EncyclopediaGeneralTrees

നന്ത്യാർവട്ടം

അപോസിനേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു ചെടിയാണ് നന്ത്യാർവട്ടം’. നമ്പ്യാർവട്ടം എന്നും ചിലയിടങ്ങളിൽ പറയപ്പെടുന്നു.“ടാബർനെമൊണ്ടാന ഡൈവെർട്ടിക“(Tabernaemontana divaricata) എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം. എർവട്ടാമിയ കൊറോണേറിയ (Ervattamia Coronaria) എന്ന പേരിലാണ് മുൻകാലങ്ങളിൽ ഇത് അറിയപ്പെട്ടിരുന്നത്. സംസ്കൃതത്തിൽ നന്ദിവൃക്ഷഃ, വിഷ്ണുപ്രിയ, ക്ഷീരീ എന്നീ പേരുകളിൽ നന്ത്യാർവട്ടം അറിയപ്പെടുന്നു. ഹിന്ദിയിൽ ‘ചമേലി’ എന്നും ‘ചാന്ദിനി’ എന്നും പറയുന്നു.നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. നേത്ര രോഗങ്ങൾക്കും ചർമ്മ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം. വേര്, തൊലി, തടി എന്നിവയിൽ ടാർബണേ മൊണ്ടാനിൻ എന്ന ആൽക്കലോയ്ഡും അടങ്ങിയിരിക്കുന്നു. വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ അരച്ചു കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടത്തിന്റെ പുഷ്പങ്ങൾ പൂമാലകളുണ്ടാക്കാനും ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും ഉപയോഗിക്കുന്നു. ഉദ്യാനങ്ങളിലും ഈ ചെടിക്ക് നല്ല ഒരു സ്ഥാനമുണ്ട്.