സൗരയൂഥത്തില്‍ ഒളിഞ്ഞു കിടക്കുന്ന ഒന്‍പതാമത്തെ ഗ്രഹം കണ്ടുപിടിച്ചോ??
നക്ഷത്രങ്ങള്‍ക്ക് ഇടയിലൂടെ ബഹിരാകാശസഞ്ചാരം നടത്തുന്നതും സൗരയൂഥത്തിന് പുറത്ത് ഭൂമിയെ പോലെയുള്ള ഗ്രഹങ്ങള്‍ കണ്ടുപിടിക്കുന്നതും അവിടെ അന്യഗ്രഹജീവികളെ കണ്ടെത്തുന്നതും പ്രപഞ്ചത്തില്‍ മറഞ്ഞു കിടക്കുന്ന നിഗൂഢതകള്‍ കണ്ടെത്തുന്നതും എല്ലാം സ്വപ്നം കാണുന്നവരാണ് മനുഷ്യര്‍. നിര്‍ഭാഗ്യവശാല്‍ മനുഷ്യന്റെ കഴിവുകള്‍ ഇപ്പോള്‍ പരിമിതമാണ്. നമ്മുടെ സ്വന്തം ഗാലക്സി മില്‍ക്കി വേ അതായത് ക്ഷീരപഥത്തിന് അകത്ത് തന്നെ ധാരാളം നിഗൂഢതകള്‍ മറഞ്ഞു കിടക്കുന്നു. അതുപോലെ ഒരു ചുരുളഴിയാത്ത രഹസ്യം നമ്മുടെ സൗരയൂഥത്തിന് അകത്ത് തന്നെ ഉണ്ട്. വര്‍ഷങ്ങളായിട്ടു ശാസ്ത്രജ്ഞരെ എല്ലാം ആശയകുഴപ്പത്തില്‍ ആഴ്ത്തിയ സൗരയൂഥത്തിന്റെ അതിരില്‍ പതുങ്ങിയിരിക്കുന്ന ആ നിഗൂഢതയുടെ പേരാണ് പ്ലാനെറ്റ് എക്സ്(Planet x).
ആദ്യമായി പ്ലാനെറ്റ് എക്സ് എന്ന സങ്കല്‍പ്പിക ഗ്രഹത്തിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം. വളരെയേറെ വലിപ്പം ഉള്ള ഒരു ഗ്രഹമാണ് പ്ലാനെറ്റ് എക്സ്. ഭൂമിയെക്കാള്‍ പത്തുമടങ്ങ് വലിപ്പം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നുവച്ചാല്‍ പ്ലൂട്ടോയെക്കാള്‍ അയ്യായിരം മടങ്ങ് വലിപ്പം. അതുകൊണ്ട് തന്നെ ഈ ഗ്രഹത്തിന്റെ ഗുരുത്വകര്‍ഷണബലവും വളരെ കൂടുതല്‍ ആയിരിക്കും. പ്ലനെറ്റ് 9 ഒരു ഐസ് ജെയിന്റ് ഗ്രഹമായിരിക്കാന്‍ ആണ് സാധ്യത. അതായത് പൂര്‍ണ്ണമായും മഞ്ഞു നിറഞ്ഞ് തണുത്തു മരവിച്ച ഗ്രഹം. കാരണം ഭൂമിയെ പോലെയോ മാഴ്സിനെ പോലെയോ ഉള്ള റോക്കി പ്ലാനറ്റിന് വലിപ്പം കുറവാണ്. അതുപോലെ തന്നെ ജ്യുപീറ്ററിനെ പോലെയും സാറ്റേണിനെ പോലെയും ഉള്ള ഗ്യാസ് ജെയിന്റ് ഗ്രഹങ്ങള്‍ക്ക് ഭൂമിയെക്കാള്‍ ആയിരം മടങ്ങ് വലിപ്പം ഉണ്ടായിരിക്കും. എന്നാല്‍ പ്ലാനെറ്റ് 9 ന് ഭൂമിയെക്കാള്‍ പത്തുമടങ്ങ് വലിപ്പമാണ് ഉള്ളത്. ഈ കാരണം കൊണ്ട് തന്നെ പ്ലാനറ്റ് എക്സ് ഒരു ഗ്യാസ് ജെയിന്റും അല്ല ഒരു റോക്കി പ്ലാനെറ്റും അല്ല. അവശേഷിക്കുന്ന ഒരേയൊരു തരം ഐസ് ജെയിന്റ് ആണ്.
