EncyclopediaMysterySpace

പെട്ടെന്ന് ചന്ദ്രന്‍ അപ്രത്യക്ഷമായാല്‍  എന്ത് സംഭവിക്കും??

പെട്ടെന്ന് ഒരു ദിവസം ചന്ദ്രന്‍ അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും. പെട്ടെന്ന് ആരും ഇതിനെ പറ്റി ചിന്തിച്ചു കാണില്ല. ചന്ദ്രന്‍ ഇല്ലെങ്കിലും ഭൂമിക്കു കുഴപ്പം ഒന്നും ഇല്ല എന്നാണ് പലരുടെയും ധാരണ. പക്ഷെ ചന്ദ്രന് നാം വിചാരിക്കുന്നതിനേക്കാള്‍ വളരെയധികം പ്രാധാന്യം ഉണ്ട്.

                                     രാത്രിയില്‍ ആകാശത്തു നോക്കുമ്പോള്‍ തിളങ്ങി നില്‍ക്കുന്ന ചന്ദ്രനെ കാണാന്‍ വളരെ മനോഹരമാണ്. അതിപ്പോള്‍ പൂര്‍ണ്ണ ചന്ദ്രന്‍ ആയിരുന്നാലും അര്‍ദ്ധ ചന്ദ്രന്‍ ആയിരുന്നാലും അതിന്റെ മനോഹാരിത അതുല്യമാണ്. പക്ഷെ ചന്ദ്രന്‍ ഇല്ലാത്ത ഭൂമിയുടെ അവസ്ഥ നമ്മള്‍ ആലോചിച്ചു നോക്കുമ്പോള്‍ ആണ് ചന്ദ്രന്‍ എന്തുമാത്രം പ്രധാനപ്പെട്ടത് ആണെന്ന് മനസ്സിലാകുന്നത്. പണ്ടൊരിക്കല്‍ ഭൂമിക്കു ചന്ദ്രന്‍ ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു. ശാസ്ത്രഞ്ജര്‍ പറയുന്നത് സൗരയൂഥം ഉണ്ടായ കാലത്ത് അതായത് 450 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ ഭ്രമണപഥത്തില്‍ ചൊവ്വാ ഗ്രഹത്തിന്റെ വലിപ്പമുള്ള മറ്റൊരു ഗ്രഹം ഉണ്ടായിരുന്നു. തിയ(Theia) എന്നായിരുന്നു ഈ ഗ്രഹത്തിന്റെ പേര്. ഈ ഗ്രഹം ഗുരുത്വകര്‍ഷണബലത്തിന്റെ ശക്തി കാരണം ഭൂമിയുമായി കൂട്ടി മുട്ടുകയും ഭൂമിയുടെ ഒരു വലിയ ഭാഗം അടര്‍ന്നു പോകുകയും ചെയ്തു. അടര്‍ന്നു പോയ ഈ ഭാഗമാണ് പിന്നീട് ചന്ദ്രനായി രൂപാന്തരപ്പെട്ടത്. അതിന് ശേഷം ഭൂമിക്കു കൂട്ടായി എപ്പോഴും ചന്ദ്രനും കൂടെ ഉണ്ട്. പക്ഷെ ചന്ദ്രന്‍ ഇല്ലാതായാല്‍ ഭൂമിക്കു എന്ത് സംഭവിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

         ഭൂമിയിലെ സകല ജീവനെയും നശിപ്പിക്കാന്‍ തക്ക ശക്തിയുള്ള പല ദുരന്തങ്ങളും നമ്മള്‍ സിനിമകളില്‍ കണ്ടിട്ടുള്ളത് ആണെങ്കിലും. ഒരുപക്ഷെ അതിനേക്കാള്‍ ഭയാനകം ആയിരിക്കും ചന്ദ്രന്‍ ഇല്ലാതായാല്‍ ഭൂമിയുടെ അവസ്ഥ. ഇങ്ങനെ ഒരു ദുര്‍വിധിയെ കുറിച്ചു പറയുന്നതിന് മുമ്പ്. ഭൂമിക്കു ചന്ദ്രന്‍ എന്ത് മാത്രം പ്രധാനപ്പെട്ടത് ആണെന്ന് നോക്കാം,

