EncyclopediaInsectsWild Life

ചിന്നപ്പുല്‍ നീലി

ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ പൂമ്പാറ്റയാണ് ചിന്നപ്പുല്‍ നീലി. കേരളത്തിലും ഇവയുണ്ട്. കാട്ടിലും കാട്ടിനോട് ചേര്‍ന്ന ഗ്രാമങ്ങളിലും ജീവിക്കുന്നുണ്ട്. ആണ്‍പൂമ്പാറ്റയുടെ ചിറകിന്റെ മുകള്‍ഭാഗം തിളങ്ങുന്ന നീലനിറമാണ്‌. പെണ്‍ ശലഭത്തിനു തവിട്ടുനിറവും. ഇവയുടെ ചിറകിന്റെ അറ്റത്തായി നേര്‍ത്ത തവിട്ടുകര തെളിഞ്ഞു കാണാം. ചിറകിനടിവശത്ത് കറുത്ത പൊട്ടുകളും ഉണ്ട്. ഇത് നേര്‍ത്തതും ചെറുതുമാണ്. നിലം പറ്റിയാണ് ഇവയുടെ പറക്കല്‍. അല്പദൂരം പറന്നാല്‍ പിന്നെ വിശ്രമിക്കണം. ഒരു സ്ഥലത്ത് വന്നിരുന്നാല്‍ ചിറക് താളത്തില്‍ ചലിപ്പിച്ചുകൊണ്ട് വന്ന്‍ ഒടുവില്‍ ചിറകുകള്‍ അനങ്ങാതെയാവും. അതിനാല്‍ തന്നെ ഈ ചെറുശലഭത്തെ കാണാന്‍ ബഹുരസമാണ്. പൂമൊട്ടുകളിലാണ് ചിന്നപ്പുല്‍നീലി മുട്ടയിടുന്നത്. കൊങ്ങിണിപ്പൂവ്, വയല്‍ചുള്ളി എന്നീ ചെടികളാണ് മുട്ടയിടാന്‍ തിരഞ്ഞെടുക്കുന്നത്.
മുട്ടയ്ക്ക് ഇളംപച്ചയും നീലയും കലര്‍ന്ന നിറമാണ്‌. ലാര്‍വകള്‍ക്ക് പച്ചയോ, തവിട്ടോ നിറമാണ്‌. ഇവ പൂമൊട്ടുകള്‍ തിന്നാണ് ജീവിക്കുന്നത്.