സൂര്യനില്‍ നിന്ന് ഏറ്റവും ദൂരം കൂടിയ ഗ്രഹം എന്ന സ്ഥാനം നെപ്ട്യൂണ്‍ ഗ്രഹത്തിന് ആണ് നല്‍കിയിരിക്കുന്നത്. പക്ഷെ പ്ലാനെറ്റ് 9 എന്ന ആശയം സത്യമാണെങ്കില്‍ ഈ സ്ഥാനം പ്ലാനെറ്റ് 9 ന് കിട്ടും. കാരണം സൂര്യനില്‍ നിന്ന് നെപ്ട്യൂണ്‍ വരെയുള്ള ദൂരത്തിനെക്കാളും ഇരുപതു മടങ്ങ് ദൂരത്തില്‍ ആണ് പ്ലാനെറ്റ് 9 സ്ഥിതി ചെയ്തിരിക്കുന്നതായി കരുതപ്പെടുന്നത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ സൂര്യനില്‍ നിന്ന് ഒന്‍പതിനായിരം കോടി കിലോമീറ്ററുകള്‍ക്ക് അപ്പുറമാണ് പ്ലാനെറ്റ് എക്സിന്റെ സ്ഥാനം. അതുകൊണ്ട് തന്നെ ഈ ഗ്രഹത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത് എങ്കില്‍ നമ്മുടെ ഒരു വര്‍ഷം എന്ന് പറയുന്നത് ഭൂമിയിലെ പതിനായിരം മുതല്‍ ഇരുപതിനായിരം വര്‍ഷങ്ങള്‍ ആയിരിക്കും. അതായത് പ്ലാനെറ്റ് എക്സ് സൂര്യനെ പൂര്‍ണ്ണമായും ഒരു തവണ വലം വയ്ക്കാന്‍ എടുക്കുന്ന സമയമാണ് അത്.
ഒന്‍പതാമത്തെ ഗ്രഹം കാണുന്നതുവരെ അങ്ങനെ ഒരു ഗ്രഹം ഉണ്ടെന്ന് വിശ്വസിക്കാന്‍ എല്ലാവര്‍ക്കും പ്രയാസമാണ്. എന്നാല്‍ ഒന്‍പതാമത്തെ ഗ്രഹം നിലനില്‍ക്കുന്നുണ്ട് എന്ന് പറയാന്‍ ഉള്ള തെളിവുകള്‍ വളരെ ശക്തമാണ്. 1880 ല്‍ ജോര്‍ജ് ഫോര്‍ബ്സ്(George Forbes) എന്ന ജ്യോതിശാസ്ത്രന്ജന്‍ ആണ് ആദ്യമായി എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂണിന് അപ്പുറത്ത് രണ്ടു ഗ്രഹങ്ങള്‍ ഉണ്ടെന്നു പറഞ്ഞത്. ഇതിന്റെ ടി എന്‍ ഒ (TNO) അതായത് ട്രാന്‍സ് നെപ്ട്യൂണിയന്‍ ഒബ്ജക്ട്സ് എന്ന് പറയുന്നു. എന്നുവച്ചാല്‍ നെപ്ട്യൂണിന് ശേഷം സ്ഥിതി ചെയ്യുന്ന സൂര്യനെ വലം വയ്ക്കുന്ന ഗ്രഹങ്ങളോ ഗ്രഹങ്ങള്‍ പോലെയുള്ളതോ ആയ ബഹിരാകാശവസ്തുക്കള്‍. അതിന് ശേഷം 1930 ല്‍ ക്ലായിഡ് റ്റോംബാഗ്(Clyde Tombaugh) എന്ന അമേരിക്കന്‍ ജ്യോതിശാത്രജ്ഞന്‍ ഒന്‍പതാമത്തെ ഗ്രഹം എന്ന പേരില്‍ പ്ലൂട്ടോ കണ്ടുപിടിച്ചു. എന്നാല്‍ 2006 ല്‍ പ്ലൂട്ടോയുടെ അടുത്ത് പ്ലൂട്ടോ പോലെ മറ്റു ചില വസ്തുക്കളും കണ്ടുപിടിച്ചു. ഒരു ബഹിരാകാശവസ്തുവിനെ ഗ്രഹം