 ഭൂമിയില്‍ ജീവന്‍ ഉണ്ടാകാന്‍ ഉള്ള ഉത്തമമായ സാഹചര്യങ്ങള്‍ ഉണ്ടായത് ചന്ദ്രന്‍ കാരണം ആണ്. നമ്മുടെ ഗ്രഹത്തില്‍ ആദ്യ ജീവന്‍ രൂപം കൊണ്ടത് കടലില്‍ ആണ്. അതുകൊണ്ട് കടലില്‍ നിന്ന് തന്നെയാണ് എല്ലാ ജീവന്റെയും ആരംഭം. വളരെ കാലങ്ങള്‍ക്ക് ശേഷമാണു കരയില്‍ ചെടികളും മറ്റു ജീവികളും പരിണാമഫലമായി ഉണ്ടായത്. പക്ഷെ ഇവിടെ ചന്ദ്രന് എന്താണ് പ്രസക്തി എന്ന് നമ്മള്‍ ആലോചിക്കും. ഇവിടെ ചന്ദ്രന്റെ ഗുരുത്വകര്‍ഷണബലത്തിന് ആണ് പ്രത്യേകത. ഭൂമിയുടെ മേല്‍ ചന്ദ്രനുള്ള ഏറ്റവും കൂടുതല്‍ അധികാരവും സ്വാധീനവും അതുതന്നെയാണ്. ഈ ഗുരുത്വകര്‍ഷണബലം ഭൂമിയിലെ കടലുകളെ എല്ലാം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യും. അങ്ങനെ സമുദ്രചലനം ഉണ്ടാകുകയും അതിന്റെ ഫലമായി തിരമാലകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ തിരമാലകള്‍ ഉണ്ടാകുമ്പോള്‍ കടലില്‍ ഉള്ള ചെടികളും ജീവികളും കരയില്‍ വന്നു അടിയും. അപ്പോള്‍ കടല്‍ കരയില്‍ ഉള്ള പാറകളിലും ഈ ജീവികള്‍ പറ്റിച്ചേര്‍ന്നു ഇരിക്കും.

കോടി കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ കരയില്‍ എത്തിയ സസ്യജാലങ്ങള്‍ക്കും ജീവജലങ്ങള്‍ക്കും വെറും രണ്ടു മാര്‍ഗ്ഗങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ നശിച്ചു പോകുക അല്ലെങ്കില്‍ കരയുടെ കാലാവസ്ഥക്ക് അനുസൃതമായി രൂപമാറ്റം സംഭവിച്ചു കരയില്‍ ജീവിക്കുക. അതുകൊണ്ട് ചന്ദ്രന്‍ ഇല്ലായിരുന്നു എങ്കില്‍ കടല്‍ ജീവികള്‍ കരയിലേക്ക് എത്തില്ലായിരുന്നു. അങ്ങനെ സംഭവിക്കാതെ ഇരുന്നെങ്കില്‍ ഇന്ന് ഒരുപക്ഷെ മനുഷ്യര്‍ കടലില്‍ ആയിരിക്കും ജീവിക്കുന്നത്. മനുഷ്യന് മീനുകളെ പോലെ ചിറകുകളും വാലുകളും ഉണ്ടായേനെ. അങ്ങനെയെങ്കില്‍ കടലുകളെ സംരഷിക്കാന്‍ നാം പരമാവധി ശ്രമിക്കുമായിരുന്നു.

                         ഭൂമിയിലെ കാലാവസ്ഥകളെ നിയന്ത്രിക്കുന്നത് സൂര്യന്‍ ആണെങ്കിലും അതിന് ഒരു പ്രധാന പങ്കു ചന്ദ്രനും ഉണ്ട്. ഇപ്പോള്‍ ചന്ദ്രന്‍ ഭൂമിക്കു എന്തുമാത്രം പ്രധാനപ്പെട്ടത് ആണെന്ന് മനസ്സിലായില്ലേ. ഇനി പെട്ടെന്ന് ഒരു ദിവസം ചന്ദ്രന്‍ അപ്രത്യക്ഷനായാല്‍ എന്ത് സംഭവിക്കും എന്ന് നോക്കാം,

