CountryEncyclopediaHistory

സൗത്ത് ആഫ്രിക്ക

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുള്ള രാജ്യമാണ് റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക. ഈ രാജ്യത്തിന്റെ അതിർത്തികൾ നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്ക്, സ്വാസിലാന്റ്, ലെസോത്തോ എന്നിവയാണ്. (ലെസോത്തോ സൗത്ത് ആഫ്രിക്കയാൽ നാലു വശവും ചുറ്റപ്പെട്ട ഒരു സ്വതന്ത്ര രാജ്യമാണ്). ദക്ഷിണാഫിക്കയ്ക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിനോടും ഇന്ത്യൻ മഹാസമുദ്രത്തിനോടുമായി തൊട്ടുകിടക്കുന്ന 2,798 കിലോമീറ്റർ (9,180,000 അടി) കടൽത്തീരമുണ്ട് കോമൺ‌വെൽത്ത് ഓഫ് നേഷൻസിന്റെ അംഗമായ സൗത്ത് ആഫ്രിക്ക, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായി കരുതപ്പെടുന്നു. സാംസ്കാരികമായി വളരേയേറെ വൈവിധ്യം പുലർത്തുന്ന് ഇവിടെ ഭരണഘടന ആഫ്രിക്കാൻസ് (Afrikaans), ഇംഗ്ലീഷ്, , ഇസിസുലു (Zulu), സെറ്റ്സ്വാന (Tswana) ഇസിക്സ്ഹോസ (Xhosa), സിറ്റ്സോങ്ഗ (Tsonga, Xitsonga), സെസോതോ (Southern Sotho), സെസോതോ സ ലെബൊ (Northern Sotho), ഇസിന്റിബെലെ (Southern Ndebele), സിസ്വാതി (Swazi), ഷിവെൻഡ (Venda), എന്നീ പതിനൊന്ന് ഭാഷകളെ ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുണ്ട് .
ഭരണകൂടം
പാർലമെന്റ് കേപ് ടൗൺ
പ്രസിഡന്റ് രാഷ്ട്രത്തലവനായുള്ള ഭരണസമ്പ്രദായമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. ഗവണ്മെന്റിന്റെ തലവൻകൂടിയായ പ്രസിഡന്റിനെ അഞ്ചുവർഷക്കാലത്തേക്കു തെരഞ്ഞെടുക്കുന്നു. പാർലമെന്റിന്റെ രണ്ട് സഭകളിൽ ഒന്നായ നാഷണൽ അസംബ്ലിയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഭരണ കാര്യങ്ങൾക്കായി മന്ത്രിസഭയെ നിയമിക്കുന്നത് പ്രസിഡന്റാണ്.
നാഷണൽ അസംബ്ലിയും നാഷണൽ കൗൺസിൽ ഒഫ് പ്രോവിൻസസും ആണ് പാർലമെന്റിന്റെ രണ്ട് സഭകൾ. നാഷണൽ അസംബ്ളിയിൽ 400 അംഗങ്ങളുണ്ട്. ഇവരെ ജനങ്ങൾ നേരിട്ട് തെരഞ്ഞെടുക്കുന്നു. അഞ്ചുവർഷമാണ് സഭയുടെ കാലാവധി. നാഷണൽ കൌൺസിൽ ഒഫ് പ്രോവിൻസസിൽ 90 അംഗങ്ങളാണുള്ളത്. രാജ്യത്തിലെ ഒൻപത് പ്രവിശ്യാനിയമസഭകൾ ഓരോന്നും പത്ത് അംഗങ്ങളെ വീതം ഈ സഭയിലേക്കു തെരഞ്ഞെടുക്കുന്നു. ഈ സഭയുടെയും കാലാവധി അഞ്ചുവർഷമാണ്. പ്രാദേശിക താത്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള പ്രത്യേക അധികാരങ്ങൾ നാഷണൽ കൌൺസിൽ ഒഫ് പ്രോവിൻസസിനുണ്ട്.
