EncyclopediaWild Life

ഒച്ച്

ഗാസ്ട്രോപ്പോഡ എന്നറിയപ്പെടുന്ന കക്ക വർഗത്തിൽ ഉൾപ്പെടുന്നതും ഈർപ്പമുള്ള ഏതുസാഹചര്യത്തിലും ജീവിക്കുന്നതും അന്തരീക്ഷവായു ശ്വസിക്കുന്നതുമായ വിവിധയിനം മോളസ്കകൾ ഒച്ച് എന്ന പേരിൽ അറിയപ്പെടുന്നു. കരയിലും ശുദ്ധജലത്തിലും കാണപ്പെടാറുണ്ടെങ്കിലും പ്രധാനമായും ഇവ സമുദ്ര ജീവികളാണ്. വേർത്തിരിച്ചു കാണാവുന്ന തലയിൽ ഒന്നോ രണ്ടോ ജോഡി ഗ്രാഹികൾ (tentacles), ഗ്രഹികളിൽ പിന്നറ്റത്തെ ജോഡിയുടെ അഗ്രത്തായി കാണപ്പെടുന്ന കണ്ണുകൾ, പരന്ന് വിസ്തൃതവും പേശീനിർമിതവുമായ പാദം, വർത്തുളമായ പുറംതോട് (shell) എന്നിവ ഒച്ചുകളുടെ തനതായ സ്വഭാവ വിശേഷങ്ങളാകുന്നു 0.5 സെ. മീ. മുതൽ 60 സെ. മീ. വരെ വിവിധതരത്തിലുള്ള ഒച്ചുകൾ ഉണ്ട്. തലയുടെ വശത്തുനിന്ന് അല്പം പിന്നിലേക്കുമാറി പുറംതോടു കാണപ്പെടുന്നു ശരീരാവരണമായ മാന്റിൽ സ്രവിക്കുന്ന ചോക്കു പോലെയുള്ള ഒരു വസ്തുവിൽനിന്നാണ് പുറംതോടു രൂപം കൊള്ളുന്നത്. ആവശ്യമെന്നുതോന്നുമ്പോൾ ശരീരം പൂർണമായി ഇതിനുള്ളിലേക്കു വലിച്ചു കയറ്റാൻ ഒച്ചിനു കഴിയും. മിക്കവാറും എല്ലാ ഒച്ചുകളിലും തോട് വലത്തേക്കു പിരിഞ്ഞിട്ടായിരിക്കും കാണപ്പെടുന്നത്; അപൂർ‌‌വമായി ഇടത്തോട്ടു പിരിഞ്ഞവയും കാണാം.

ഒച്ചുകൾ പലയിനമുണ്ട്; പൾമനേറ്റ (Pulmonata) ഗോത്രത്തിലെ അധികവും കരയിലും ശുദ്ധജലത്തിലും കഴിയുന്നവയാണ്; പ്രോസോബ്രാങ്കിയേറ്റ ഗോത്രങ്ങളാവട്ടെ മിക്കതും സമുദ്രജീവികളും. കരയിൽ ജീവിക്കുന്ന ഒച്ചുകൾക്ക് ഈർപ്പമുള്ള ചുറ്റുപാടുകൾ കൂടിയേകഴിയൂ. എന്നാൽ മരുഭൂമിയിൽ പോലും വളരെ വിജയകരമായ ജീവിതം നയിക്കുന്ന ഒച്ചുകളും ഇല്ലാതില്ല.