പൂമ്പാറ്റകളുടെ ലോകം
ആറുകാലുകളുള്ള ഷഡ്പദജീവികളില്‍ മനുഷ്യന് ചിത്രശലഭങ്ങളോളം പ്രിയപ്പെട്ട മറ്റൊന്നുമില്ല. അതിന്റെ മനോഹാരിത തന്നെ കാരണം. ചിത്രശലഭങ്ങള്‍ക്ക് ഇംഗ്ലിഷില്‍ ബട്ടര്‍ഫ്ലൈ എന്നപേരു വന്നതിനെക്കുറിച്ച് ഒരു കഥയുണ്ട്. പണ്ട് തെക്കന്‍ യൂറോപ്പില്‍ മേച്ചുനടന്നിരുന്ന ഇടയന്മാര്‍ക്ക് വസന്തകാലത്ത് ആകാശത്തു പാറിപ്പറക്കുന്ന വെണ്ണ നിറമുള്ള പൂമ്പാറ്റകളെ കണ്ടപ്പോള്‍ ബട്ടര്‍, ഫ്ലൈ ചെയ്യുന്നത് പോലെയാണ് തോന്നിയത്. അതുകൊണ്ട് അവരതിനെ ബട്ടര്‍ഫ്ലൈ എന്ന് വിളിച്ചു.
ശല്‍ക്കങ്ങള്‍ എന്നര്‍ത്ഥം വരുന്ന ലെപിസ്, ചിറക് എന്നര്‍ത്ഥം വരുന്ന ടെറോ എന്നീ ഗ്രീക്ക്പദങ്ങള്‍ ചേര്‍ന്നാണ് ലെപ്പിഡോപറ്റീറ എന്ന വാക്കുണ്ടായത്. ഫ്രഞ്ചുകാര്‍ പാപ്പിലിയോ എന്നും റഷ്യക്കാര്‍ ബബോച്ക എന്നും ചിത്രശലഭത്തെ വിളിക്കുന്നു.
ചിത്രശലഭങ്ങളുടെ ഭംഗിക്ക് കാരണം ഇവയുടെ ശല്‍ക്കങ്ങളാണ്. സൂക്ഷിച്ചുനോക്കിയാല്‍ മാത്രമേ ഇത് തിരിച്ചറിയാന്‍ കഴിയൂ. അതിലോലമായ ചിറകുകളില്‍ ചെറുശല്‍ക്കങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുകയാണ്.
ചിത്രശലഭങ്ങളെ പ്രധാനമായും രണ്ടായി തരംതിരിക്കാവുന്നതാണ്. നിശാശലഭങ്ങളും, ചിത്രശലഭങ്ങളും ഇതില്‍ രണ്ടിലും കൂടി 1400 00 ഇനങ്ങളുണ്ട്. അതില്‍ 17 200 ഇനങ്ങള്‍ ചിത്രശലഭങ്ങളാണ്.
ഇന്ത്യയില്‍ അഞ്ചു കുടുംബത്തിലായി ആയിരത്തിയഞ്ഞൂറിലധികം ചിത്രശലഭങ്ങളെ കണ്ടുവരുന്നുണ്ട്. കേരളത്തില്‍ ഏതാണ്ട് 322 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭത്തെ കണ്ടെത്തിയത് ദക്ഷിണേന്ത്യയിലാണ്. ഗരുഡന്‍ശലഭം എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും ചെറിയ രത്നനീലി എന്ന പൂമ്പാറ്റ കാണപ്പെടുന്നതും നമ്മുടെ നാട്ടിലാണ്. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം കാണപ്പെടുന്നത് പപ്പുവ-ന്യൂഗിനിയ ദ്വീപുകളിലാണ്. ഇവ ക്വീന്‍ അലക്സാണ്ട്രസ് ബേര്‍ഡ് വിങ് എന്ന പേരില്‍ അറിയപ്പെടുന്നു. ഇതിന്റെ അടുത്ത ബന്ധുവാണ് ഗരുഡന്‍ശലഭം.
നിശാശലഭങ്ങളും ചിത്രശലഭങ്ങളും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. പേര് സൂചിക്കുന്നത് പോലെ നിശാശലഭങ്ങള്‍ പൊതുവേ രാത്രി സഞ്ചരിക്കുന്നവയാണ്. എന്നാല്‍ ചിത്രശലഭത്തിന്റെ യാത്രകള്‍ പകലാണ്. മാത്രമല്ല, നിശാശലഭം വിശ്രമിക്കുമ്പോള്‍ ചിറകുകള്‍ വിടര്‍ന്നിരിക്കും. എന്നാല്‍ ചിത്രശലഭങ്ങള്‍ ചിറകുകള്‍ മടക്കിയാണ് വിശ്രമിക്കുന്നത്. ചിത്രശലഭങ്ങളുടെ സ്പര്‍ശിനികള്‍ നീണ്ടു വളഞ്ഞതോ, അറ്റം തടിച്ചതോ ആയിരിക്കും. എന്നാല്‍ നിശാശലഭങ്ങളുടെ സ്പര്‍ശിനികള്‍ ചീപ്പുപോലുള്ളവയോ, രോമം നിറഞ്ഞതോ ആണ്. എന്നാല്‍ ചില പൂമ്പാറ്റകള്‍ നിശാശലഭത്തിന്റെ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്.