         ചന്ദ്രന്റെ ഗുരുത്വകര്‍ഷണബലം ഭൂമിയിലെ കടലുകളെ ആകര്‍ഷിക്കുന്നുണ്ട്. അതേസമയം സൂര്യന്റെ ഗുരുത്വകര്‍ഷണബലം കടലുകളെ സൂര്യനിലേക്കും ആകര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ എല്ലാം സന്തുലിതാവസ്ഥയില്‍ നിക്കുന്നത്. എന്നാല്‍ ചന്ദ്രന്‍ പെട്ടെന്ന് ഒരു നിമിഷത്തില്‍ അപ്രത്യക്ഷം ആകുമ്പോള്‍ ഈ സന്തുലിതാവസ്ഥ തകരുന്നു. ചന്ദ്രനെ അഭിമുഖീകരിച്ച് നില്‍ക്കുന്ന കടലിന്റെ ജലനിരപ്പ് താഴുകയും സൂര്യനെ അഭിമുഖീകരിച്ച് നില്‍ക്കുന്ന കടലിന്റെ ജലനിരപ്പ്‌ ഉയരുകയും ചെയ്യുന്നു. അതിന്റെ ഫലമായി കടല്‍ തിരമാലകള്‍ വളരെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ വലിയൊരു സുനാമി ഉണ്ടാകും. മനുഷ്യര്‍ ഇതു വരെ കണ്ടിട്ടില്ലാത്ത അത്രത്തോളം വലിയ സുനാമി. കടലിനോട് ചേര്‍ന്നു കിടക്കുന്ന കരഭാഗം മുഴുവനും തിരമാലയില്‍ മുങ്ങി നശിച്ചു പോകും. മനുഷ്യന്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ കെട്ടിടങ്ങളും നഗരങ്ങളും എല്ലാം  നിസ്സരമായി തകര്‍ന്നു പോകും. ഭൂമിയുടെ നാലില്‍ മൂന്ന് ഭാഗവും ബാധിക്കപ്പെടും. ലക്ഷക്കണക്കിന്‌ മരണങ്ങള്‍ സംഭവിക്കും. ഇതുകൂടാതെ ഗുരുത്വകര്‍ഷണബലത്തില്‍ ഉണ്ടായ പെട്ടെന്നുള്ള വ്യത്യാസം ഭൂമിയുടെ ടെക്റ്റൊനിക്ക് പ്ലേറ്റുകളെയും ബാധിക്കുകയും അതിന്റെ ഫലമായി പലയിടത്തും ഭൂമിക്കുലുക്കവും അഗ്നിപര്‍വ്വതവിസ്ഫോടനങ്ങളും ചെയ്യും. അപ്പോള്‍ മരണസംഖ്യ നൂറു  കോടിക്കും മേലെ ആകും. ഇങ്ങനെയൊരു ആകസ്മിക വിപത്തില്‍ നിന്നും രക്ഷപ്പെടുക എന്നത് വളരെ പ്രയാസമാണ്. ഭീമാകാരമായ തിരമാലകള്‍ കുറഞ്ഞു കടലുകള്‍ ശാന്തമാകുമ്പോള്‍ പിന്നെ ഭക്ഷണത്തിനായുള്ള യുദ്ധം ആരംഭിക്കും.

                ഭൂമി കുലുക്കവും, ജലപ്രളയവും അഗ്നിപര്‍വ്വത വിസ്ഫോടനങ്ങളും കാരണം ഭൂരിഭാഗം കൃഷി സ്ഥലങ്ങളും കൃഷിക്ക് അനുയോജ്യം അല്ലാതെ ആകും. അവശേഷിക്കുന്ന ഏതാനും ചില സ്ഥലങ്ങളില്‍ മാത്രമേ കൃഷി ചെയ്യാന്‍ പറ്റൂ. അതുകൊണ്ട് ആഹാരസാധനങ്ങള്‍ക്ക് വളരെയധികം ക്ഷാമം ഉണ്ടാകും. അപ്പോള്‍ ആഹാരത്തിനു വേണ്ടി എല്ലാവരും പരസ്പരം തല്ലുണ്ടാക്കും. ബേക്കറികളും സൂപ്പര്‍ മാര്‍ക്കറ്റുകളും പോലെയുള്ള ആഹാരസാധനങ്ങള്‍ ഉള്ള കടകള്‍ എല്ലാം കൊള്ളയടിക്കപ്പെടും. ഭക്ഷണത്തിന്റെ ദൗര്‍ലഭ്യത അത്യധികം ഭയാനകമായിരിക്കും.

