ActorsEncyclopediaFilm Spot

മുരളി

ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവ കൊണ്ട് അഭിനയത്തിന് പുത്തൻ സമവാക്യം രചിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മലയാള ചലച്ചിത്ര അഭിനേതാവായിരുന്നു മുരളീധരൻ പിള്ള എന്നറിയപ്പെടുന്ന മുരളി.(1954-2009) ഞാറ്റടി എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായ മുരളി നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് 2001-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. അടയാളം, ആധാരം, കളിക്കളം, ധനം, നാരായം, ലാൽസലാം, കൈക്കുടന്ന നിലാവ്, ദി ട്രൂത്ത്, തൂവൽക്കൊട്ടാരം, രക്തസാക്ഷികൾ സിന്ദാബാദ്, വരവേൽപ്പ്, കിരീടം, വെങ്കലം, സിഐഡി മൂസ എന്നിവയാണ് മുരളിയുടെ പ്രധാന സിനിമകൾ.
ജീവിതരേഖ
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുടവെട്ടൂർ എന്ന ഗ്രാമത്തിൽ കൃഷ്ണപിള്ളയുടേയും ദേവകിയമ്മയുടേയും മകനായി 1954 മെയ് 25ന് ജനനം. കുടവെട്ടൂർ എൽ.പി സ്കൂൾ, കൊട്ടാരക്കര തൃക്കണമംഗലം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളി തിരുവനന്തപുരം എം.ജി.കോളേജ്, ശാസ്താംകോട്ട ഡി.ബി കോളേജ് എന്നിവിടങ്ങളിൽ നിന്നും ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമബിരുദം നേടിയ ശേഷം ആരോഗ്യ വകുപ്പിൽ എൽ.ഡി.ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ചു. യു.ഡി.ക്ലർക്കായി കേരള യൂണിവേഴ്സിറ്റിയിലും ജോലി നോക്കി. ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായ മുരളി സർക്കാർ സർവീസിലിരിക്കെ തന്നെ നാടകങ്ങളിലും അഭിനയിച്ചു. നരേന്ദ്ര പ്രസാദിൻറെ നാട്യഗൃഹത്തിൽ സജീവ സാന്നിധ്യമായിരുന്ന മുരളി പിന്നീട് അരവിന്ദൻറെ ചിദംബരം എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. പക്ഷേ ഹരിഹരൻറെ പഞ്ചാഗ്നി എന്ന സിനിമയിലെ അഭിനയത്തോടെയാണ് മുരളി മലയാള സിനിമയിലെ ശ്രദ്ധേയ താരമാകുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യൻ എന്ന ചിത്രം മുരളിയിലെ അഭിനേതാവിൻറെ മികവ് മലയാളി കണ്ടറിഞ്ഞ സിനിമയാണ്. 2001-ൽ നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മുരളി നേടി. സാഹിത്യത്തിലും മുരളി തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഞ്ച് പുസ്തകങ്ങൾ മുരളിയുടേതായി പുറത്തിറങ്ങി. ഇതിൽ അഭിനേതാവും ആശാൻറെ കവിതയും എന്ന പുസ്തകം കേരള സംഗീത നാടക അക്കാദമി അവാർഡ് നേടി. ഇടതുപക്ഷ ആശയങ്ങളോട് എന്നും അനുഭാവം പുലർത്തിയിരുന്ന മുരളി കേരള സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് വി.എം.സുധീരനോട് പരാജയപ്പെട്ടു.