EncyclopediaScienceSecret Theories

മനുഷ്യരെല്ലാം നശിച്ചു പോയാല്‍ ഭൂമി രക്ഷപ്പെടുമോ??

ഭൂമിയില്‍ നിന്ന് മനുഷ്യര്‍ എല്ലാവരും അപ്രത്യക്ഷം ആയാല്‍ എന്ത് സംഭവിക്കും.?? മനുഷ്യന്‍ ഭൂമിയില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇന്റസ്ട്രിയലൈസേഷന്‍ അഥവാ വ്യവസായവല്‍ക്കരണം എന്ന പ്രക്രിയ വഴി വിഷവാതകങ്ങള്‍ പുറത്തുവിട്ടു അന്തരീക്ഷത്തെ മലിനമാക്കുന്നു. വിഷാംശം ഉള്ള രാസപദാര്‍ത്ഥങ്ങള്‍ കൊണ്ട് നദികളെയും കായലുകളെയും മലിനമാക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളെ നിറച്ച് കടലുകളെയും നശിപ്പിക്കുന്നു. ഇതുകൂടാതെ മൈനിംഗ് അഥവാ ഖനനം ചെയ്തും മരങ്ങള്‍ വെട്ടി നശിപ്പിച്ചും പ്രകൃതിയെ മുഴുവന്‍ ചൂഷണം ചെയ്യുന്നു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ മനുഷ്യന്‍ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷം ആകുന്നത് ഒരുപക്ഷെ ഭൂമിക്ക് വലിയൊരു അനുഗ്രഹം ആയിരിക്കും. എന്തായാലും എല്ലാ മനുഷ്യരും പെട്ടെന്ന് അപ്രത്യക്ഷം ആയാല്‍ എന്ത് സംഭവിക്കും എന്ന് നോക്കാം,

                      പല വിധമായ യന്ത്രങ്ങള്‍, വിമാനങ്ങള്‍, വാഹനങ്ങള്‍ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ മനുഷ്യന്റെ നിയന്ത്രണത്തില്‍ ആണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ എല്ലാവരും പെട്ടെന്ന് അപ്രത്യക്ഷം ആയാല്‍ ഈ യന്ത്രങ്ങള്‍ എല്ലാം നിലക്കും. പക്ഷെ നില്‍ക്കുന്നതിനു മുന്‍പ് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കും. നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ വിമാനങ്ങള്‍ ആകാശത്തു നിന്ന് താഴേക്ക് വീഴും, കാറുകള്‍ ഏതു ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നുവോ അതെ ദിശയില്‍ തന്നെ പോകുകയും എവിടെ എങ്കിലും ചെന്ന് ഇടിച്ചു നില്‍ക്കുകയും ചെയ്യും. കെട്ടിടങ്ങളും മറ്റും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും മറ്റും പിന്നെയും മണിക്കൂറുകളോളം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചിലപ്പോള്‍ കെട്ടിടങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഉദാഹരണത്തിന് ഡ്രില്ലിംഗ് മിഷീന്‍. ഇത് മണിക്കൂറുകളോളം നിയന്ത്രണം ഇല്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അടുത്തുള്ള കെട്ടിടങ്ങള്‍ എല്ലാം തകര്‍ന്നു വീഴും.

