EncyclopediaMajor personalities

ഡി.എസ്. സേനാനായകെ

ശ്രീലങ്കയുടെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഡി.എസ്. സേനാനായകെ എന്ന ഡോൺ സ്റ്റീഫൻ സേനാനായകെ . ബ്രിട്ടനിൽ നിന്ന് ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് ഇദ്ദേഹമാണ് നേതൃത്വം നൽകിയത്. 1948-ൽ രാജ്യം സ്വതന്ത്രമായപ്പോൾ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇദ്ദേഹം 1952-ൽ മരിക്കുന്നതു വരെയും ആ പദവിയിൽ തുടർന്നു. ഡി.എസ്. സേനാനായകെയെ ശ്രീലങ്കയുടെ രാഷ്ട്രപിതാവായാണ് കണക്കാക്കുന്നത്.

ആദ്യകാല ജീവിതം

1883 ഒക്ടോബർ 21-ന് ശ്രീലങ്കയിലെ ബോട്ടലെ എന്ന ഗ്രാമത്തിൽ മുതലിയാർ ഡി.എസ്. സേനാനായകെയുടെയും ഡോണ കാതറീന എലി സബത്തിന്റെയും പുത്രനായാണ് ഡി. എസ്. സേനാനായകെ ജനിച്ചത്.  അദ്ദേഹത്തിന് ഫ്രഡറിക് റിച്ചാർഡ് സേനാനായകെ, ഡോൺ ചാൾസ് സേനാനായകെ എന്നീ രണ്ടു സഹോദരൻമാരും മറിയ ഫ്രാൻസിസ് സേനാനായകെ എന്ന സഹോദരിയുമുണ്ടായിരുന്നു. മുട്വാളിലെ എസ്. തോമസ് കോളേജിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം സർവേയർ ജനറൽ ഡിപ്പാർട്ട്മെന്റിൽ ക്ലർക്കായി ജോലി നോക്കി. പിന്നീട് പിതാവിന്റെ റബ്ബർ തോട്ടത്തിൽ പ്ലാന്ററായും ജോലി ചെയ്തു.

രാഷ്ട്രീയജീവിതം

1912-ൽ മൂന്ന് സേനാനായകെ സഹോദരന്മാരുടെയും നേതൃത്വത്തിൽ ടെംപറൻസ് മൂവ്മെന്റിന് തുടക്കം കുറിച്ചു. 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ മൂവരും കൊളംബോ ടൗൺ ഗാർഡിൽ ചേർന്നു. 1915-ൽ നടന്ന കലാപങ്ങളെ ബ്രിട്ടൻ ക്രൂരമായി അടിച്ചമർത്തുകയും സേനാനായകെ സഹോദരന്മാരെ ജയിലിലടയ്ക്കുകയും ചെയ്തു. ഡി.എസ്. സേനാനായകെയും സഹോദരൻ ചാൾസും ലങ്കാ മഹാജനസഭയിലെ പ്രധാന പ്രവർത്തകരായിരുന്നു. ചാൾസും ഫ്രഡറിക്കും യംഗ് മെൻസ് ബുദ്ധിസ്റ്റ് അസോസിയേഷനെ പിന്തുണച്ചിരുന്നു. ഫ്രഡറിക്കിനോടൊപ്പം ഡി. എസ്. സേനാനായകെ സ്വാതന്ത്ര്യസമരത്തിൽ ശക്തമായി മുന്നേറി. 1924-ൽ നെഗൊമ്പോയെ പ്രതിനിധീകരിച്ച് ഡി.എസ്. സേനാനായകെ സിലോൺ നിയമനിർമ്മാണ സമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 1925-ൽ സഹോദരൻ ഫ്രഡറിക് ബോധ്ഗയയിലേക്കുള്ള തീർത്ഥാടനത്തിനിടെ മരണമടഞ്ഞതോടെ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഡി.എസ്. സേനാനായകെ ഏറ്റെടുത്തു.

1931-ൽ സിലോൺ നാഷണൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് സിലോൺ സ്റ്റേറ്റ് കൗൺസിലിലേക്ക് സേനാനായകെ തെരഞ്ഞെടുക്കപ്പെടുകയും കൃഷി വകുപ്പ് മന്ത്രിയാവുകയും ചെയ്തു. സിലോണിലെ നെല്ല് ക്ഷാമത്തെ നേരിടാനായി ലാൻഡ് ഡെവലപ്മെന്റ് ഓർഡിനൻസ് പുറത്തിറക്കിയത് അദ്ദേഹത്തെ ജനപ്രിയനാക്കി. പിന്നീട് 15 വർഷത്തോളം അദ്ദേഹം മന്ത്രിപദവിയിൽ തുടർന്നു.

