ശരീരഘടനാ രഹസ്യങ്ങളിലേക്ക്
കലയുടേയും സംസ്ക്കാരത്തിന്റെയും പ്രധാനകേന്ദ്രമായിരുന്നു ഒരു കാലത്ത് അലക്സാണ്ഡ്രിയ. മനുഷ്യ ശരീരത്തിന്റെ ആന്തരഘടനാരഹസ്യങ്ങളിലേക്കു വെളിച്ചം വീശിയതും ഇവിടത്തെ ശാസ്ത്രജ്ഞര്‍ തന്നെ. അതില്‍ പ്രമുഖനാണ് ആദ്യ ശരീരഘടനാശാസ്ത്രജ്ഞനെന്നു പ്രശസ്തനായ ഹീറോഫിലസ്. ബി.സി 330 മുതല്‍ ബി.സി 260 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലമെന്നു കരുതപ്പെടുന്നു. ഹിപ്പോക്രാറ്റിസിന്റെ പിന്തുടര്ച്ചക്കാരനായ പ്രറക്സാ ഗോരസ് ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. മനുഷ്യശരീരം കീറി മുറിച്ചു പഠിക്കുന്നതിനു മുമ്പ് പ്രചാരത്തിലുണ്ടായിരുന്നതു രസകരമായ വിശ്വാസങ്ങളാണ്. രക്തവും പിത്തവും കഫവുമൊക്കെ ആന്തരാവയവങ്ങളില്‍ അടിഞ്ഞുകൂടുമ്പോഴാണ് രോഗമുണ്ടാവുന്നത്,ഹൃദയമാണ് ബോധകേന്ദ്രം, രക്തത്തെ തണുപ്പിക്കുന്നത് മസ്തിഷ്കമാണ്, കണ്ണില്‍ നിന്ന് പ്രകാശം പുറപ്പെടുന്നതുകൊണ്ടാണ് നാം വസ്തുക്കളെ കാണുന്നത്. ഇങ്ങനെ പോവുന്നു ആ വിശ്വാസങ്ങള്‍, എന്നാല്‍ ഹീറോഫിലിസ് ശവശരീരങ്ങള്‍ കീറി മുറിച്ചു പഠിക്കാന്‍ തുടങ്ങിയതോടെ സ്ഥിതി മാറി. പല അബദ്ധധാരണകളും തിരുത്തപ്പെട്ടു. ജനങ്ങള്‍ക്ക് മനസ്സിലാവാനായി അദ്ദേഹം കീറിമുറിക്കല്‍ പ്രദര്‍ശനങ്ങള്‍ വരെ നടത്തി. ടോളമി ഒന്നാമന്റെയും രണ്ടാമന്റെയും ഭരണകാലത്താണ് ഹീറോഫിലിസ് അലക്സാണ്ഡ്രിയയില് ശരീരഘടനാപഠനങ്ങള് നടത്തിയത്.
തലച്ചോറിനെക്കുറിച്ചു പഠിച്ച ഹീറോഫിലസ് സെറിബ്രത്തിന്റെ അര്‍ദ്ധഗോളങ്ങള്‍ തിരിച്ചറിഞ്ഞു. ഞരമ്പുകളുടെ ധര്‍മ്മങ്ങളെക്കുറിച്ചുo വിശദീകരിച്ചു. നാഡികളെ സംവേദ നാഡികള്‍ എന്നിങ്ങനെ വിഭജിക്കുകയും ചെയ്തു. ധമനികളും സിരകളും തമ്മിലുള്ള വ്യത്യാസവും അദ്ദേഹം കണ്ടെത്തി. ഒരു ജലഘടികാരം ഉപയോഗിച്ച് ധമനീസ്പന്ദനം തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകളും നല്കി. മനുഷ്യശരീരത്തിലെ മറ്റു പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി പഠിച്ചു. ചെറുകുടലിന്റെ തുടക്കത്തിലുള്ള ഭാഗത്തിന് പേര് നല്കിയതും അദ്ദേഹം തന്നെ. കണ്ണിന്റെ ഘടനയെക്കുറിച്ച് പഠിച്ച ഹീറോഫിലസ് തന്നെയാണ് റെറ്റിനയ്ക്ക് ആ പേരു നല്‍കിയത്.