                      ഫാക്ടറികള്‍, നുക്ലിയാര്‍ പവര്‍ പ്ലാന്റുകള്‍, ഖനന സ്ഥലങ്ങള്‍,ഓയില്‍ റിഫൈനറി എന്നിങ്ങനെ മിക്ക വ്യവസായശാലകളും കുഴപ്പത്തില്‍ ആകും. ഹൈഡ്രോഇലക്ട്രിക് പവര്‍ പ്ലാന്റുകള്‍ക്ക് മനുഷ്യസഹായമില്ലാതെ മാസങ്ങളോളം പ്രവര്‍ത്തിക്കാന്‍ ആകും. എങ്കിലും വീടുകളില്‍ എല്ലാം വൈദ്യുതി ലഭിക്കാനുള്ള സാധ്യത കുറവാണ്. വൈദ്യുതി ലഭിച്ചിട്ടും കാര്യമൊന്നും ഇല്ല എന്നതാണ് വേറൊരു സത്യം. നിയന്ത്രിക്കാന്‍ ആരുമില്ലാതായാല്‍ പവര്‍പ്ലാന്റുകള്‍    പൊട്ടിത്തെറിക്കും എന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍ നുക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ക്ക് ഒരു സെയിഫ് മോഡ് ഉണ്ട്. അതായത് നിയന്ത്രിക്കാന്‍ ആരുമില്ലെങ്കില്‍ തനിയെ പ്രവര്‍ത്തനരഹിതമാകാനുള്ള സംവിധാനം. എങ്കിലും ഇത്തരം പവര്‍പ്ലാന്റുകളില്‍ നിന്നും റേഡിയോആക്ടീവ് തരംഗങ്ങള്‍ പുറത്തുവരികയും അതില്‍ നിന്നുമുള്ള റേഡിയോആക്ടീവ് വേസ്റ്റുകള്‍ നദികളെയും മറ്റു ജലസ്രോതസ്സുകളെയും മലിനമാക്കുകയും ചെയ്യും.

                 പക്ഷെ ഇതിനേക്കാള്‍ പ്രശ്നം മാരകമായ രാസപദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ ആണ്. ഇത്തരം ഫാക്ടറികള്‍ അതി സൂക്ഷമതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെ മാത്രമേ ഇത്തരം ഫാക്ടറികള്‍ സുരക്ഷിതമായിരിക്കൂ.  എന്നാല്‍ വൈദ്യുതി ഇല്ലാതാകുന്നതോടുകൂടി ഈ ഫാക്ടറികള്‍ എല്ലാം പൊട്ടിത്തെറിക്കുകയും രാസപദാര്‍ത്ഥങ്ങള്‍ എല്ലാം അന്തരീക്ഷത്തില്‍ വ്യാപിക്കുകയും ചെയ്യും.

              ഓയില്‍ റിഫൈനറികള്‍ ജോലിക്കാര്‍ ഉണ്ടെങ്കില്‍ പോലും വളരെ അപകടം നിറഞ്ഞതാണ്‌. അതുകൊണ്ട് തന്നെ മനുഷ്യര്‍ എല്ലാം അപ്രത്യക്ഷം ആകുമ്പോള്‍ ഓയില്‍ റിഫൈനറികളില്‍ വലിയ വിസ്ഫോടനം സംഭവിക്കും. എങ്കിലും ലോകം മൊത്തം നശിപ്പിക്കുന്ന രീതിയില്‍ ഉള്ള അപകടങ്ങള്‍ ഒന്നും സംഭവിക്കില്ല.

               എന്തായാലും മനുഷ്യര്‍ പോയി കഴിഞ്ഞാല്‍ ഭൂമി മൃഗങ്ങളുടെത് മാത്രമാണ്. വന്യമൃഗങ്ങള്‍ ആയിരിക്കും ഭൂമിയിലെ പുതിയ ഭരണാധികാരികള്‍. പക്ഷെ വളര്‍ത്തുമൃഗങ്ങളുടെ നിലനില്‍പ്പ്‌ അപകടത്തില്‍ ആകും.വീടുകളിലും, കടകളിലും ഉള്ള ഭക്ഷണമെല്ലാം കേടായി പോകും. മൃഗശാലകളില്‍ ഉള്‍പ്പടെ കൂട്ടില്‍ അടച്ചിരിക്കുന്ന മൃഗങ്ങള്‍ എല്ലാം വിശന്ന് വലയും. തുറന്നു വിട്ടിരിക്കുന്ന വളര്‍ത്തു മൃഗങ്ങള്‍ക്ക് അധികകാലം അതിജീവിക്കാന്‍ ആകില്ല. വന്യമൃഗങ്ങള്‍ എല്ലാം നാട്ടില്‍ ഇറങ്ങാന്‍ തുടങ്ങുകയും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യും. ക്രമേണെ പട്ടണത്തിലും നഗരങ്ങളിലും എല്ലാം വന്യമൃഗങ്ങള്‍ വ്യാപിക്കും. ഏതാനും ചില വര്‍ഷങ്ങള്‍ക്ക് ശേഷം മൃഗങ്ങളുടെ ജനസംഖ്യ ആകെ മാറും.മനുഷ്യ സംരക്ഷണം ഇല്ലാത്തത് കൊണ്ട് വളര്‍ത്തു മൃഗങ്ങളും പൂച്ചകളും വന്യമൃഗങ്ങളെപ്പോലെ മാറേണ്ടി വരും. അല്ലെങ്കില്‍ അവയ്ക്ക് വംശനാശം നേരിടേണ്ടി വരും.

