കുഞ്ഞാലി മൂന്നാമന്‍
പ്രസിദ്ധ കപ്പിത്താനായ പട്ടേമരയ്ക്കാരാണ് കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമന്‍ കുഞ്ഞാലി രണ്ടാമനു ശേഷം ഇദ്ദേഹം നായകസ്ഥാനത്തെത്തി. ഈ കപ്പിത്താന്റെ പ്രധാന സഹായി മരുമകനായ കുട്ടിമൂസ്സായിരുന്നു. പടിഞ്ഞാറന്‍ തീരത്തും കിഴക്കന്‍ തീരത്തും ഇവര്‍ക്കായിരുന്നു മേല്‍ക്കൈ.
അസാമാന്യ യുദ്ധപാടവവും മനക്കട്ടിയും ഉള്ള ആളായിരുന്നു കുഞ്ഞാലി മൂന്നാമന്‍, നാല്പതു വര്‍ഷത്തോളം ഇദ്ദേഹം പോര്‍ച്ചുഗീസുകാര്‍ക്കെതിരേ വിജയകരമായി പൊരുതി നിന്നു. ഇതിനിടയില്‍ ഒരിക്കല്‍ പോലും ഈ ധീരനായകനെ പരാജയപ്പെടുത്താനോ തടവുകാരനായി പിടിക്കാനോ പോര്‍ച്ചുഗീസുകാര്‍ക്ക് സാധിച്ചില്ല.
അന്‍പതോളം പോര്‍ച്ചുഗീസ് കപ്പലുകള്‍ ഒരു വര്‍ഷം കുഞ്ഞാലി മൂന്നാമന്‍ പിടിച്ചെടുത്തിരുന്നുവെന്നും പോര്‍ച്ചുഗീസുകാര്‍ക്ക് സമുദ്രസഞ്ചാരം തന്നെ അസാധ്യമായി തീര്‍ന്നിരുന്നു എന്നും ചരിത്രാകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്കാര സമ്പന്നനായ കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമന്‍ ഒരേസമയം ആക്രമണകാരിയും ദയാലുവും ആയിരുന്നുവത്രേ.
കുഞ്ഞാലി മൂന്നാമന്റെ നാവിക ജീവിതത്തിലെ ശ്രദ്ദേയമായ വിജയമാണ് 1569-ല്‍ നേടിയത്. കുഞ്ഞാലിയുടെ നവികപ്പടയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 36 പോര്‍ച്ചുഗീസ് കപ്പലുകള്‍ ഇവിടെയെത്തി. സമര്‍ഥരായ കപ്പിത്താന്മാരായിരുന്നു ഇവയുടെ നായകന്മാര്‍, ശത്രുക്കളോട് നേരിട്ട് യുദ്ധത്തിലേര്‍പ്പെടാതെ നിരന്തരം ശല്യപ്പെടുത്തുകയെന്ന അടവു തന്നെ മരയ്ക്കാര്‍പ്പട ഇത്തവണയും സ്വീകരിച്ചു. പോര്‍ച്ചുഗീസുകാര്‍ എത്ര ശ്രമിച്ചിട്ടും കുഞ്ഞാലിയെ മുട്ടുകുത്തിക്കാന്‍ കഴിഞ്ഞില്ല.
നാവികപ്പടയെ ഒന്നിനു പുറകെ ഒന്നായി യുദ്ധരംഗത്ത് എത്തിക്കാന്‍ കഴിഞ്ഞത് കുഞ്ഞാലി മരയ്ക്കാരുടെ വിജയമായിരുന്നു അവര്‍ ശത്രുവിന് ഒരിക്കല്‍പോലും വിശ്രമം നല്‍കിയിരുന്നില്ല. തങ്ങളുടെ ഒരു നാവികവ്യൂഹം തകര്‍ക്കപ്പെടുകയോ പിടിച്ചെടുക്കപ്പെടുകയോ ചെയ്‌താല്‍ ഏറ്റവും അടുത്ത അവസരത്തില്‍ കൂടുതല്‍ ശക്തമായൊരു പടയെ യുദ്ധരംഗത്തെത്തിച്ച് ശത്രുവിനെ തകര്‍ക്കുന്നതായിരുന്നു മരയ്ക്കാരുടെ രീതി.
ഇതിനിടെ മറ്റൊരു സാമൂതിരി പുതുതായി സ്ഥാനമേറ്റിരുന്നു അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് ഒരു വീഴ്ച പറ്റി. പോര്‍ച്ചുഗീസുകാര്‍ക്ക് പൊന്നാനിയില്‍ ഒരു കോട്ട കെട്ടാന്‍ സാമൂതിരി അനുമതി കൊടുത്തു. പോര്‍ച്ചുഗീസുകാര്‍ക്ക് പൊന്നാനിയില്‍’ ഒരു കോട്ട കെട്ടാന്‍ സാമൂതിരി അനുമതി കൊടുത്തു. പോര്‍ച്ചുഗീസ് അനുഭാവികളായ ചില മന്ത്രിമാരുടെ ഉപദേശം ഇതിന്‍റെ പിന്നില്‍ ഉണ്ടായിരുന്നിരിക്കാം കുഞ്ഞാലി മരയ്ക്കാര്‍ പക്ഷെ കൊടുത്ത വാക്ക് പാലിക്കാതിരിക്കാന്‍ സാമൂതിരിക്കായില്ല. അദ്ദേഹം ധര്‍മസങ്കടത്തിലായി. പോര്‍ച്ചുഗീസ് കോട്ട പൊന്നാനിയിലെ മരയ്ക്കാന്മാരുടെ താവളത്തിന് വലിയൊരു ഭീഷണിയായിത്തീരും എന്ന് ഉറപ്പായിരുന്നു.
ഒടുവില്‍ സാമൂതിരിതന്നെ അതിനൊരു പോംവഴി നിര്‍ദേശിച്ചു, തന്ത്രപ്രധാനമായ കോട്ടയ്ക്കലില്‍ മരയ്ക്കാന്മാര്‍ക്ക് ഒരു കോട്ടകെട്ടാനുള്ള സ്ഥലവും ആവശ്യമായ സഹായങ്ങളും ചെയ്തുകൊടുക്കുക, പിന്നീട് മരയ്ക്കാന്മാരുടെ ആസ്ഥാനം കോട്ടയ്ക്കലായി മാറി.