പഞ്ചനേത്രി
തുള്ളിത്തുള്ളി പറക്കുന്ന ഒരു പൂമ്പാറ്റയാണ് പഞ്ചനേത്രി. ചിറകില്‍ കണ്ണുകള്‍ പോലുള്ള അഞ്ചു പൊട്ടുകളുള്ളതിനാലാണ് പഞ്ചനേത്രി എന്ന പേരുകിട്ടിയത്. കാട്ടുപ്രദേശങ്ങളിലാണ് താമസം. എന്നാല്‍, ഇടതൂര്‍ന്ന കാടുകള്‍ ഇവയ്ക്കു ഇഷ്ടമല്ല. ചിറകുകള്‍ പകുതി തുറന്ന് വെയില്‍കായുന്ന സ്വഭാവമുണ്ട്. ചിറകുകള്‍ക്ക് തവിട്ടു നിറമാണ്. മുന്‍ചിറകുകളില്‍ സ്വര്‍ണവൃത്തത്തില്‍ കാണുന്ന വലിയ പൊട്ട് ആരെയും ആകര്‍ഷിക്കുന്നതാണ്. സൂക്ഷിച്ചുനോക്കിയാല്‍ ഏഴു പൊട്ടുകള്‍ കാണാം. വേനല്‍ക്കാലത്ത് കാട്ടരുവികളുടെ തീരത്ത് ഇവ പറന്നുല്ലസിച്ചു നടക്കാറുണ്ട്. വര്‍ഷത്തില്‍ ഏതുകാലത്തും കാണാവുന്ന ഒരു ശലഭമാണ് പഞ്ചനേത്രി. പുല്‍വര്‍ഗസസ്യങ്ങളിലാണ് മുട്ടയിടുന്നത്.