EncyclopediaInsectsWild Life

സൗന്ദര്യത്തിന്റെ ചിറകുകള്‍

മനുഷ്യന്റെ സ്വപ്നത്തിലും സങ്കല്‍പ്പത്തിലും ചിത്രശലഭം ആഹ്ലാദത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രസരിപ്പിന്റെയും ചിഹ്നമാണ്. ഇംഗ്ലിഷിലെ പ്രസിദ്ധമായ ആ നഴ്സറി ഗാനം പോലെ.
“Butter Flies are Pretty things
Prettier than you or I”
മഹാകവി കുമാരനാശാന്‍ പൂവള്ളിയില്‍ നിന്നും പറന്നുപോകുന്ന മനോഹരമായ പൂക്കളായിട്ടാണ് ചിത്രശലഭങ്ങളെ കണ്ടത്. പൂക്കളും പൂമ്പാറ്റകളും തമ്മിലുള്ള സൗഹൃദം ഭാവനയുടെ ലോകത്ത് മാത്രമല്ല. ശാസ്ത്രവും ആ സത്യത്തെ ശരി വയ്ക്കുന്നു. പൂക്കളുള്ള ചെടികള്‍ ഉണ്ടായ കാലം മുതല്‍ തന്നെ പൂമ്പാറ്റകളും ഭൂമിയില്‍ ഉണ്ടായി എന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.
ചിത്രശലഭങ്ങള്‍ ഭൂമുഖത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ കാലത്ത് മനുഷ്യര്‍ ആവിര്‍ഭവിച്ചിട്ടില്ല. ആദ്യത്തെ ചിത്രശലഭം പാറിപ്പറന്നു ആയിരത്തോളം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആദ്യത്തെ മനുഷ്യന്‍ ഭൂമിയില്‍ പിച്ചവയ്ക്കാന്‍ തുടങ്ങിയത്. ഇത് തെളിയിക്കുന്ന ഫോസിലുകള്‍ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിക്കഴിഞ്ഞു.
ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള ജീവികളിലൊന്നായ ചിത്രശലഭത്തിന്റെ ജീവിതചക്രം കൌതുകമുണര്‍ത്തുന്നതാണ്. ഒരു ശലഭവും ശലഭമായി ജനിക്കുന്നില്ല. തികച്ചും വ്യത്യസ്തമായ നാല് ദശകളാണ് പൂമ്പാറ്റയുടെ ജീവിതത്തിനുള്ളത്. മുട്ട വിരിഞ്ഞു ശലഭപ്പുഴു പുറത്തുവരുന്നു. തീറ്റ മാത്രമാണ് ഇക്കാലത്ത് ഇവയുടെ ജോലി. ഇക്കാലത്ത് അഞ്ചു തവണയോളം ഇവ പുറംതൊലി പൊഴിച്ച്കളയുന്നു. ഒടുവില്‍ പൂര്‍ണവളര്‍ച്ചയെത്തിക്കഴിയുമ്പോള്‍ പുഴു ജീവിതത്തിന്റെ അടുത്ത ദശയിലേക്ക് നീളുന്നു. ജീവലോകത്തെ ഏറ്റവും കൗതുകകരകമായ അവസ്ഥയിലാണ്- പ്യൂപ്പ. ആഴ്ച്ചകളോ മാസങ്ങളോ നീളുന്ന ആ സമാധിയില്‍ നിന്ന് പുറത്തു വരുന്നത് പഴയ തീറ്റപ്രിയനായ പുഴുവല്ല. സൗന്ദര്യത്തിന് ചിറകുമുളച്ചതുപോലുള്ള ഒരു ശലഭമായിരിക്കും. പ്യൂപ്പക്കൂട്ടില്‍നിന്ന് പുറത്തു വന്നാല്‍ പിന്നെ ഒരൊറ്റ മണിക്കൂറെ വേണ്ടൂ. ലോകത്തിനു സൗന്ദര്യം പകര്‍ന്നുകൊണ്ട് പൂക്കളില്‍നിന്ന് പൂക്കളിലെക്ക് അവ പാറിപ്പറക്കുകയായി.
ആയുസ്സിന്റെ കാര്യത്തില്‍ ചിത്രശലഭങ്ങള്‍ അത്ര ഭാഗ്യവാന്മാരല്ല. ഏതാനും ആഴ്ചകള്‍ മാത്രമണ്‌ മിക്ക ശലഭങ്ങളും ജീവിച്ചിരിക്കുന്നത്. ശലഭക്കുടുംബത്തിലെ ദീര്‍ഘായുസ്സുള്ളവ പോലും ഒരു വര്‍ഷം തികച്ചു ജീവിചിരിക്കാറില്ല. മറ്റു ജീവികളെപ്പോലെ തന്നെ വമ്പന്മാരും കുഞ്ഞന്മാരും ശലഭങ്ങളുടെ കുടുംബത്തിലുമുണ്ട്. 250 മില്ലി മീറ്ററോളം വലിപ്പമുള്ള ക്വീന്‍ അലക്സാണ്ട്രാസ്ബേര്‍ഡ് വിങ് മുതല്‍ 20 മില്ലി മീറ്ററോളം മാത്രം ചിറകളവുള്ള രത്നനീലി വരെ!
മാരകമായ കീടനാശിനികളുടെ പ്രയോഗം മൂലം പലയിനം ചിത്രശലഭങ്ങളും വംശനാശത്തിന്റെ വഴിയിലൂടെയുള്ള യാത്രയിലാണ്.