നിരവധി രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ സംഘടനകളും രാജ്യത്ത് പ്രവർത്തിക്കുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (A.N.C), കൺസർവേറ്റിവ് പാർട്ടി (C.P), ഡെമോക്രാറ്റിക് പാർട്ടി (D.P.), ലേബർ പാർട്ടി (L.P.), നാഷണൽ പാർട്ടി (N.P. അഥവാ Nats), നാഷണൽ പീപ്പിൾസ് പാർട്ടി (N.P.P) എന്നിവയാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ആഫ്രിക്കൻ റെസിസ്റ്റൻസ് മൂവ്മെന്റ്, അസാനിയൻ പീപ്പിൾസ് ഓർഗനൈസേഷൻ, പാൻ ആഫ്രിക്കനിസ്റ്റ് കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ സംഘടനകളും ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്നു.
ഭരണഘടനാ കോടതി (Constitutional Court), സുപ്രീം കോടതി (Supreme court of appeals), ഹൈക്കോടതികൾ, മജിസ്റ്റ്രേറ്റ് കോടതികൾ എന്നിവയാണ് നീതിന്യായരംഗത്തുള്ള കോടതികൾ. റോമൻ-ഡച്ച് ലോ, ഇംഗ്ലിഷ് കോമൺ ലോ എന്നിവയാണ് നീതിന്യായ നിർവഹണത്തിന് അടിസ്ഥാനം.
ഭൂമിശാസ്ത്രം
വിസ്തൃതമായ പീഠഭൂമികളും ഉത്തുംഗമായ പർവതങ്ങളും ആഴമേറിയ താഴ്വരകളും മരുഭൂമികളും നിറഞ്ഞ ഭൂപ്രകൃതിയാണ് ദക്ഷിണാഫ്രിക്കയുടേത്. അസാധാരണമായ പ്രകൃതിസൗന്ദര്യവും മനോഹരമായ കടൽത്തീരങ്ങളും പ്രസിദ്ധമായ സഫാരി പാർക്കുകളും വന്യജീവി സംരക്ഷണകേന്ദ്രങ്ങളും ഊഷ്മളമായ കാലാവസ്ഥയും ദക്ഷിണാഫ്രിക്കയെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ദക്ഷിണാഫ്രിക്കയെ ഭൂപ്രകൃതിയനുസരിച്ച് അഞ്ച് പ്രധാന മേഖലകളായി വിഭജിച്ചിരിക്കുന്നു. പീഠഭൂമി, തീരദേശം, കേപ് പർവതപ്രദേശം, കൽഹാരി മരുഭൂമി, നമീബ് മരുഭൂമി എന്നിവയാണ് ആ മേഖലകൾ.
