EncyclopediaWild Life

ആഫ്രിക്കന്‍ വേട്ടനായ്

നൂറോളം പേരുടെ സംഘമായി എപ്പോഴും യാത്ര. ഇടയ്ക്ക് കുഞ്ഞുങ്ങളെ  വളര്‍ത്താന്‍ മാത്രം കുറച്ചുകാലം എവിടെയെങ്കിലും തങ്ങും. അവ നടക്കാറായാല്‍ വീണ്ടും യാത്രയാരംഭിക്കും. ഇങ്ങനെ നാടോടികളായി ജീവിക്കുന്ന കൂട്ടരാണ് ആഫ്രിക്കന്‍ വേട്ടനായ്ക്കള്‍ .

ഓരോ കൂട്ടത്തിനും തലവനുണ്ടാകും. സംഘത്തലവന്‍ ചാകും വരെ സംഘം ഒരുമിച്ചു കഴിയും. അതിന് ശേഷം സംഘാംഗങ്ങള്‍ പുതിയ സംഘങ്ങള്‍ ഉണ്ടാക്കുന്നു. സിംഹങ്ങളില്‍ നിന്നും മറ്റു വന്‍ ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ ഈ സഞ്ചാരജീവിതം അവയ്ക്ക് സഹായകമാകുന്നു. മാനുകളേയും മറ്റും ഒറ്റയ്ക്ക് പിടികൂടാനും കൊല്ലാനും പറ്റുമെങ്കിലും വേട്ടാനായ്ക്കള്‍ കൂട്ടമായെ വേട്ടക്കിറങ്ങാറുള്ളൂ. ഇരയെ ശാപ്പിടുന്നതും കൂട്ടമായി തന്നെ. ഒന്നരവയസ്സാകുന്നതോടെ കുഞ്ഞുങ്ങളും വേട്ടയ്ക്ക് സഹായിക്കും ! പ്രായപൂര്‍ത്തിയായ കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ സംഘം വിടും. മറ്റു ചിലപ്പോള്‍ കൊച്ചു കുഞ്ഞുങ്ങളെ സഹായിക്കാന്‍ സംഘത്തില്‍ തന്നെ തുടരും. ഒരു സംഘം ആറു വര്‍ഷം വരെ നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 ആഫ്രിക്കന്‍ വേട്ടാനായ്ക്കളുടെ ശരീരത്തില്‍ കറുപ്പും, വെളുപ്പും,മഞ്ഞ കലര്‍ന്ന തവിട്ടു നിറത്തിലുമുള്ള അടയാളങ്ങള്‍ കാണാം. വലിയ വട്ടച്ചെവികളും അവയുടെ പ്രത്യേകതയാണ്. ബലമുള്ള രോമങ്ങള്‍ നിറഞ്ഞ നീളന്‍ വാലുമുണ്ട്. കാല്‍പ്പാദങ്ങളില്‍ കഴുതപ്പുലികളെ അഞ്ച് വിരലുകള്‍ ഇവയ്ക്കുണ്ട്. മൂന്നടി മുതല്‍ അഞ്ചടി വരെ നീളമുള്ള ഇവയ്ക്ക് 36 കിലോഗ്രാമോളം ഭാരം കാണും. ഇവര്‍ പരമാവധി എത്രകാലം ജീവിച്ചിരിക്കുമെന്നു കണക്കാക്കപ്പെട്ടിട്ടില്ല. വംശനാശ ഭീഷണി നേരിടുന്നവരാണ് ഇവര്‍.