Encyclopedia

വെസ്റ്റ്‌ നൈല്‍ വൈറസ്

കൊതുക് വഴി മനുഷ്യരിലേക്ക് എത്തുന്ന വൈറസാണ് വെസ്റ്റ്‌ നൈല്‍ വൈറസ്. വെസ്റ്റ്‌ നൈല്‍ പനി  എന്നാണ് ഈ വൈറസ് പരത്തുന്ന രോഗം അറിയപ്പെടുന്നത്.

  യുഗാണ്ടയിലെ വെസ്റ്റ്‌ നൈല്‍ ജില്ലയിലെ ഒരു രോഗിയില്‍നിന്ന് 1937-ല്‍ ആദ്യമായി ഈ വൈറസിനെ കണ്ടെത്തി. 1999-ല്‍ ന്യൂയോര്‍ക്കില്‍ ആദ്യമായി ഈ രോഗം പൊട്ടിപുറപ്പെട്ടു, പിന്നീട് ആഫ്രിക്ക, വടക്കെ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെല്ലാം ഈ രോഗം റിപ്പോര്‍ട്ട് ചെയ്തു.

  75 ശതമാനം ആളുകളിലും പ്രത്യേകിച്ച് ലക്ഷണമൊന്നും കാണിക്കില്ല എന്നതാണ് ഈ വൈറസ് ബാധയുടെ പ്രത്യേകത. ഇത് രോഗം സങ്കീര്‍ണമാകുന്നതിന് കാരണമാകുന്നു. ശരീരത്തിലെ നാഡീവ്യവസ്ഥയെയാണ് വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുക. പക്ഷികളില്‍ നിന്ന് കൊതുകുകളിലേക്കാണ് ഈ വൈറസ് ആദ്യം പ്രവേശിക്കുന്നത്. പിന്നീട് കൊതുകുകള്‍ മനുഷ്യരിലേക്ക് എത്തിക്കുന്നു.

  വെസ്റ്റ്‌ നൈല്‍ രോഗത്തിന് കൃത്യമായ പ്രതിരോധ വാക്സിനുകള്‍ വികസിപ്പിച്ചിട്ടില്ല. കൊതുകുകടി ഒഴിവാക്കുകയാണ് ഈ രോഗത്തില്‍ നിന്ന് രക്ഷനേടാനുള്ള പ്രതിവിധി.