സ്വാതന്ത്ര്യസമരം

1942 ഡിസംബറിൽ ഡോൺ ബാരോൺ ജയതിലകയുടെ മരണശേഷം സേനാനായകെ ശ്രീലങ്കൻ പാർലമെന്റിന്റെ അധ്യക്ഷ പദവി ഏറ്റെടുത്തു. മന്ത്രിസഭാ വൈസ് ചെയർമാന്റെ ചുമതലയും അദ്ദേഹം നിർവ്വഹിച്ചു. 1943 മേയ് 26-ന് ബ്രിട്ടീഷ് സർക്കാർ സിലോണിലെ മന്ത്രിമാരുടെ അധികാരം ഇല്ലാതാക്കുന്നതിനായി ഭരണഘടനയിൽ മാറ്റം കൊണ്ടുവരുന്നതായി പ്രഖ്യാപിച്ചു. ഇതിൽ പ്രതിഷേധിച്ച് നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച സേനാനായകെ രാജ്യത്തിന് ഡൊമിനിയൻ പദവി നൽകണമെന്ന് ശക്തമായി വാദിച്ചു. ഇതിനായി അദ്ദേഹം യുണൈറ്റഡ് നാഷണൽ പാർട്ടി (UNP) രൂപീകരിച്ചു.

1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ സർ ആർതർ ക്രീച്ച് ജോൺസിനെ കൊളോണിയൽ സെക്രട്ടറിയായി നിയമിച്ചു. അദ്ദേഹത്തോട് സോൾബറി കമ്മീഷൻ ശുപാർശ പ്രകാരം പുതിയ ഭരണഘടന കൊണ്ടുവരണമെന്ന് സേനാനായകെ ആവശ്യപ്പെട്ടു. തുടർന്ന് സേനാനായകെയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾക്കൊടുവിൽ ശ്രീലങ്കയ്ക്കു സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടൻ തയ്യാറായി. 1947 ഓഗസ്റ്റിൽ പാർലമെന്റ് തെരഞ്ഞെടുപ്പും നടന്നു. അതേവർഷം ഡിസംബറിൽ സിലോണിനു സ്വാതന്ത്ര്യം നൽകുന്നതു സംബന്ധിച്ച നിയമം പാർലമെന്റ് പാസാക്കി. 1947 ഡിസംബർ 11-ന് സേനാനായകെയും ബ്രിട്ടനും തമ്മിൽ ഒപ്പുവച്ച പ്രതിരോധ ഉടമ്പടി സിലോണിന്റെ സ്വാതന്ത്ര്യത്തിലേക്ക് വഴിതുറന്നു. പൊതു തെരഞ്ഞെടുപ്പിൽ സേനാനായകെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കിലും ഓൾ സിലോൺ തമിഴ് കോൺഗ്രസുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാൻ സാധിച്ചു. അതോടെ ഡി.എസ്. സേനാനായകെ ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രിയായി അധികാരമേറ്റു. 1948 ഫെബ്രുവരി 4-ന് സിലോൺ സ്വതന്ത്രമായി.

പ്രധാനമന്ത്രിയായ ശേഷം ഡി.എസ്. സേനാനായകെ ഒരു സ്വതന്ത്ര രാജ്യത്തിനു വേണ്ട സ്ഥാപനങ്ങൾ തുടങ്ങുന്നതിലാണ് മുഖ്യമായും ശ്രദ്ധിച്ചത്. ശ്രീലങ്കയ്ക്ക് അപ്പോഴും വ്യാപാരം, പ്രതിരോധം, വിദേശകാര്യം എന്നീ കാര്യങ്ങളിൽ ബ്രിട്ടനെ ആശയിക്കേണ്ടി വന്നു. ബ്രിട്ടനുമായി നല്ല ബന്ധം തുടർന്ന സേനാനായകെ 1950-ൽ ബ്രിട്ടന്റെ പ്രിവി കൗൺസിലിലും അംഗമായി. പ്രധാനമന്ത്രി പദത്തിനു പുറമെ പ്രതിരോധം, വിദേശകാര്യം, ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അനുരാധപുരം പോലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ സംരക്ഷണത്തിനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് ശ്രീലങ്ക കോമൺവെൽത്തിൽ അംഗമാകുന്നത്.

മരണം

1952 മാർച്ച് 22-ന് തന്റെ 68-ആം വയസ്സിൽ പക്ഷാഘാതത്തെ തുടർന്ന് ഡി.എസ്. സേനാനായകെ അന്തരിച്ചു.