പീഠഭൂമി
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളായ ഡ്രാക്കൻസ്ബർഗ്
ദക്ഷിണാഫ്രിക്കയുടെ പ്രധാന ഭൂഭാഗമാണിത്. രാജ്യത്തിന്റെ മധ്യഭാഗത്തായി വ്യാപിച്ചിരിക്കുന്ന പീഠഭൂമിയെ വലയംചെയ്തു കാണപ്പെടുന്ന ‘ദ് ഗ്രെയ്റ്റ് എസ്കാർപ്മെന്റ്’ പീഠഭൂമിയെ തീരദേശത്തിൽനിന്നു വേർതിരിക്കുന്നു. ചെങ്കുത്തായ നിരവധി കുന്നുകളും പർവതങ്ങളും നിറഞ്ഞ ഗ്രെയ്റ്റ് എസ്കാർപ്മെന്റിന് രാജ്യത്തിന്റെ കിഴക്കൻ ഡ്രാക്കൻസ്ബർഗിലാണ് ഏറ്റവും കൂടിയ ഉയരം (3,350 മീ.) ഉള്ളത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ചാമ്പാജിൻ കാസ്റ്റൽ (3,375 മീ.) സ്ഥിതിചെയ്യുന്നത് ഡ്രാക്കൻസ്ബർഗിലാണ്. എസ്കാർപ്മെന്റിൽ നിന്ന് താഴേക്കു വരുന്തോറും ചരിവ് കുറഞ്ഞുവരുന്ന പീഠഭൂമിക്ക് ഹൈ വെൽഡ് (High Veld), മിഡിൽ വെൽഡ് (Middle Veld), ട്രാൻസ്വാൾ തടം (Transvaal Basin) എന്നിങ്ങനെ മൂന്ന് പ്രധാന ഉപമേഖലകളുണ്ട്. പീഠഭൂമിയുടെ വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ അഗ്രഭാഗങ്ങൾ ഒഴികെയുള്ള മേഖലയെ പ്രതിനിധാനം ചെയ്യുന്ന ഉപമേഖലയാണ് ഹൈ വെൽഡ്. സമുദ്രനിരപ്പിൽനിന്ന് സു. 1200 മീ.-നും 1800 മീ.-നും മധ്യേ ഉയരത്തിൽ സ്ഥിതിചെയ്യുന്ന വെൽഡ് ഉപമേഖലയുടെ ഭൂരിഭാഗവും പുൽമേടുകൾ നിറഞ്ഞ നിരപ്പാർന്ന ഭൂപ്രദേശമാണ്. ചിലയിടങ്ങളിൽ നിരപ്പാർന്ന മുകൾത്തട്ടോടുകൂടിയ പർവതങ്ങൾ ഉയർന്നു നില്ക്കുന്നു. ജോഹന്നാസ്ബർഗിനു ചുറ്റുമുള്ള ഹൈ വെൽഡ് ഉപമേഖലാപ്രദേശം വിറ്റ്വാട്ടേഴ്സ് റാൻഡ് (Witwaters Rand) അഥവാ റാൻഡ് എന്നറിയപ്പെടുന്നു. ഉദ്ദേശം 2,600 ച.കി.മീ. വിസ്തൃതിയുള്ള വിറ്റ്വാട്ടേഴ്സ് റാൻഡിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണഖനിയും ദക്ഷിണാഫ്രിക്കയിലെ പ്രധാന വ്യാവസായിക-വിപണന കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത്. ഫലവർഗങ്ങൾ, ചോളം, ഉരുളക്കിഴങ്ങ്, ഗോതമ്പ് എന്നിവയാണ് ഇവിടത്തെ പ്രധാന കാർഷികോത്പന്നങ്ങൾ. കന്നുകാലിവളർത്തലിലും ഇവിടം അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്.
സമുദ്രനിരപ്പിൽനിന്ന് 1,200 മീറ്ററോളം ഉയരമുള്ള ആഫ്രിക്കൻ പീഠഭൂമിയുടെ വടക്കു പടിഞ്ഞാറൻ ഭാഗമാണ് മിഡിൽ വെൽഡ്. വരണ്ടതും നിരപ്പാർന്നതുമായ ഈ പ്രദേശത്തിന്റെ കിഴക്കാണ് ട്രാൻസ്വാൾ തടം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് സു. 1,000 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ട്രാൻസ്വാൾ തടത്തിലെ ചില പർവതനിരകൾക്ക് 1,800 മീറ്ററിലധികം ഉയരമുണ്ട്. പ്രധാനമായും പുൽമേടുകൾ നിറഞ്ഞ ട്രാൻസ്വാൾ തടപ്രദേശത്തിൽ മുള്ളുള്ള വൃക്ഷങ്ങൾ അങ്ങിങ്ങായി വളരുന്നുണ്ട്. ലോകപ്രസിദ്ധ ഗെയിം റിസർവ് ആയ ക്രൂഗർ നാഷണൽ പാർക്ക് (Kruger National Park) സ്ഥിതിചെയ്യുന്നത് ട്രാൻസ്വാൾ തടത്തിലാണ്. ഫലങ്ങൾ, ചോളം, പുകയില എന്നിവയുടെ പ്രധാന ഉത്പാദന കേന്ദ്രം കൂടിയാണ് ഈ പ്രദേശം.
