ശ്രീനിവാസൻ
മലയാള സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശ്രീനിവാസൻ. 1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മകനാണ്. ഇളയ മകൻ ധ്യാൻ സഹോദരൻ സംവിധാനം ചെയ്ത ത്രില്ലർ സിനിമയായ തിരയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.
ആദ്യജീവിതം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്കൂൾ അദ്ധ്യാപകനും, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു. മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. സ്കൂൾ ജീവിതം കതിരൂർ ഗവ. സ്കൂളിൽ നയിച്ച് ശ്രീനിവാസൻ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിൽ പൂർത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. പിന്നീട് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.