EncyclopediaGeneralTrees

നറുവരി

ബൊറാജിനേസീ (Boraginaceae) സസ്യകുടുംബത്തിലെ ഔഷധിയാണ് നറുവരി. കോർഡിയ ഡൈക്കോട്ടൊമ (Cordia dichotoma) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. സംസ്കൃതത്തിൽ ശ്ളേഷ്മാതകഃ, ബഹുവാഹകഃ, ഉദ്ദാലഃ, ശേലുഃ എന്നീ പേരുകളിൽ അറിയപ്പെടുന്ന നറുവരിയുടെ കായ്കൾക്കും മരത്തൊലിക്കും വിഭിന്ന ഔഷധഗുണങ്ങളുണ്ട്. അതിനാലാണ് ബഹുഗുണങ്ങൾ ഉള്ളത് എന്ന അർഥത്തിൽ സംസ്കൃതത്തിൽ ബഹുവാഹകഃ എന്ന് ഈ വൃക്ഷത്തെ നാമകരണം ചെയ്തിരിക്കുന്നത്.ഗുജറാത്തിൽ ധാരാളമായി കണ്ടുവരുന്ന നറുവരിവൃക്ഷം പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും വളരുന്നുണ്ട്.ആയുർവേദവിധിപ്രകാരം കായ്, മരത്തൊലി, ഇല എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. വാതപിത്ത രോഗങ്ങൾ ശമിപ്പിക്കുകയും കഫം വർധിപ്പിക്കുകയും ചെയ്യുന്ന കായ്കൾ ശ്വാസകോശരോഗങ്ങൾ ശമിപ്പിക്കുകയും ശ്വാസകോശത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. കായ് മൂത്രാശയസംബന്ധമായ രോഗങ്ങൾക്കും മലബന്ധത്തിനും ഉത്തമ ഔഷധമാണ്. മരത്തൊലി വിഷഹരവും കുഷ്ഠം, ചർമരോഗങ്ങൾ, അതിസാരം എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നതുമാണ്. ഇല അരച്ച് പുഴുക്കടിയുള്ള ഭാഗത്ത് ലേപനം ചെയ്താൽ ശമനം കിട്ടും. ഇല ചതച്ച് പല്ലുതേച്ചാൽ പല്ലുവേദനയ്ക്കു ശമനമുണ്ടാകും.