തീരദേശം
ദക്ഷിണാഫ്രിക്കയുടെ തെക്കുകിഴക്ക് മൊസാംബിക് മുതൽ കേപ് പർവതപ്രദേശം വരെയാണ് തീരദേശം വ്യാപിച്ചിരിക്കുന്നത്. തീരദേശത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾക്ക് താരതമ്യേന ഉയരം കുറവാണ്. എന്നാൽ ഡർബൻ മേഖലയിൽ ഭൂതലത്തിന് 600 മീറ്ററോളം ഉയരമുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ തീരദേശ വ്യാവസായിക കേന്ദ്രമായ ഡർബൻ തിരക്കേറിയ തുറമുഖ നഗരം, സുഖവാസകേന്ദ്രം എന്നീ നിലകളിലും ശ്രദ്ധേയമാണ്.
കേപ് പർവതപ്രദേശം
തീരപ്രദേശം മുതൽ നമീബ് മരുഭൂമി വരെ വ്യാപിച്ചിരിക്കുന്ന ഭൂഭാഗമാണ് കേപ് പർവതപ്രദേശം. രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കുവടക്കു ദിശയിലും തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറു ദിശയിലുമാണ് ഈ പർവതം സ്ഥിതിചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രധാന വ്യാവസായിക-തുറമുഖ നഗരമായ കേപ് ടൌണിന് വടക്കുകിഴക്ക് വച്ച് ഇവ സന്ധിക്കുന്നു. കേപ് ടൗണിനും ഗ്രെയ്റ്റ് എസ്കാർപ്മെന്റിനും മധ്യേസ്ഥിതിചെയ്യുന്ന ടേബിൾ ലാൻഡുകളാണ് ലിറ്റിൽ കരൂ(Little Karoo)വും ഗ്രെയ്റ്റ് കരൂവും (Great Karoo). ചെമ്മരിയാട്‌ വളർത്തലാണ് ഈ മേഖലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗം.
നമീബ്-കൽഹാരി മരുഭൂമികൾ
കേപ് പർവതത്തിനു തെക്ക് അത്ലാന്തിക് സമുദ്രത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന നമീബ് മരുഭൂമി നമീബിയ വരെ വ്യാപിച്ചിരിക്കുന്നു. മിഡിൽ വെൽഡിന് വടക്കു സ്ഥിതിചെയ്യുന്ന കൽഹാരി മരുഭൂമി ബോട്സ്വാനയുമായി അതിർത്തി പങ്കിടുന്നുണ്ട്. മരുഭൂമിയിലെ സസ്യ-മൃഗാദികളെ ഭക്ഷിച്ചു ജീവിക്കുന്ന നായാടികളാണ് ഇവിടത്തെ പ്രധാന ജനവിഭാഗം.
ജലസമ്പത്ത്
വളരെ ശുഷ്കമാണ് ദക്ഷിണാഫ്രിക്കയുടെ ജലസമ്പത്ത്. നീരൊഴുക്കു കുറഞ്ഞ ഇവിടത്തെ നദികൾ ഒന്നുംതന്നെ ഗതാഗതയോഗ്യമല്ല. ഓറഞ്ച് നദിയാണ് രാജ്യത്തിലെ ഏറ്റവും നീളമുള്ള നദി. ലെസോതോയിൽ നിന്ന് ഉദ്ഭവിക്കുന്ന ഓറഞ്ച് നദി ഉദ്ദേശം 2,100 കി.മീ. പടിഞ്ഞാറോട്ടൊഴുകി അത്ലാന്തിക് സമുദ്രത്തിൽ പതിക്കുന്നു. കിഴക്കൻ ട്രാൻസ്വാളിൽനിന്ന് ഉദ്ഭവിക്കുന്ന വാൾ നദിയാണ് (1,210 മീ.) ഇതിന്റെ പ്രധാന പോഷകനദി. 1,500 കി.മീ. നീളമുള്ള ലിംപോപോയാണ് മറ്റൊരു പ്രധാന നദി. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട തടാകങ്ങളും കാണപ്പെടുന്നുണ്ട്.
