തളിര്‍നീലി
കാടുകളിലുള്ള ഒരു ശലഭമാണ് തളിര്‍നീലി. പശ്ചിമഘട്ടത്തില്‍ മാത്രമാണ് ഈ പൂമ്പാറ്റകളുള്ളത്. മറ്റൊരിടത്തും ഇവയെ കാണാന്‍ സാധിക്കുകയില്ല. കാണാന്‍ വലിയ ഭംഗിയൊന്നുമില്ലാത്ത തളിര്‍നീലികള്‍ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. വനമേഖലയിലെ നനഞ്ഞ മണ്ണ് നിറഞ്ഞ പ്രദേശമാണ് ഇവയുടെ പ്രിയ താവളം. അതിനാല്‍ മിക്കവാറും പുഴയുടെ തീരത്ത് ഇവയെ കാണാവുന്നതാണ്. ഈ പൂമ്പാറ്റകള്‍ പൂക്കളോട് വലിയ താല്പര്യമൊന്നും കാണിക്കാറില്ല.
ചിറകിന്റെ മുകള്‍ഭാഗം തിളക്കമുള്ള നീലനിറമാണ്. അരിക് കറുത്തനിറമാണ്. ഒരു പിന്‍ചിറകിന്റെ അറ്റത്തും നാലോളം ചെറിയ വാളുകള്‍ ഉണ്ടാവും. പൂക്കളോട് താല്‍പര്യമില്ലാത്തതിനാല്‍ വിശ്രമിക്കുന്നത് ഇലകളിലായിരിക്കും.
വെയില്‍ കായുന്ന സ്വഭാവമുണ്ടിവയ്ക്ക്. ചിറക് ഒതുക്കിയാണ് വെയില്‍ കായുന്നത്. മുട്ടയിടുന്നത് കുമ്പിള്‍മരത്തിലാണ്. വംശനാശഭീഷണി നേരിടുന്ന ഒരിനം ചിത്രശലഭമാണ് തളിര്‍നീലി.