എന്ന് പറയണമെങ്കില്‍ അതിന് ചുറ്റും അതിന്റെ സമീപത്തിലോ അതിന്റെ ഭ്രമണപഥത്തിലോ മറ്റൊരു വസ്തുവും ഉണ്ടാകാന്‍ പാടില്ല. അതുകൊണ്ട് തന്നെ പ്ലൂട്ടോയെ ഒരു ഡ്വാര്‍ഫ് പ്ലാനറ്റായിട്ട് പ്രഖ്യാപിച്ചു. അതായത് ഒരു കുള്ളന്‍ ഗ്രഹം. ഇതിനു ശേഷം മറ്റു ചില കുള്ളന്‍ ഗ്രഹങ്ങളും നെപ്ട്യൂണിന് ശേഷം കണ്ടുപിടിച്ചെങ്കിലും പ്ലാനെറ്റ് എക്സ് എന്നെന്നറിയപ്പെടുന്ന ഒന്‍പതാമത്തെ ഗ്രഹം ആര്‍ക്കും കണ്ടുപിടിക്കാന്‍ ആയില്ല. മാത്രമല്ല അങ്ങനെ ഒരു ഗ്രഹം സ്ഥിതി ചെയ്യുന്നതിന്റെ ഒരു രേഖകളും ആര്‍ക്കും കിട്ടിയില്ല.
ഒടുവില്‍ 2016 ല്‍ ജ്യോതിശാസ്ത്രജ്ഞര്‍ ആയ കോണ്‍സ്റ്റാന്റിന്‍ ബാറ്റിഗിനും(Konstantin Batygin) മൈക്ക് ബ്രൗണും(Mike Brown) ചേര്‍ന്ന് പ്ലാനറ്റ് 9 സ്ഥിതി ചെയ്യുന്നതിന്റെ ചില തെളിവുകള്‍ കണ്ടെത്തി. നെപ്ട്യൂണിന് അപ്പുറത്ത് ഏകദേശം 30 മുതല്‍ 50 ആസ്ട്രോണമിക്കല്‍ യൂണിറ്റ്സിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ് കൈപ്പര്‍ ബെല്‍റ്റ്(Kuiper Belt)മേഖല. ഒരു ആസ്ട്രോണമിക്കള്‍ യൂണിറ്റ് എന്നുവച്ചാല്‍ സൂര്യനില്‍ നിന്നും ഭൂമി വരെയുള്ള ദൂരം. എന്നുവച്ചാല്‍ ഏകദേശം പതിനഞ്ചു കോടി കിലോമീറ്റെഴ്സ്. ഈ കൈപ്പര്‍ ബെല്‍റ്റ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഡ്വാര്‍ഫ് പ്ലാനറ്റ്സ് പോലെയുള്ള ചില ഗ്രാഹങ്ങളുടെ ഭ്രമണപഥത്തിലെ വൈരുദ്ധ്യങ്ങള്‍ ആണ് പ്ലാനെറ്റ് 9 സ്ഥിതി ചെയ്യുന്നതിന്റെ തെളിവ്. ഈ വസ്തുക്കള്‍ കൈപ്പര്‍ ബെല്‍റ്റിന്റെ ഭ്രമണപഥത്തില്‍ ഉള്ള മറ്റു വസ്തുക്കളില്‍ നിന്നും വ്യത്യസ്തമായാണ് ചലിക്കുന്നത്. അതായത് ഒരു ഗ്രഹത്തിന്റെ അതീന്ത്രമായ ഗുരുത്വകര്‍ഷണബലത്തില്‍ പെട്ട് ചലിക്കുന്നത് പോലെ. നെപ്ട്യൂണില്‍ നിന്നും വളരെ വളരെ അകലെയാണ് ഈ വസ്തുക്കള്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ നെപ്ട്യൂണ്‍ ഗ്രഹത്തിന്റെ ഗുരുത്വകര്‍ഷണബലമാണ് ഇതിനു പിന്നിലെ കാരണം എന്ന് പറയാന്‍ പറ്റില്ല. അപ്പോള്‍ പിന്നെ അവശേഷിക്കുന്ന ഒരേയൊരു സാധ്യത പ്ലാനറ്റ് 9 ആണ്.