കാലാവസ്ഥ
ഭൂമധ്യരേഖയ്ക്കു തെക്കായി സ്ഥിതി ചെയ്യുന്നതിനാൽ ദക്ഷിണാഫ്രിക്കയിൽ ഉത്തരാർധഗോളത്തിലേതിനു വിപരീതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വർഷത്തിലുടനീളം ഊഷ്മളമായ കാലാവസ്ഥ അനുഭവപ്പെടുന്നു. തെളിഞ്ഞ ആകാശവും മിതമായ തോതിൽ ലഭിക്കുന്ന സൂര്യപ്രകാശവും ദക്ഷിണാഫ്രിക്കൻ കാലാവസ്ഥയുടെ പ്രത്യേകതയാണ്. എന്നാൽ ഉയരവ്യത്യാസത്തിന് ആനുപാതികമായി കാറ്റും സമുദ്രജലപ്രവാഹവും കാലാവസ്ഥയെ നിർണായകമാംവിധം സ്വാധീനിക്കുന്നുണ്ട്. ഉദാ. കേപ് പർവത പ്രദേശത്ത് മിതോഷ്ണവും വരണ്ടതുമായ വേനലും തണുത്തതും ഈർപ്പഭരിതവുമായ ശൈത്യവും അനുഭവപ്പെടുമ്പോൾ തീരപ്രദേശത്ത് ചൂടു കൂടിയ വേനൽക്കാലവും വരണ്ട ശൈത്യവുമാണ് അനുഭവപ്പെടുന്നത്. എന്നാൽ കിഴക്കൻ പീഠഭൂമി പ്രദേശത്ത് വേനൽക്കാലങ്ങളിൽ പകൽ ഉയർന്ന താപനിലയും രാത്രിയിൽ വളരെ താഴ്ന്ന താപനിലയും അനുഭവപ്പെടുന്നു. രാജ്യത്തിന്റെ നാലിലൊന്നു പ്രദേശത്തു മാത്രമേ വർഷത്തിൽ 65 സെന്റിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാറുള്ളൂ. കേപ് പർവത പ്രദേശം ഒഴികെയുള്ള ഭാഗങ്ങളിൽ വേനൽക്കാലത്താണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. രാജ്യത്തിന്റെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു വരുന്തോറും മഴയുടെ അളവ് പൊതുവേ കുറഞ്ഞുവരുന്നു. എന്നാൽ, കിഴക്കൻ തീരപ്രദേശത്തിലെ ചിലയിടങ്ങളിൽ വർഷത്തിൽ 100 സെ.മീ. വരെ മഴ ലഭിക്കാറുണ്ട്.