                  മനുഷ്യര്‍ ആരും തടയാന്‍ ഇല്ലാത്തത് കൊണ്ട് വന്യമൃഗങ്ങള്‍ക്കെല്ലാം എവിടെയും പോകാന്‍ പറ്റും. വീടുകളിലും, ഫാമുകളിലും ആയി വളര്‍ത്തുന്ന പശുക്കളും, പന്നികളും , കോഴികളും എല്ലാം വിശന്ന് ചത്തു പോകുകയോ മറ്റു വന്യമൃഗങ്ങള്‍ക്ക് ആഹരമാകുകയോ ചെയ്യും. പ്ലാസ്റ്റിക് മാലിന്യങ്ങളും അല്ലാത്ത മാലിന്യങ്ങളും ശരിയായ വിധത്തില്‍ സംസ്കരിക്കാന്‍ ആകാത്തത് കൊണ്ട് പരിസ്ഥിതി മുഴുവന്‍ മാലിന്യങ്ങള്‍ കൊണ്ട് നിറയും അതുപോലെ തന്നെ മൃഗങ്ങള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴിക്കാന്‍ ഉള്ള സാധ്യതയും കൂടുതല്‍ ആണ്. ഇങ്ങനെ പ്ലാസ്റ്റിക് കഴിക്കുന്ന മൃഗങ്ങള്‍ എല്ലാം തീര്‍ച്ചയായും ചത്തുപോകും. അതുകൊണ്ട് മനുഷ്യരെല്ലാം ഭൂമിയില്‍ നിന്ന് അപ്രത്യക്ഷര്‍ ആയാലും അവന്റെ പ്രവര്‍ത്തികളുടെ പരിണിതഫലം പിന്നെയും ഭൂമിയെ ചൂഷണം ചെയ്ത് കൊണ്ടിരിക്കും.

           പല വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഭൂമിക്ക് മുഴുവന്‍ നല്ല രീതിയില്‍ രൂപമാറ്റം സംഭവിക്കും. പല സസ്യജാലങ്ങളും മരങ്ങളും കൊണ്ട് പട്ടണങ്ങള്‍ എല്ലാം നിറയും. റോഡുകള്‍ പൊട്ടി പൊളിയുകയും അവിടെ ചെടികള്‍ മുളയ്ക്കുകയും ചെയ്യും. കെട്ടിടങ്ങളില്‍ ആകെ വള്ളിചെടികള്‍ പടര്‍ന്നു പിടിക്കും. കെട്ടിടങ്ങളുടെ അടിസ്ഥാനങ്ങളില്‍ മരങ്ങളുടെ വേര് ഇറങ്ങുകയും ബലം കുറഞ്ഞ അടിസ്ഥാനം ഉള്ള കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യും. ഇടിമിന്നലിലോ അല്ലാതെയോ തീ പിടിത്തം ഉണ്ടായാല്‍ അത് അണക്കാന്‍ കഴിയാതെ മൊത്തം പടര്‍ന്നു പിടിക്കുകയും കിലോമീറ്ററോളം ചുറ്റളവില്‍ നാശം സംഭവിക്കുകയും ചെയ്യും.