പക്ഷെ അങ്ങനെ ഒരു ഗ്രഹം ഉണ്ടായിരുന്നു എങ്കില്‍ എന്തുകൊണ്ടാണ് ഇതുവരെ കണ്ടുപിടിക്കാന്‍ സാധിക്കാത്തത്. പ്രധാനപ്രശ്നം ദൂരം തന്നെയാണ്. എങ്കിലും ശാസ്ത്രഞ്ജര്‍ അവരുടെ പ്രതീക്ഷ ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും അടക്കം മിക്ക ബഹിരാകാശ വസ്തുക്കളും ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ പുറപ്പെടുവിക്കും. അതുകൊണ്ട് തന്നെ ഇന്‍ഫ്രാറെഡ് ഉപകരണങ്ങള്‍ വച്ചാണ് ഇപ്പോള്‍ ഈ ഗ്രഹത്തെ തിരയുന്നത്. പ്ലാനറ്റ് 9 സത്യമാണെങ്കില്‍ ആ ഗ്രഹത്തില്‍ നിന്ന് ഇന്‍ഫ്രാറെഡ് സിഗ്നലുകള്‍ വരികയും അതുവച്ച് ഗ്രഹത്തിനെ കണ്ടുപിടിക്കാനും സാധിക്കും. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയൊരു ഇന്‍ഫ്രാറെഡ് സിഗ്നലുകള്‍ ഇതുവരെ കണ്ടെത്താന്‍ ആയില്ല. അപ്പോഴാണ് ശാസ്ത്രഞ്ജര്‍ മറ്റൊരു നിഗമനത്തില്‍ എത്തുന്നത്. പ്ലാനറ്റ് എക്സ് എന്ന് പറയുന്നത് ചിലപ്പോള്‍ ഒരു ഗ്രഹം അല്ലെങ്കിലോ?
2019 ല്‍ ആണ് ഈ ആശയം ആദ്യമായി ഉന്നയിച്ചത് ഇത്രയും കാലം ശാസ്ത്രന്ജരെ ആശയകുഴപ്പത്തില്‍ ആക്കിയ ആ നിഗൂഢത ഒരു പക്ഷെ ഒരു ബ്ലാക്ക് ഹോള്‍ ആയിരിക്കും. പക്ഷെ അതൊരു ബ്ലാക്ക് ഹോള്‍ ആണെങ്കില്‍ അത് നമ്മുടെ സൗരയൂഥത്തെ മുഴുവന്‍ നശിപ്പിക്കില്ലേ. നമുക്ക് നോക്കാം,
ബ്ലാക്ക് ഹോളുകളെ പ്രധാനമായും മൂന്ന് തരത്തില്‍ ആണ് തരംതിരിച്ചിരിക്കുന്നത്. സൂപ്പര്‍ മാസ്സിവ് ബ്ലാക്ക് ഹോള്‍(Super massive black hole),ഇന്റര്‍മീഡിയേറ്റ് മാസ്സ് ബ്ലാക്ക് ഹോള്‍(Intermediate-mass black hole),സ്റ്റെല്ലാര്‍ മാസ് ബ്ലാക്ക് ഹോള്‍(Stellar-mass black hole). ഇതില്‍ ഏറ്റവും ചെറിയ ബ്ലാക്ക് ഹോള്‍ എന്നറിയപ്പെടുന്ന സ്റ്റെല്ലാര്‍ മാസ് ബ്ലാക്ക് ഹോള്‍ പോലും യദാര്‍ത്ഥത്തില്‍ വളരെ വലുതാണ്. നമ്മുടെ സൗരയൂഥത്തെ മുഴുവനായിട്ട് നിഷ്പ്രയാസം വിഴുങ്ങാന്‍ മാത്രം വലിപ്പം ഉള്ളവയാണ് സ്റെല്ലാര്‍ മാസ് ബ്ലാക്ക് ഹോള്‍. എന്നാല്‍ ഈ മൂന്ന് തരാം ബ്ലാക്ക് ഹോളുകള്‍ കൂടാതെ മറ്റൊരു തരം ബ്ലാക്ക് ഹോള്‍ കൂടെയുണ്ട്. പ്രൈമോര്‍ഡിയല്‍ ബ്ലാക്ക് ഹോള്‍സ്(Primordial black holes). സ്റ്റീഫന്‍ ഹോക്കിംഗ്(Stephen hawking) ആണ് ആദ്യമായിട്ട് പ്രൈമോര്‍ഡിയല്‍ ബ്ലാക്ക് ഹോള്‍സ് എന്ന ആശയം മുന്നോട്ടു കൊണ്ടുവന്നത്. പ്രപഞ്ചം ഉണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്നവയാണ് ഇത്തരം ബ്ലാക്ക് ഹോളുകള്‍. അതായത് ബിഗ്‌ബാങ്ക് എന്ന മഹാവിസ്ഫോടനം നടന്ന് ഏതാനും മില്ലി സെക്കന്റുകള്‍ക്ക് ശേഷം രൂപം കൊണ്ട ബ്ലാക്ക് ഹോളുകള്‍.