ജൈവസമ്പത്ത്
ദക്ഷിണാഫ്രിക്കയുടെ ജൈവസമ്പത്തിൽ സസ്യപ്രകൃതിക്ക് താരതമ്യേന അപ്രധാനമായ സ്ഥാനമേ ഉള്ളൂ. പൊതുവേ വിസ്തൃതി കുറഞ്ഞ വനപ്രദേശങ്ങളും കുറ്റിക്കാടുകളുമാണ് ഇവിടെ ഉള്ളത്. ഈസ്റ്റ് ലണ്ടൻ മുതൽ മൊസാംബിക് വരെയുള്ള തീരദേശത്ത് കുറ്റിച്ചെടികൾ മാത്രം വളരുന്ന കാടുകളും, താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളിൽ ബുഷ് വെൽഡ് അഥവാ ലോ വെൽഡ് എന്നു വിളിക്കുന്ന സാവന്നാ വനങ്ങളും കാണാം. തീരദേശത്തുനിന്ന് ഏകദേശം 160 കി.മീ. അകലെ കടലിനഭിമുഖമായി സ്ഥിതിചെയ്യുന്ന പർവത ചരിവുകളിലാണ് വൻ വൃക്ഷങ്ങൾ വളരുന്ന വനങ്ങൾ അധികവും കാണപ്പെടുന്നത്. ഈ വനങ്ങളിൽ ബ്ളാക്ക് സ്റ്റിങ്ക് വുഡിനു പുറമേ ബ്ളാക്ക് അയൺ വുഡ്, വൈറ്റ് പീർ, വാഹന നിർമ്മാണത്തിനുപയോഗിക്കുന്ന അസ്സഗായ് തുടങ്ങിയ വൻ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു.
ലോകപ്രസിദ്ധമായ നിരവധി വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ ദക്ഷിണാഫ്രിക്കയിലുണ്ട്. മൊസാംബിക് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ക്രൂഗർ (21,000 ച.കി.മീ.) ആണ് ദക്ഷിണാഫ്രിക്കയിലെ മുഖ്യ നാഷണൽ പാർക്ക്. ഉപോഷ്ണ മേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ആഫ്രിക്കയിൽ കാണപ്പെടുന്ന ഒട്ടുമിക്ക മൃഗങ്ങളുമുണ്ട്. വടക്കൻ നേറ്റാളിൽ ഉള്ള സുലുലൻഡിൽ സ്ഥിതിചെയ്യുന്ന ലുഹ്ലുവെ ഗെയിം റിസർവ് വെളുത്തതും കറുത്തതുമായ കാണ്ടാമൃഗങ്ങളുടെയും വിവിധയിനം കാട്ടുപോത്തുകളുടെയും പ്രധാന സംരക്ഷണ കേന്ദ്രമാണ്. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന കൽഹാരി നാഷണൽ പാർക്ക് അപൂർവയിനം വർണ മാനുകളുടെ പ്രധാന സംരക്ഷിത കേന്ദ്രമാണ്. പോർട്ട് എലിസബത്തിന് വടക്കു സ്ഥിതിചെയ്യുന്ന അഡോ എലിഫന്റ് പാർക്കിൽ ആന, കാട്ടുപോത്ത് എന്നീ മൃഗങ്ങളെയും അപൂർവയിനം വനസസ്യങ്ങളെയും കാണാം. കേപ് ടൌണിന് കിഴക്കുള്ള സുലുലൻഡ്, ഡ്രാക്കൻസ്ബർഗ് മേഖലകളിലും നിരവധി വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ ഉണ്ട്.
ദക്ഷിണാഫ്രിക്കയിൽ കാണപ്പെടുന്ന പക്ഷികളിൽ ശ്രദ്ധേയമായ ഒരിനമാണ് ഒട്ടകപ്പക്ഷി. കേപ് പ്രവിശ്യയിലെ ഒട്ടകപ്പക്ഷി വളർത്തൽ കേന്ദ്രം വ്യാവസായികാടിസ്ഥാനത്തിൽ തൂവൽ ഉത്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ്. ബുസ്റ്റാർഡ് ആണ് ദക്ഷിണാഫ്രിക്കയിൽ കൂടുതലായി കാണപ്പെടുന്ന മറ്റൊരിനം പക്ഷി. താറാവ്, എരണ്ട, സ്നിപെസ്, ഗ്വിനിയ ഫോൾ തുടങ്ങിയ ചെറുപക്ഷികളെയും ദക്ഷിണാഫ്രിക്കയിൽ ധാരാളമായി കാണാം. പാമ്പുകളെ കൊല്ലാൻ കഴിവുള്ള സെക്രട്ടറി ബേഡ് (Secretary bird) രാജ്യവ്യാപകമായി സംരക്ഷിക്കപ്പെടുന്നു. ഉരഗവർഗങ്ങളിൽ പാമ്പുകളും മുതലകളുമാണ് കൂടുതലായി ഉള്ളത്.
