ദേവദാരു
അനാവൃതബീജി സസ്യവിഭാഗത്തിലെ പൈനേസീ (Pinaceae) കുടുംബത്തിൽപ്പെടുന്ന ഔഷധ വൃക്ഷമാണ് ദേവദാരു. ശാസ്ത്രനാമം: സിഡ്രസ് ഡിയോഡര (Cedrus deodara). സംസ്കൃതത്തിൽ ദേവദാരു, സുരദാരു, ഭദ്രദാരു, ദേവകാഷ്ഠം, അരമദാസ, പാരിഭദ്ര, സ്നേഹവൃക്ഷാ, മസ്തദാരു, മഹാച്ഛദഃ എന്നീ പേരുകളിൽ അറിയപ്പെടുന്നു. 1,050മുതൽ 3,600വരെ മീറ്റർ ഉയരമുള്ള ഹിമാലയ പ്രദേശങ്ങളിൽ വന്യമായി വളരുന്ന ഈ വൃക്ഷം ഹിമാചൽ പ്രദേശ്, കാശ്മീർ, ഉത്തർപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾ, പഞ്ചാബ് എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു.ദേവദാരുവിന്റെ തടി ഈടും ഉറപ്പും ഉള്ളതാണ്.കടുപ്പവും സുഗന്ധവുമുള്ള കാതലിന് മഞ്ഞ കലർന്ന ഇളം തവിട്ടുനിറമായിരിക്കും. കാതലിൽനിന്ന് സെഡാർ തൈലം ലഭിക്കുന്നു. തടിയിലെ കറയോടുകൂടിയ ഈ തൈലത്തിലുള്ള ഒലിയോറെസിൻ (Oleoresin) ‘കലങ്കതേൻ’ എന്നറിയപ്പെടുന്നു. ടർപന്റയിൻ, കൊളെസ്റ്റെറിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഡിയോഡോറോൺ, സെൻഡാറോൾ, ഐസോ സെൻഡാറോൾ, ഓക്സിഡോണിമക്കാലിൻ തുടങ്ങിയ പദാർഥങ്ങളും ഈ തൈലത്തിൽനിന്നു വേർതിരിച്ചെടുത്തിട്ടുണ്ട്.