                ഈ പ്രശ്ങ്ങള്‍ എല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റൊരു വലിയ പ്രശ്നം  ഉടലെടുക്കും. ഭൂമിയുടെ ചരിവ് 23.5 ഡിഗ്രിയാണ്. എന്നാല്‍ ചന്ദ്രന്റെ ഗുരുത്വകര്‍ഷണബലം ഇല്ലാതായാല്‍ ഭൂമിയുടെ ചരിവ് ഏകദേശം 45 ഡിഗ്രിയോളം ആകും. അങ്ങനെയായാല്‍ കൂടുതല്‍ ഭൂമികുലുക്കങ്ങളും അഗ്നിപര്‍വ്വത വിസ്ഫോടനങ്ങളും സംഭവിക്കും. മരണസംഖ്യ പിന്നെയും കൂടും. ജനസംഖ്യ പകുതിയോളം കുറയും. ഇപ്പോള്‍ ഭൂമിയുടെ ഇക്യുറ്റര്‍ അഥവ മധ്യരേഖയാണ് ഏറ്റവും ചൂട് കൂടിയ ഭാഗം. എന്നാല്‍ ഭൂമിയുടെ ചരിവ് 45 ഡിഗ്രി ആയാല്‍ പിന്നെ ഏറ്റവും ചൂടുള്ള ഭാഗം ഇക്യുറ്റര്‍ ആയിരിക്കില്ല. അതുപോലെ തന്നെ ധൃവങ്ങള്‍ക്കും പണ്ടത്തെ പോലെ തണുപ്പ് ഉണ്ടാകില്ല. മാത്രമല്ല ഏതാനും ചില വര്‍ഷങ്ങള്‍ക്ക്  ഉള്ളില്‍ തന്നെ  ധ്രുവങ്ങളില്‍ ഉള്ള മഞ്ഞു കട്ടകള്‍ എല്ലാം അലിയാന്‍ തുടങ്ങും. കടലിന്റെ ജലനിരപ്പ് പതിയെ ഉയരുകയും ചെയ്യും. അപ്പോള്‍ കാലാവസ്ഥകള്‍ പൂര്‍ണ്ണമായും മാറും. ഋതു കാലങ്ങള്‍ മാറുന്നത് തികച്ചും അപ്രതീക്ഷിതം ആയിട്ടായിരിക്കും. ഭൂമിയിലെ ഭൂരിഭാഗം ഇടങ്ങളും ശൂന്യമായ മരുഭൂമി പോലെയാകും.

                              ചന്ദ്രന്റെ ഗുരുത്വകര്‍ഷണബലമാണ്‌ ഭൂമിയുടെ റൊട്ടെഷണല്‍ സ്പീഡ് കുറക്കുന്നത്. അതായത് ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങി തിരിയുന്ന വേഗത അതുകൊണ്ട് ചന്ദ്രന്‍ ഇല്ലെങ്ങില്‍ ഭൂമി കൂടുതല്‍ വേഗതയില്‍ കറങ്ങാന്‍ തുടങ്ങും. ഇത് ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയാന്‍ കാരണമാകും. പിന്നെയും ഏതാനും ചില വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഭൂമിയുടെ ശരാശരി താപനില കുറയാന്‍ തുടങ്ങും അതായത് ഭൂമിയില്‍ തണുപ്പ് കൂടും. കാരണം ഭൂമി വേഗതയില്‍ കറങ്ങുന്നത് കൊണ്ട് സൂര്യപ്രകാശം ഏറെ നേരം ഭൂമിയില്‍ അടിക്കില്ല. അതുകൊണ്ട് ആഗോള താപനം കുറയുകയും തണുപ്പ് വര്‍ദ്ധിക്കുകയും ചെയ്യും. ഇതിനു പുറമേ ഭൂമിയുടെ അമിത വേഗത കാരണം വളരെ ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ തീര്‍പ്രദേശങ്ങളില്‍ അടിക്കാന്‍ തുടങ്ങും ഇവിടെ മനുഷ്യര്‍ മാത്രമല്ല അനുഭവിക്കേണ്ടി വരുന്നത് മൃഗങ്ങളും ഈ ദുരിതങ്ങള്‍ എല്ലാം അനുഭവിക്കേണ്ടി വരും. പ്രധാനമായും കടല്‍ ജീവികള്‍ അത്യധികം ആപത്തില്‍ ആകും. പല കടല്‍ ജീവികള്‍ക്കും വംശ നാശം വരെ സംഭവിക്കാന്‍ സാധ്യത ഉണ്ട്. ഉദാഹരണത്തിന് ആല്‍ഗെ. ആല്‍ഗെ ഇനത്തില്‍പ്പെട്ട ജീവികള്‍ ആണ് കടലിലെ ആഹാരശ്യംഗലയുടെ അടിസ്ഥാനം. ഇവ കടലിന്റെ മുകള്‍ നിരപ്പില്‍ വന്നാല്‍ മാത്രമേ ചെറിയ മീനുകള്‍ക്ക് ഇവയെ ആഹാരം ആക്കാന്‍ പറ്റൂ. ഈ ചെറിയ മീനുകളെ ആണ് വലിയ മീനുകള്‍ കഴിക്കുന്നത്. അങ്ങനെ കടലിലെ ഭൂരിഭാഗം മീനുകളും ഈ ആഹാരശ്യംഗലയുടെ ഭാഗമാണ്. എന്നാല്‍ ചന്ദ്രന്‍ ഇല്ലാതായാല്‍ ആല്‍ഗെ ജീവികള്‍ മുകള്‍ നിരപ്പില്‍ വരാതെ ആകുകയും കടലിന്റെ ആഹാരശൃംഗല മുഴുവന്‍ ബാധിക്കുകയും ചെയുന്നു. ധാരാളം ജീവികള്‍ക്ക് വംശനാശം വരെ സംഭവിക്കുകയും ചെയ്യും.