മത്സ്യസമ്പത്തിനാൽ സമ്പന്നമായ ദക്ഷിണാഫ്രിക്കയുടെ പുറം കടലിൽ വിവിധ ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ കാണപ്പെടുന്നു. ഭക്ഷ്യയോഗ്യമായ നിരവധി മത്സ്യങ്ങൾക്കു പുറമേ മഞ്ഞമത്സ്യം, ബാർബെൽ എന്നീ ഇനങ്ങളെയും ഇവിടെ കാണാം. പിക്കാർഡ്, റെഡ് ഫിഷ്, സൊലെ (sole), സിൽവർ ഫിഷ്, ചിപ്പി തുടങ്ങിയവയും ഇവിടെനിന്ന് ധാരാളമായി ലഭിക്കുന്നു.
ദക്ഷിണാഫ്രിക്കയുടെ ജനസംഖ്യാസന്ദ്രത
വംശീയ-ഭാഷാ വൈജാത്യങ്ങളുടെ നാടായ ദക്ഷിണാഫ്രിക്കയിൽ വ്യത്യസ്ത സംസ്കൃതികൾ പിന്തുടരുന്ന നിരവധി ജനവിഭാഗങ്ങൾ നിവസിക്കുന്നു. ദക്ഷിണാഫ്രിക്കൻ ജനസമൂഹത്തെ പ്രധാനമായും നാല് വംശീയ വിഭാഗങ്ങളായാണ് വിഭജിച്ചിട്ടുള്ളത്. 75% വരുന്ന കറുത്ത വർഗക്കാരാണ് ജനങ്ങളിൽ ഭൂരിപക്ഷം. എ.ഡി. 100-നും 1000-നും മധ്യേ ആഫ്രിക്കൻ വൻകരയുടെ വടക്കുനിന്ന് ഇന്നത്തെ ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ ഭാഗങ്ങളിൽ അധിവാസമുറപ്പിച്ചവരാണ് കറുത്തവർഗക്കാരുടെ പൂർവികരെന്ന് കരുതപ്പെടുന്നു. പ്രധാനമായും ഒൻപത് വംശീയ വിഭാഗങ്ങൾ ഉൾപ്പെടുന്ന കറുത്തവരിൽ സുലു (Zulu) വിഭാഗമാണ് ഭൂരിപക്ഷം. ഖൗസ (Xhosa) വിഭാഗമാണ് രണ്ടാം സ്ഥാനത്ത്. ശേഷിക്കുന്നവരിൽ സോതോ (Sotho), സ്വാന (Tswana), സ്വാസി (Swazi), ത് സോങ്ക (Tsonga), ഷാൻഗേ (Shangae), എൻഡ്ബെലെയ് (Ndebele), വേൻഡ (Venda) തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്നു.
ദക്ഷിണാഫ്രിക്കൻ ജനസംഖ്യയുടെ 13 ശതമാനത്തോളം വെള്ളക്കാരായ യൂറോപ്യൻ വംശജരാണ്. 17-ഉം 18-ഉം ശ.-ങ്ങളിൽ നെതർലൻഡ്, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നു കുടിയേറിയ ഇവരിൽ നല്ലൊരു വിഭാഗം മുഖ്യ വ്യവഹാര ഭാഷയായി ഉപയോഗിക്കുന്നത് ആഫ്രിക്കാൻസ് ആണ്. ഇംഗ്ലീഷിനും ഇവർക്കിടയിൽ പ്രചാരമുണ്ട്.
