EncyclopediaMajor personalities

ചേതൻ ഭഗത്

ഒരു ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റാണ്‌ ചേതൻ ഭഗത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡെൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടിയ ഇദ്ദേഹം ഫൈവ് പോയന്റ് സംവൺ – വാട്ട് നോട്ട് ടു ഡു അറ്റ് ഐഐടി , വൺ നൈറ്റ് അറ്റ് ദി കോൾ സെന്റർ , ദ ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ് , 2 സ്റ്റേറ്റ്സ് – ദി സ്റ്റോറി ഓഫ് മൈ മാര്യേജ്, റെവല്യൂഷൻ 2020: ലവ്, കറപ്ഷൻ, അമ്പീഷൻ എന്നീ അഞ്ചു നോവലുകൾ രചിച്ചിട്ടുണ്ട്. ഈ അഞ്ച് പുസ്തകങ്ങളും പുറത്തിയ ദിവസം മുതൽ ബെസ്റ്റ് സെല്ലേഴ്സ് ആയി തുടരുന്നു. വൺ നൈറ്റ് അറ്റ് കോൾ സെന്റർ എന്ന നോവലിനെ ആധാരമാക്കി “ഹലോ” എന്ന ഹിന്ദിച്ചിത്രത്തിനു തിരക്കഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഫൈവ് പോയന്റ് സംവൺ എന്ന പുസ്തകത്തിനെ ആസ്പദമാക്കി ചിത്രികരിച്ച സിനിമയാണ് 3 ഇഡിയറ്റ്സ് (2009). ബോളിവുഡ് സിനിമ ചരിത്രത്തിൽ ഏറ്റവും കുടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
ദി ന്യൂയോർക്ക് ടൈംസ് ദിനപത്രം ഭഗത്തിനെ വിശേഷിപ്പിക്കുന്നത് “ഇന്ത്യ കണ്ട ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ ഇംഗ്ലീഷ് കഥാകൃത്ത്” എന്നാണ്.
ടൈം മാഗസിൻ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ലോകത്തെ ഏറെ സ്വാധീനിച്ച 100 വ്യക്തികളിലൊരാൾ എന്നാണ്. ഭഗത്, യുവജനതയെ ലക്ഷ്യമിട്ട് ദി ഗാർഡിയൻ, ദി ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ഭാസ്കർ തുടങ്ങി ഇംഗ്ലീഷ് ഹിന്ദി ദിനപത്രങ്ങളിൽ കോളങ്ങളും എഴുതുന്നുണ്ട്. ദേശീയ രാഷ്ട്രീയകാര്യങ്ങളിലും സജീവമായി ഇടപെടുന്നു.
ആദ്യകാല ജീവിതം
പടിഞ്ഞാറൻ ഡൽഹിയിൽ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ പിറന്ന ഭഗത്തിന്റെ അച്ഛൻ ആർമ്മിയിലായിരുന്നു. അമ്മ കൃഷിവകുപ്പിൽ ഉദ്യ്യോഗസ്ഥയും. ഡൽഹിയിലായിരുന്നു ഭഗത്തിന്റെ കൂടുതൽ പഠനകാലവും. ന്യൂഡൽഹിയിലെ ആർമ്മി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. (1978–1991). ഡൽഹിയിലെ ഐ.ഐ.ടി. യിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് പഠിച്ചിറങ്ങി.(1991–1995). ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും ബിരുദവും സമ്പാദിച്ചു.(1995–1997). ബിരുദത്തിനു ശേഷം ഹോങ്‌കോങ്ങിൽ ഇൻവെസ്റ്റ്മെന്റ് മാനേജരായി ജോലി തുടങ്ങി. അവിടെ നിന്നും മുംബൈയിലേക്ക് പറിച്ചുനടുന്നതിനു മുൻപത്തെ 11 കൊല്ലം ഭഗത്ത് ഹോങ്‌കോങ്ങിൽ തുടർന്നു. ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും മുഴുവൻ സമയ എഴുത്തുകാരനാവുകയും ചെയ്തു.
ജനപ്രിയ എഴുത്തുകാരൻ
ചെറിയ കാലയളവിൽ ഇന്ത്യൻ ജനതയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു എഴുത്തുകാരനുണ്ടാവില്ല. സാധാരണക്കാരന്റെ ജീവിതവും അവരുടെ പ്രശ്നങ്ങളുമാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ വിഷയം. തന്റെ പുസ്തകങ്ങൾക്കായി കാത്തിരിക്കുകയും ആവേശപൂർവ്വം വായിക്കുകയും ചെയ്യുന്ന വായനാസമൂഹത്തെ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ലളിതമായ ഭാഷയാണ് മറ്റൊരു ഘടകം. പ്രാദേശിക ഭാഷാസ്കൂളുകളിൽ പഠിക്കുന്നവർക്കുപോലും മനസ്സിലാവുന്ന ഭാഷ. വായിച്ചു വായിച്ചു കഥയെഴുത്തിലേക്ക് വന്നയാളാണ് ചേതൻ. ആളുകളെ രസിപ്പിക്കുന്ന തരത്തിൽ കഥ പറയുകയാണ് ചേതൻ ചെയ്യുന്നത്. ഓരോ വായനക്കാരന്റേയും ജീവിതവുമായി ബന്ധപ്പെടുത്താവുന്ന കഥാപാത്രങ്ങളും സംഭവങ്ങളും ചേതന്റെ നോവലിൽ കാണാം.
ട്വിറ്ററും ബ്ലോഗും രാഷ്ട്രീയ നിലപാടുകളും
കഥയെഴുത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന ആളാണ് ചേതൻ ഭഗത്ത്. ട്വിറ്ററിലൂടെയും സ്വന്തം ബ്ലോഗിലൂടെയുമാണ് ചേതന്റെ “സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനം”.ലോക്‌പാൽ, അഴിമതി, കള്ളപ്പണം എന്നീ വിഷയങ്ങളിൽ ചേതൻ സ്വീകരിക്കുന്ന നിലപാടുകൾ ചർച്ച ചെയ്യപ്പെടുന്നു. രാംലീല മൈദാനത്ത് ഉപവാസത്തിലേർപ്പെട്ട അന്നാ ഹസാരെയെ അറസ്റ്റ് ചെയ്തതിനെ ദേശീയ ദുരന്തം എന്നാണ് ചേതൻ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്.