ഗരുഡശലഭം
ഇന്ത്യയിലെ ഏറ്റവും വലിയ പൂമ്പറ്റയാണ് ഗരുഡശലഭം. ദക്ഷിണേന്ത്യയില്‍ മാത്രമാണ് ഇക്കൂട്ടരെ കണ്ടുവരുന്നത്. വനാന്തരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഒരു പോലെ കാണാറുണ്ട്.
വേനല്‍ക്കാലത്ത് ഗരുഡശലഭങ്ങള്‍ അത്ര സാധാരണമല്ല. മഴക്കാലത്തും മഴ കഴിഞ്ഞുള്ള സമയത്തുമാണ് ധാരാളമായി കാണപ്പെടുന്നത്. പകല്‍ വളരെ വെയില്‍ കൂടുമ്പോള്‍ താഴ്ന്നുപറക്കുന്നു. വെളിച്ചം കുറഞ്ഞ പ്രദേശത്ത് ഇവ പറക്കുമ്പോള്‍ പക്ഷിയാണ് എന്ന് തോന്നും.
അതിനാല്‍ ഇംഗ്ലീഷില്‍ ബേഡ് വിങ് അഥവാ പക്ഷിച്ചിറകന്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
ആണ്‍ശലഭത്തിന്റെ മുന്‍ചിറകുകള്‍ക്ക് തിളക്കമുള്ള കറുപ്പ്നിറമാണ്. പിന്‍ ചിറകുകള്‍ക്ക് മഞ്ഞനിറവും ശരീരത്തില്‍ ചുവന്ന അടയാളങ്ങളും ഉണ്ടാവും.പെണ്‍പൂമ്പാറ്റയുടെ പിന്‍ ചിറകിനു തിളങ്ങുന്ന മഞ്ഞനിറമാണ്. ആണ്‍-പെണ്‍ ശലഭങ്ങള്‍ക്ക് പൊതുവേ മഞ്ഞനിറമാണ്. ഇതില്‍ കറുത്ത പുള്ളികളുണ്ടായിരിക്കും. ഇക്കൂട്ടരില്‍ പെണ്ണിന് വലിപ്പം കൂടിയിരിക്കും.
ഗരുഡശലഭങ്ങളുടെ ചിറകുവിസ്താരം 20 സെ.മീറ്റര്‍ ആണ്. സാധാരണയായി ചുവന്ന പൂക്കളില്‍നിന്നും തേന്‍ കുടിക്കാനാണ് ഇവയ്ക്കിഷ്ടം. അതിനാല്‍ ചെമ്പരത്തി, അരിപ്പൂവ് തുടങ്ങിയവ പോലുള്ള പുഷ്പങ്ങളില്‍ ഗരുഡശലഭത്തെ കാണാവുന്നതാണ്.പുന്തേന്‍ മാത്രമാണ് ഭക്ഷണം. തേന്‍ നുകരുമ്പോള്‍ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്തുകൊണ്ടിരിക്കും. പക്ഷെ വിശ്രമിക്കുമ്പോള്‍ ചിറക് പൂട്ടിയിരിക്കും.
ഈശ്വരമുല്ല, അല്‍പം തുടങ്ങിയ ചെടികളുടെ ഇലയുടെ അടിവശങ്ങളിലും ഇളംതണ്ടിലുമാണ് മുട്ടയിടുന്നത്. മുട്ടകള്‍ക്ക് ഉരുണ്ട ആകൃതിയാണ്. ഇരുണ്ട നിറമുള്ള ലാര്‍വയുടെ ദേഹത്ത് നാല് വരിയായി മുള്ളുകള്‍പോലെ ഉയര്‍ന്നു നില്‍ക്കുന്ന മുഴകളുണ്ടാവും.പുഴു വിഷാംശമുള്ള ആഹാരം കഴിക്കുന്നതിനാല്‍ ഇവയെ ഇരപിടിയന്മാരായ പക്ഷികള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ചില കടന്നലുകള്‍ ശലഭപ്പുഴുക്കൂട്ടില്‍ മുട്ടയിടാറുണ്ട്. ഈ മുട്ട വിരിയുകയും പുറത്തു വരുന്ന കടന്നലുകളുടെ പുഴു, ശലഭപ്പുഴുവിനെ ഭക്ഷിക്കുകയും ചെയ്യുന്നു.