              അതുപോലെ തന്നെ ചന്ദ്രന്‍ ഇല്ലാതായാല്‍ ഭൂമിക്കു വലിയൊരു ബോഡിഗാര്‍ഡിനെ ആണ് നഷ്ടമാകുന്നത്. അതായത് ബഹിരാകാശത്ത് നിന്നും വരുന്ന ഉല്‍ക്കകളില്‍ നിന്നും ഇപ്പോള്‍ ചന്ദ്രനാണ് ഭൂമിയെ ഒരു പരിധി വരെയെങ്കിലും രക്ഷിക്കുന്നത്. എന്നാല്‍ ചന്ദ്രന്‍ അപ്രത്യക്ഷം ആകുന്നതോടുകൂടി ഈ ഉല്‍ക്കകള്‍ എല്ലാം ഭൂമിയില്‍ പതിക്കാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആകും.

                ഇതെല്ലാം പറയുമ്പോഴും ചന്ദ്രന്‍ പെട്ടെന്ന് നശിച്ചു പോകാന്‍ എന്തെങ്കിലും സാധ്യത ഉണ്ടോ എന്ന ചോദ്യത്തിനും ഇവിടെ പ്രസക്തി ഉണ്ട്. എന്തായാലും ചന്ദ്രന്‍ അപ്രത്യക്ഷം ആകില്ല പൊട്ടിചിതറാനെ സാധ്യത ഉള്ളു. അങ്ങനെ സംഭവിക്കണം എങ്കില്‍ മനുഷ്യന്‍ തന്നെ അതിന്റെ കാരണം ആകൂ. എന്തെങ്കിലും ഒരു പരീക്ഷണം നടത്തുനതിനു ഇടയില്‍ അബദ്ധത്തില്‍ ചന്ദ്രന്‍ പൊട്ടി ചിതറാന്‍ ഉള്ള സാധ്യത ഏറെയാണ്‌. മാത്രമല്ല ജീവന്‍ നിലനിര്‍ത്തുന്ന സ്വന്തം ഭൂമിയെ തന്നെ ബോംബുകള്‍ ഇട്ടു നശിപ്പിക്കുന്ന ബുദ്ധിശൂന്യര്‍ ആയ മനുഷ്യര്‍ ചന്ദ്രനേയും വെറുതെ വിടും എന്ന് എന്താണ് ഉറപ്പു. എന്തായാലും അങ്ങനെ ചന്ദ്രനെ പൊട്ടിച്ചിതറിക്കുക ആണെങ്കില്‍ മറ്റൊരു വലിയ പ്രശ്നം കൂടി ഉണ്ടാകും. അതായത് ചന്ദ്രന്‍ പൊട്ടിച്ചിതറുമ്പോള്‍ ആ കഷ്ണങ്ങള്‍ എല്ലാം ഗുരുത്വകര്‍ഷണബലം കാരണം ഭൂമിയില്‍ തന്നെ വന്നു പതിക്കും. ഇത് ആസ്ട്രോയിഡുകളെ പോലെ വിനാശകാരി അല്ലെങ്കിലും വലിയ തോതില്‍ ഉള്ള അപകടങ്ങള്‍ സൃഷ്ടിക്കാന്‍ ഇത്രയും മതി. ചെറിയ ചെറിയ പാറക്കഷ്ണങ്ങള്‍ എല്ലാം തന്നെ ഭൂമിയുടെ അന്തരീക്ഷത്തില്‍ വച്ചു കത്തി നശിക്കും. പക്ഷെ വലിയ കഷ്ണങ്ങള്‍ ഭൂമിയില്‍ വന്നു പതിക്കുകയും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. നമ്മള്‍ നിസ്സാരനായി കാണുന്ന ചന്ദ്രന്‍ ഭൂമിക്കു എന്തുമാത്രം പ്രധാനപ്പെട്ടത് ആണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.