തകരമുത്തി
ദേശാടനം നടത്തുന്ന പൂമ്പാറ്റയാണ് തകരമുത്തി. ഇവ മിക്കവാറും ചെറുകൂട്ടമായിട്ടാണ് സഞ്ചരിക്കുന്നത്. പ്രധാനമായും തേന്‍ തേടിയാണ് ഇവ യാത്ര ചെയ്യുന്നത്. വിശ്രമമില്ലാതെ പറന്നുനടക്കുന്ന തകരമുത്തിയെ ഇന്ത്യയില്‍ മാത്രമല്ല, മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും അഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും കാണാം.
കാട്ടിലും നാട്ടിലും പറന്നുനടക്കുന്ന തകരമുത്തിയുടെ നിറം വെള്ളയോ നീല കലര്‍ന്ന വെള്ളയോ ആണ്. ചിറകുകളില്‍ അവിടെയായി തവിട്ടുപുള്ളികള്‍ കാണാവുന്നതാണ്. ആണ്‍ശലഭത്തിന് ചിറകിന്റെ അരിക് കറുത്തതായിരിക്കും.ചിറകില്‍ തിളങ്ങുന്ന വെള്ളനിറത്തിലുള്ള രണ്ടോ മൂന്നോ പുള്ളിക്കുത്തുകളുണ്ടാവും.
വെയില്‍ കായുന്ന ശീലക്കാരാണ് തകരമുത്തികള്‍. ഇവയിലെ ആണ്‍പൂമ്പാറ്റകള്‍ പൂന്തേന്‍ കഴിക്കുന്നതിനോടൊപ്പം മറ്റു ഭക്ഷണസാധനങ്ങളും രുചിക്കാറുണ്ട്. ഇവ വളരെ ഉയരത്തില്‍ പറക്കാറില്ല, എന്നാല്‍ വളരെ വേഗത്തിലാണ് ഇവയുടെ പറക്കല്‍. വിശ്രമിക്കാന്‍ താത്പര്യമില്ലാത്ത മട്ടിലാണ് ഇവയുടെ യാത്ര.
തകരയും കണിക്കൊന്നയുമാണ് തകരമുത്തിയുടെ പ്രിയപ്പെട്ട ചെടികള്‍. അവയിലാണ് ഇവ മുട്ടയിടയുന്നത്. ഒരേ സമയം നിരവധി മുട്ടകള്‍ വിരിഞ്ഞ് ശലഭപ്പുഴുക്കള്‍ പുറത്തു വരും. തകരമുത്തിയുടെ ലാര്‍വകള്‍ക്ക് വീതി കൂടിയ കറുത്ത വരകളുണ്ട്. പ്യൂപ്പകള്‍ മിക്കവാറും ഇലകള്‍ക്കിടയില്‍ മറഞ്ഞിരിക്കും.