                      ഭൂമിയെ ഭ്രമണം ചെയ്ത് കൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ സാറ്റ്ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതം ആകുകയും ഒരു വാല്‍നക്ഷത്രത്തെ പോലെ അത് ഭൂമിയില്‍ വന്നു പതിക്കുകയും ചെയ്യും.അതുപോലെ തന്നെ  ഏതാനും ചില വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനും തകര്‍ന്ന് ഭൂമിയില്‍ വന്നു വീഴും. സംരക്ഷിക്കാന്‍ ആരും ഇല്ലാത്തത് കൊണ്ട് റോഡുകളും കെട്ടിടങ്ങളും എല്ലാം കാലക്രമേണ മണ്ണിനോട് ചേരും. അതിന്റെ കൂടെ ലോഹനിര്‍മ്മിതമായ എല്ലാ വസ്തുക്കളും നശിക്കും. കോടിക്കണക്കിന് വരുന്ന വാഹനങ്ങള്‍ എല്ലാം തന്നെ ഇത്തരത്തില്‍ നശിച്ചു പോകും. ഏതാനും ചില ശതവര്‍ഷങ്ങള്‍ കൊണ്ട് ഭൂമി ആകെ മാറി കഴിഞ്ഞിരിക്കും. മനുഷ്യ നിര്‍മ്മിതമായ ഏകദേശം എല്ലാ സംഭവങ്ങളും പൂര്‍ണ്ണമായിട്ടോ ഭാഗീകമായിട്ടോ നശിക്കും. മൃഗങ്ങള്‍ എല്ലാം പണ്ടത്തെ പോലെ വളരെ സന്തോഷമായി ജീവിക്കും.

            പ്രധാനമായും കടലുകള്‍ വളരെ സുരക്ഷിതമാകും മീന്‍ പിടിക്കാന്‍ ആരും ഇല്ലാത്തത് കൊണ്ട് മീനുകള്‍ കടലില്‍ പെരുകും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയുകയും കടല്‍ ശുദ്ധമാകുകയും ചെയ്യും. മനുഷ്യപ്രവര്‍ത്തി കാരണം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് ഏകദേശം 200 വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ കുറയുകയും അന്തരീക്ഷം ശുദ്ധമാകുകയും ചെയ്യും. അതുപോലെ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓസോണ്‍ പാളികള്‍ പഴയതുപോലെ ശക്തമാകും. മനുഷ്യപ്രവര്‍ത്തി കാരണം ഭൂമിയില്‍ ഉണ്ടായ മുറിവുകള്‍ എല്ലാം മാറാന്‍ തുടങ്ങും. പതിനായിരം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരുന്നതിനായിട്ടുള്ള രേഖകളില്‍ ഭൂരിഭാഗവും നശിച്ചു പോയിരിക്കും. അപ്പോള്‍ വന്യമൃഗങ്ങളും പച്ചപിടിച്ച വനങ്ങളും നിറഞ്ഞ ഒരു ഗ്രഹമായി ഭൂമി മാറും.

                  ഇങ്ങനെ ഒരു പഠനത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന പ്രധാനപ്പെട്ട കുറച്ചു പാഠങ്ങള്‍ ഉണ്ട്. മനുഷ്യരുടെ നിലനില്‍പ്പിന് വേണ്ടി ഭൂമിയെ നമ്മള്‍ ഒരുപാട് ദ്രോഹിച്ചു. വിനോദത്തിനു വേണ്ടി മാത്രം വന്യ മൃഗങ്ങളെ കൊന്നൊടുക്കി അവയെ വംശനാശത്തില്‍ എത്തിച്ചു. നിലനില്‍പ്പിന് വേണ്ടിയാണ് എന്നുള്ള പേരില്‍ ജെസിബി പോലെയുള്ള വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഭൂമിയെ കീറിമുറിച്ചു. ജീവശ്വാസം നല്‍കുന്ന മരങ്ങളെയും ദാഹജലം നല്‍കുന്ന നീരുറവകളെയും നമ്മള്‍ നശിപ്പിച്ചു. ഭൂമിയിലെ ഒന്നും മനുഷ്യന് സ്വന്തമല്ല എന്നറിഞ്ഞിട്ടും സകലതും സ്വന്തമാക്കാന്‍ ഭൂമിയെ അത്യധികം ചൂഷണം ചെയ്തു. പക്ഷെ മനുഷ്യന്‍ എന്തൊക്കെ ചെയ്താലും ഭൂമി അതിജീവിക്കുക തന്നെ ചെയ്യും. കാരണം ഇതിനെക്കാള്‍ പരിതാപകരമായ അവസ്ഥയില്‍ പോലും ഭൂമി അതിജീവിച്ചിട്ടുണ്ട്.