ജനസംഖ്യയുടെ ഒൻപതു ശതമാനത്തോളം വരുന്ന മിശ്ര വംശജരെ പൊതുവേ ‘കളേർഡ് പീപ്പിൾ’ (Coloured People) എന്നു വിളിക്കുന്നു. ആഫ്രിക്കാൻസ് ആണ് ഇവരിൽ ഭൂരിഭാഗവും ഉപയോഗിക്കുന്ന ഭാഷ. 1860-നും 1911-നും മധ്യേ ഇന്ത്യയിൽനിന്നു കുടിയേറിയ ഏഷ്യൻ വംശജർ ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം ഉണ്ട്.
വിദ്യാഭ്യാസം
വർണവിവേചനത്തിന്റെ കാലഘട്ടത്തിൽ കറുത്ത വർഗക്കാർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. 1990-കളോടെ രാജ്യത്തിലെ പ്രായപൂർത്തിയായ എല്ലാ വെള്ളക്കാർക്കും സാക്ഷരത കൈവരിക്കാൻ കഴിഞ്ഞപ്പോൾ ഏഷ്യൻ വംശജരിൽ 85 ശതമാനത്തിനും മിശ്രിത വംശജരിൽ 75 ശതമാനത്തിനും കറുത്തവരിൽ 50 ശതമാനത്തിനും മാത്രമേ സാക്ഷരത നേടാൻ കഴിഞ്ഞുള്ളൂ. 1994-ൽ അധികാരത്തിൽവന്ന ഗവണ്മെന്റ് പൂർണസാക്ഷരത കൈവരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി. ഇപ്പോൾ 14 സർവകലാശാലകൾ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് സേവനം അനുഷ്ഠിക്കുന്നുണ്ട്.
ഭാഷ
ദക്ഷിണാഫ്രിക്കയിൽ ഭാഷകൾ
ആഫ്രിക്കാൻസ്
ഇംഗ്ലീഷ്
Ndebele
Xhosa
Zulu
Northern Sotho
Sotho
Tswana
Swazi
Venda
Tsonga
ആഫ്രിക്കാൻസും ഇംഗ്ലീഷും ഉൾപ്പെടെ 11 ഭാഷകളെ ദക്ഷിണാഫ്രിക്കയിൽ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. ആഫ്രിക്കാൻസും ഇംഗ്ലീഷും ഒഴികെയുള്ള ഔദ്യോഗിക ഭാഷകളെല്ലാംതന്നെ ആഫ്രിക്കൻ ഗോത്രഭാഷകളാണ്. ഇവയെ സോതോ (സെസോതോ, സെസോതോ സലെബൊ, സെറ്റ്സ്വാന), നിഗുനി (ഇസിസുലു, ഇസിസോക്സ, ഇസിനിഡിബെലി, സിസ്വാതി), വേൻഡ (ടിഷിവേൻഡ), ത്സോങ്ക (ക്സിറ്റ്സോങ്ക) എന്നിങ്ങനെ വർഗീകരിച്ചിട്ടുണ്ട്. ഇസിസുലു സംസാരിക്കുന്നവരാണ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ജനവിഭാഗം. ആഫ്രിക്കൻ ഗോത്രഭാഷകൾ തമ്മിൽ ബന്ധമുണ്ടെങ്കിലും ഒരു വിഭാഗത്തിന്റെ ഭാഷ മറ്റൊരു വിഭാഗത്തിന് അന്യമാണ്. 1820-കളിൽ ദക്ഷിണാഫ്രിക്കയിലെത്തിയ യൂറോപ്യന്മാർ ഇവിടെ ഇംഗ്ലീഷ് പ്രചരിപ്പിച്ചു. ഗ്രീക്കും പോർച്ചുഗീസും സംസാരിക്കുന്ന ചുരുക്കം ചില വിഭാഗങ്ങളും ദക്ഷിണാഫ്രിക്കയിലുണ്ട്.