പ്രപഞ്ചത്തിന്റെ മുഴുവന്‍ ചരിത്രത്തിനും സാക്ഷ്യം വഹിച്ചവയായിരിക്കും പ്രൈമോര്‍ഡിയല്‍. വലിപ്പം വളരെ കുറവായത് കോണ്ട് തന്നെ ഇത്തരം ബ്ലാക്ക് ഹോളുകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ നശിച്ചു പോയിട്ടുണ്ടാകും. ഒരു കുഞ്ഞു പേപ്പര്‍ ക്ലിപ്പിന്റെ വലിപ്പം മുതല്‍ ഈ ബ്ലാക്ക് ഹോളുകള്‍ക്ക് ഉണ്ടാകും. എത്രതന്നെ വലിപ്പം കുറഞ്ഞ ബ്ലാക്ക് ഹോള്‍ ആയിരുന്നാലും അതിന്റെ ഗുരുത്വകര്‍ഷണബലം വളരെ വലുതായിരിക്കും. കൈപ്പര്‍ ബെല്‍റ്റില്‍ ഉള്ള വസ്തുക്കളെ വിചിത്രമായി ചലിപ്പിക്കുന്നതും അതിന്റെ ഒക്കെ ഭ്രമണപഥത്തില്‍ വ്യതിയാനങ്ങള്‍ വരുത്തുന്നതും ഇത്തരം ഒരു മിനി ബ്ലാക്ക് ഹോള്‍ ആയിരിക്കാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്. എന്തായാലും ഇതിനെ നേരിട്ട് ആര്‍ക്കും കാണാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ ഇത് സത്യമാണെന്ന് തെളിയിക്കാനും ആര്‍ക്കും കഴിയില്ല. ഇനി അഥവാ ഇത് സത്യമാണെങ്കിലും നമ്മള്‍ പേടിക്കേണ്ടത് ഇല്ല. ഭൂമിയും മറ്റു ഗ്രഹങ്ങളും ഒക്കെ സുരക്ഷിതമായിരിക്കും. കാരണം ഒരു സോളാര്‍ സിസ്റ്റത്തിനെ വിഴുങ്ങാന്‍ ഉള്ള ശക്തിയും വലിപ്പവും ഒന്നും പ്രൈമോര്‍ഡിയല്‍ ബ്ലാക്ക് ഹോളിനു ഉണ്ടായിരിക്കില്ല. ഒരുപക്ഷെ ശാസ്ത്രഞ്ജര്‍ വര്‍ഷങ്ങളായിട്ടു മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ഡാര്‍ക്ക് മാറ്റര്‍ വസ്തുക്കള്‍ ഇത്തരം പ്രൈമോര്‍ഡിയല്‍ ബ്ലാക്ക് ഹോളുകള്‍ ആയിരിക്കും. എന്ത് തന്നെയായിരുന്നാലും പ്ലാനറ്റ് എക്സ് എന്ന ഗ്രഹത്തിന്റെ ചുരുള്‍ അടുത്ത പത്ത് വര്‍ഷത്തിന് ഉള്ളില്‍ തന്നെ കണ്ടുപിടിക്കും എന്നാണ് ശാസ്ത്രഞ്ജരുടെ വിശ്വാസം.