പുള്ളിവാലന്‍
കാടുകളിലാണ് പുള്ളിവാലന്‍ ശലഭങ്ങളെ കൂടുതലായും കണ്ടുവരുന്നത്. തവിട്ടു കലര്‍ന്ന കറുപ്പ് നിറമാണ് ഇവയുടെ ചിറകുകള്‍ക്ക്. മുന്‍ ചിറകുകളില്‍ വെളുത്ത പാടുകളുണ്ടാവും. ചിറകുകള്‍ നിവര്‍ത്തിയാല്‍ ഇതിനോട് ചേര്‍ന്ന് മറ്റൊരു വരി വെള്ളപ്പാടുകളും കാണാവുന്നതാണ്. കൂട്ടത്തോടെ വെയില്‍ കായുന്ന ശീലക്കാരാണ് ഇവര്‍. കനല എന്നയിനം മരത്തിലാണ് പുള്ളിവാലന്‍ ശലഭങ്ങള്‍ മിക്കവാറും മുട്ടയിടുന്നത്. പുള്ളിവാലന്‍ ശലഭങ്ങളുടെ പ്രധാന ശത്രുക്കളാണ് കടന്നലുകള്‍. അവ കൂട്ടത്തോടെ എത്തി പുള്ളിവാലന്റെ മുട്ടകള്‍ നശിപ്പിക്കും. അതുകൊണ്ട് മുട്ടവിരിഞ്ഞു പുറത്തു വരുന്ന പൂമ്പാറ്റകളുടെ എണ്ണം വളരെ കുറവാണ്. പുള്ളിവാലന്‍ ശലഭങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ആപത്താണിത്. അതുകൊണ്ട് കടുത്ത വംശനാശഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെ പട്ടികയിലാണ് പുള്ളിവാലന്റെ സ്ഥാനം.