കർണാടക
പ്രാചീനശിലായുഗം മുതൽക്കുതന്നെ കർണ്ണാടകയുടെ പല ഭാഗങ്ങളിലും ജനവാസം ഉണ്ടായിരുന്നു എന്നുള്ളതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഹാരപ്പയിൽ നിന്നു ലഭിച്ചിട്ടുള്ള സ്വർണ്ണം കർണ്ണാടകയിൽ നിന്ന് ഖനനം ചെയ്തതണെന്നു തെളിഞ്ഞിട്ടുണ്ട്. ബിസി മൂന്നാം നൂറ്റാണ്ടിൽ മൗര്യചക്രവർത്തിയായ അശോകന്റെ കീഴിൽ വരുന്നതിനു മുൻപ് നന്ദരാജവംശമാണ് കർണ്ണാടക ഭരിച്ചിരുന്നത്. പിന്നീട് ശതവാഹനരാജാക്കന്മാർ നാലു നൂറ്റാണ്ട് ഇവിടം ഭരിച്ചു. ഇതിനുശേഷം അധികാരത്തിൽ വന്ന കഡംബ രാജവംശവും പടിഞ്ഞാറ് ഗംഗ രാജവംശവുമാണ് തദ്ദേശത്തുനിന്നുമുള്ള ആദ്യ രാജവംശങ്ങൾ. മയൂരശർമ്മൻ എന്ന രാജാവ് സ്ഥാപിച്ച കഡംബവംശത്തിന്റെ തലസ്ഥാനം ബനവസിയായിരുന്നു; തലക്കാട് പടിഞ്ഞാറ് ഗംഗ രാജവംശത്തിന്റേതും. കന്നഡ ഭരണത്തിനായി ഉപയോഗിച്ച ആദ്യ ഭരണകൂടങ്ങളും ഇവതന്നെയായിരുന്നു.
പിന്നീടുള്ള നൂറ്റാണ്ടുകളിൽ ഡെക്കാൻ ഭരിച്ച ചാലൂക്യന്മാർ, രാഷ്ട്രകൂടന്മാർ തുടങ്ങിയ പല രാജവംശങ്ങളും കർണ്ണാടക ഭരിച്ചു. 990-1210 എഡി വരെ കർണ്ണാടകയുടെ പല ഭാഗങ്ങളും ചോളരാജവംശത്തിനു കീഴിലായിരുന്നു. 1116 ൽ വിഷ്ണുവർദ്ധന്റെ നേതൃത്വത്തിലുള്ള ഹൊയ്സാല രാജവംശം ചോളന്മാരെ യുദ്ധത്തിൽ തോല്പിച്ച് അധികാരത്തിൽ വന്നു. ഈ കാലയളവിൽ കന്നഡ ഭാഷാ സാഹിത്യം പുരോഗമിക്കുകയും വേസര ശൈലിയിലുള്ള വാസ്തുകല പ്രചാരത്തിലാവുകയും ചെയ്തു. ഹൊയ്സാലരാജാക്കന്മാർ ആന്ധ്രയുടേയും തമിഴ്നാടിന്റെയും ഭാഗങ്ങൾ കൂടി ഭരിച്ചിരുന്നു. 14ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹരിഹരൻ, ബുക്കാരായൻ എന്നിവർ ചേർന്ന് ഹോസപ്പട്ടണത്തിൽ (പിന്നീട് വിജയനഗരം) വിജയനഗര രാജവംശം സ്ഥാപിച്ചു.
തളിക്കോട്ട യുദ്ധത്തിൽ ഒരുകൂട്ടം ഇസ്ലാമികസുൽത്താനേറ്റുകളുടെ മുന്നിൽ വിജയനാഗരരാജാക്കന്മാർ പരാജയപ്പെട്ടു. ബിജാപ്പൂർ സുൽത്താനേറ്റ് ഡക്കാന്റെ മൊത്തം ഭരണം 17ആം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിമാർ തോൽപ്പിക്കുന്നതുവരെ കയ്യാളി. ഇവരുടെ കാലത്താണ് പ്രശസ്തമായ ഗോൽ ഗുംബാസ് നിർമ്മിക്കപ്പെട്ടത്. തുടർന്നുള്ള കാലഘട്ടത്തിൽ ഉത്തരകർണ്ണാടകത്തിന്റെ ഭാഗങ്ങൾ നൈസാമും, ബ്രിട്ടീഷ് ഭരണകൂടവും ഭരിച്ചു. തെക്കൻ കർണ്ണാടകം മൈസൂർ രാജവംശത്തിനു കീഴെയായിരുന്നു. ഹൈദരാലിയും അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താനും ബ്രിട്ടീഷ് ആധിപത്യത്തിന് എതിരേ നാലു യുദ്ധങ്ങാൾ ചെയ്തു. ഒടുവിൽ 1799ല് ടിപ്പുവിന്റെ മരണത്തോടെ മൈസൂറും ബ്രിട്ടീഷ് രാജിന് കീഴിലായി. ബ്രിട്ടീഷുകാർ മൈസൂർ രാജ്യം വൊഡെയാർ രാജകുടുംബത്തെ തിരിച്ചേൽപ്പിച്ചു.
1830കളിൽ തുടങ്ങി ബ്രിട്ടീഷ് ഭരണത്തിന്ന് എതിരേ കർണ്ണാടകയുടെ പലഭാഗത്തും ലഹളകൾ ഉണ്ടായിട്ടുണ്ട്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബാഗൽക്കോട്ട്, ദൻഡേലി തുടങ്ങിയ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങൾ നടന്നു. ആലൂരു വെങ്കട റാവു, കർണ്ണാട് സദാശിവറാവു, എസ് നിജലിംഗപ്പ, കെംഗാൾ ഹനുമന്തയ്യ, നിട്ടൂർ ശ്രീനിവാസറാവു തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരവും ശക്തി പ്രാപിച്ചൂ.
സ്വാതന്ത്ര്യലബ്ധിക്കുശേഷം മൈസൂർ രാജ്യം ഇന്ത്യയോട് ചേർന്നു. 1950-ൽ മൈസൂർ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടു. 1956ൽ കന്നഡയും കുടക് പ്രദേശങ്ങളും മൈസൂറിൽ കൂട്ടിച്ചേർത്തു. 1973ൽ സംസ്ഥാനം കർണ്ണാടക എന്നു പുനർനാമകരണം ചെയ്തു. 1990കളിൽ കർണ്ണാടകസംസ്ഥാനം ഐടി മേഖലയിലെ വികസനത്തിൽ മുന്നിലെത്തി.