Encyclopedia

വേള്‍ഡ്‌ വൈഡ് വെബ്

ഒരു തരത്തില്‍ പറഞ്ഞാല്‍ വേള്‍ഡ്‌ വൈഡ് വെബിന്‍റെ മാത്രമല്ല, ഇന്റര്‍നെറ്റിന്‍റെ മുഴുവന്‍ അധിപനാണ് ടിം ബെര്‍ണെഴ്സ് ലീ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍, പക്ഷേ താന്‍ കണ്ടെത്തിയ സാങ്കേതികവിദ്യകളില്‍ നിന്ന് ലാഭമുണ്ടാക്കുന്നതിനു പകരം അവ പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുക്കാനായിരുന്നു അദ്ദേഹത്തിനു കൂടുതല്‍ ഇഷ്ടം.

  ടിമോത്തി ബെര്‍ണേഴ്സ് ലീ എന്ന ടിം ബെര്‍ണെഴ്സ് ലീ 1976-ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസ്ക്സില്‍ ബിരുദ്ധം നേടിയശേഷം സ്കോളര്‍ഷിപ്പോടെ യൂറോപ്യന്‍ പാര്‍ട്ടിക്കിള്‍ ഫിസിക്സ് ലബോറട്ടറിയില്‍ കണ്‍സള്‍ട്ടന്റ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി. അവിടെവച്ച് അദ്ദേഹം എന്‍ക്വയര്‍ എന്ന പ്രോഗ്രാമിന് രൂപം നല്‍കി. ഇത് പിന്നീട് വേള്‍ഡ്‌ വൈഡ് വെബ് എന്ന ഇന്റര്‍നെറ്റ് മാന്ത്രികവിദ്യയിലേക്കുള്ള വഴിതുറന്നു. ഇന്റര്‍നെറ്റിലെ പര്യവേഷണം അനായാസം നടത്താന്‍ കഴിയുന്ന രൂപത്തില്‍ ദൃശ്യ- ശ്രാവ്യ സംവിധാനങ്ങളോടെ അണിയിച്ചൊരുക്കിയ പദ്ധതിയാണിത്‌. വെബിന്റെ പിതാവ് എന്നറിയപ്പെടുന്ന ലീ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഈ ആശയം മുന്നോട്ടുവയ്ക്കുന്നത്.

  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗവേഷണ വിവരങ്ങള്‍ ഗവേഷകര്‍ക്കായി ലഭ്യമാക്കുക എന്നതായിരുന്നു ലീയുടെ ലക്ഷ്യം, പദ്ധതി പ്രാവര്‍ത്തികമായതോടെ ഈ ലക്ഷ്യം പൂവണിഞ്ഞു വെബില്‍ നിന്ന് വിവരങ്ങള്‍ ഉപയോക്താവിന് ലഭിക്കാനുള്ള ബ്രൗസര്‍ സോഫ്റ്റ്‌വെയറും വെബ് സെര്‍വര്‍ സോഫ്റ്റ് വെയറും തയാറാക്കി 1991-ല്‍ ഇന്റര്‍നെറ്റില്‍ എത്തിച്ചു. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മൊസൈക്ക്, നെറ്റ്സ്കോപ്പ് നാവിഗേറ്റര്‍, ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ എന്നിവ രംഗപ്രവേശം ചെയ്യ്തത്.

  വെബ്സൈറ്റുകള്‍ എളുപ്പത്തില്‍ തയാറാക്കാനായി വികസിപ്പിച്ച ഹൈപ്പര്‍ ടെക്സ്റ്റ് മാര്‍ക്ക് അപ് ലാംഗ്വേജ് ഉപയോഗിച്ച് വിവരങ്ങളും ചിത്രങ്ങളുമെല്ലാം മനോഹരമായി സന്നിവേശിപ്പിക്കുകയും അതിനുശേഷം യൂണിവേഴ്സല്‍ റിസോഴ്സ് ലോക്കേറ്റര്‍ എന്ന സങ്കേതത്തിലൂടെ വെബ് പേജുകളെ പ്രത്യേക വിലാസം നല്‍കി സെര്‍വറുകളില്‍ പ്രതിഷ്ഠിക്കുകയും ലോകമെമ്പാടുമുള്ള ശൃംഖലകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാനുള്ള എച്ച്.ടി.ടി.പി നിബന്ധനകള്‍ സജ്ജമാക്കുകയും ചെയ്തപ്പോഴാണ് വേള്‍ഡ് വൈഡ് വെബ് എന്ന മാന്ത്രികവല ഇന്റര്‍നെറ്റിന് പ്രിയങ്കരമായത്. വെബിനാവശ്യമായ നിബന്ധനകളും രീതികളുമാവിഷ്കരിച്ച  വേള്‍ഡ്‌ വൈഡ് വെബ് കണ്‍സോര്‍ഷ്യം 1994-ല്‍ സ്ഥാപിച്ചതും ലീ തന്നെ.