ഇതാണവയുടെ ഇഷ്ടഭക്ഷണം, ഇത്തരം കൃഷിക്കാര്‍ ഉറുമ്പുവര്‍ഗത്തില്‍ വേറെയുമുണ്ട്.
ഉറുമ്പുകളില്‍ കാലിവളര്‍ത്തു കാരുമുണ്ട്, ചെടികളില്‍ കാണുന്ന അഫിഡ് വര്‍ഗത്തില്‍പ്പെട്ട ചില പ്രാണികള്‍ തേന്‍ പോലുള്ള ഒരു ദ്രാവകം ഉണ്ടാക്കാറുണ്ട്, ചിലതരം ഉറുമ്പുകള്‍ ഇവയുടെ മുട്ട കൂട്ടില്‍ കൊണ്ടുപോകും.എന്നിട്ട് പ്രാണികുഞ്ഞുങ്ങളെ കന്നുകാലികളെപ്പോലെ കൂടുകളിലെ ചില പ്രത്യേക തൊഴുത്തുകളില്‍ വളര്‍ത്തും ഇവയില്‍ നിന്ന് ഉറുമ്പുകള്‍ തേനെടുക്കാന്‍ മറക്കില്ല. ഈ കാലികള്‍ക്ക് ഉറുമ്പുകള്‍ ധാരാളം ഭക്ഷണവും കൊടുക്കും.തേന്‍ കൊതിയന്‍മാരായ വേറെ ചില ഉറുമ്പുകള്‍ ഉണ്ട്.ഇവ തേന്‍ ശേഖരിച്ച് കൂട്ടില്‍ കൊണ്ടുവരും എന്നിട്ട് ചില വേലക്കാരെ നിര്‍ബന്ധിച്ച് തേന്‍ കുടിപ്പിക്കും, കുടിച്ച് കുടിച്ച് ഇവ കുടം പോലെ വീര്‍ക്കും, ജീവനുള്ള ഈ തേന്‍ കുടങ്ങളെ കൂടിന്റെ ഭിത്തിയില്‍ തൂക്കിയിടും.ക്ഷാമകാലത്ത് ഇതില്‍നിന്ന് അല്പാല്പം കഴിക്കുകയും ചെയ്യും.
ഉറുമ്പുകള്‍ക്കിടയില്‍ ചില്ലറ മോഷണം തൊഴിലാക്കിയവരുണ്ട്. മറ്റുറുമ്പുകളുടെ കൂട്ടിലെ ഭക്ഷണം ഇവര്‍ കട്ടെടുക്കും, വേറെ ചില സൂത്രക്കാര്‍ അയല്‍ക്കാരായ ഉറുമ്പുകളുടെ കൂട്ടില്‍ വിരുന്നു ചെല്ലും, ഉടനെയൊന്നും മടങ്ങിപ്പോകില്ലെന്നുമാത്രം, മാന്യന്മാരായ ആതിഥേയര്‍ ഇവരെ നിര്‍ബന്ധിച്ച് പറഞ്ഞു വിടാറുമില്ല.
പുതിയ കോളനിയുണ്ടാക്കാന്‍ മറ്റുള്ള കൂട്ടില്‍ നിന്ന് ഉറുമ്പുകളെ തട്ടിക്കൊണ്ടു വന്ന് അടിമകളാക്കി പണിയെടുപ്പിക്കുന്ന ഭീകരന്മാരും ഉറുമ്പുകള്‍ക്കിടയിലുണ്ട്. വളരെ രസകരമാണ് ഈ ഇത്തിരിക്കുഞ്ഞന്മാരുടെ ലോകം.