EncyclopediaInsectsWild Life

ചുട്ടിമയൂരി

സുന്ദരമായ ഒരു ചിത്രശലഭമാണ് ചുട്ടിമയൂരി. മയില്‍പ്പീലിത്തുണ്ടുപോലെ മരതക പച്ചനിറമുള്ള ഇവ നമ്മുടെ നാട്ടിലെ ശലഭങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഭംഗിയുള്ള ഒന്നാണ്. ചുട്ടിമയൂരിക്ക് വെയില്‍ കായുന്ന സ്വഭാവമുണ്ട്. മഴകഴിഞ്ഞുള്ള മാസങ്ങളിലാണ് ഇവയെ ധാരാളമായി കണ്ടുവരുന്നത്.
പിന്‍ചിറകില്‍ മേല്‍ഭാഗത്ത് പച്ചകലര്‍ന്ന തിളങ്ങുന്ന നീലച്ചുട്ടിയും കീഴ്ഭാഗത്തായി ചുവന്ന പാടുകളും ഉണ്ടാവും.
ഇവ നനഞ്ഞ നിലത്ത് ഈര്‍പ്പം വലിച്ചെടുക്കാന്‍ ഇരിക്കാറുണ്ട്. തേന്‍നുകരുന്ന പതിവുണ്ട്. നാരകം, കാട്ടുതുടലി, കനല എന്നീ സസ്യങ്ങളിലാണ് ചുട്ടിമയൂരി മുട്ടയിടുന്നത്. ഇവയുടെ ശലഭപ്പുഴുവിന് തിളങ്ങുന്ന പച്ചനിറമാണ്‌.
ചുട്ടിമയൂരിയോട് സാദൃശ്യമുള്ള രണ്ടിനം ശലഭങ്ങളെ കേരളത്തില്‍ കണ്ടുവരുന്നുണ്ട്. ഇവയെ ബുദ്ധമയൂരിയെന്നും നാട്ടുമയൂരിയെന്നുമാണ് വിളിക്കുന്നത്. ബുദ്ധമയൂരിയെ വനപ്രദേശങ്ങളിലും നാട്ടുമയൂരിയെ നാട്ടിന്‍പുറങ്ങളിലും കണ്ടുവരുന്നു.