വെള്ളം പോലൊരു ലോഹം
ലോഹം എന്ന് കേള്‍ക്കുമ്പോള്‍ കട്ടിയുള്ള സാധനങ്ങളാണ് നമുക്ക് ഓര്മ വരിക. എന്നാല്‍ വെള്ളം പോലെ ഒഴുകി നടക്കുന്ന ഒരു ലോഹമുണ്ട്, അതാണ് മെര്‍ക്കുറി. വെള്ളനിറത്തിലുള്ള ഈ ലോഹത്തിന് ക്വിക്ക് സില്‍വര്‍ എന്നും പേരുണ്ട്. ഗ്രീക്ക് ഭാഷയില്‍ ഇതിന് ഹൈഡ്രാര്‍ജിറം എന്നാണ് പേര്.
വളരെ പണ്ടുകാലം മുതലേ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും മെര്‍ക്കുറിയെക്കുറിച്ച് അറിയാമായിരുന്നു, 3,500 വര്‍ഷം പഴക്കമുള്ള ഈജിപ്ഷ്യന്‍ ശവകുടീരങ്ങളില്‍ ഈ ലോഹം കണ്ടെത്തിയിട്ടുണ്ട്. മെര്‍ക്കുറി ലോഹം ആയുസ്സ് വര്‍ധിപ്പിക്കാന്‍ നല്ലതാണെന്നായിരുന്നു പഴയ കാലത്തുള്ളവരുടെ വിശ്വാസം. മുറിവുണക്കാനുള്ള ഓയിന്റ്റ്മെന്റായി പ്രാചീന ഗ്രീക്കുകാര്‍ മെര്‍ക്കുറി ഉപയോഗിച്ചിരുന്നു. റോമക്കാര്‍ ഇത് ഒരു സൗന്ദര്യവര്‍ധകവസ്തുവായി കരുതി.
എല്ലാ ലോഹങ്ങളുടെയും ഉത്ഭവം മെര്‍ക്കുറിയില്‍ നിന്നാണെന്നു പഴയ കാലത്തുള്ളവര്‍ വിശ്വസിച്ചിരുന്നു. മെര്‍ക്കുറിയിലെ സള്‍ഫറിന്റെ അളവും ഗുണവും വ്യത്യാസപ്പെടുന്നതാണത്രേ പല ലോഹങ്ങളുണ്ടാകാന് കാരണം, മെര്‍ക്കുറിയെ സ്വര്‍ണമാക്കി മാറ്റാമെന്ന് കരുതി അതിനായി ശ്രമിച്ചവരും അക്കാലത്തുണ്ടായിരുന്നു.
ഏതായാലും മെര്‍ക്കുറിയെക്കുറിച്ച് പഴയകാലത്തുണ്ടായിരുന്ന വിശ്വാസങ്ങളെല്ലാം തെറ്റാണെന്ന് പിന്നീട് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കി, ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതല്ല, മറിച്ച് മാരകവിഷമാണ് മെര്‍ക്കുറി. മെര്‍ക്കുറി വിഷബാധയ്ക്ക് ഏറ്റവും നല്ല തെളിവാണ് 1956-ല്‍ ജപ്പാനിലെ മിനാമാതയിലുണ്ടായ ദുരന്തം, അവിടെ മെര്‍ക്കുറി കലര്‍ന്ന കടലിലെ മത്സ്യം കഴിച്ച ആയിരക്കണക്കിന് ആളുകള്‍ രോഗികളായി മാറി, ഒട്ടേറെ പേര് മരിച്ചു.
ശരീരത്തിനകത്തെത്തിയാല്‍ ദുരന്തം വിതയ്ക്കുമെങ്കിലും മര്‍ദ്ദം അളക്കുന്ന ബാരോമീറ്ററിലും, രക്തസമ്മര്‍ദ്ദം അളക്കാനുള്ള ഉപകരണത്തിലും മെര്‍ക്കുറി ഉപയോഗിക്കുന്നുണ്ട്. വൈദ്യുതരംഗത്തും മെര്ക്കുറികൊണ്ട് പലവിധ ഉപയോഗങ്ങള്‍ ഉണ്ട്. മെര്‍ക്കുറി ചേര്‍ത്ത ചില മിശ്രിതങ്ങള്‍ കീടനാശിനിയായും ഉപയോഗിക്കുന്നുണ്ട്. ഭൂമിയുടെ പുറംപാളിയില്‍ വളരെ കുറച്ചുമാത്രം കാണപ്പെടുന്ന ലോഹങ്ങളില്‍ ഒന്നാണ് മെര്‍ക്കുറി. ഭൂവല്ക്കത്തില് 0.00005 ശതമാനം മാത്രമേ മെര്ക്കുറിയുള്ളൂ. സ്പെയിനാണ് മെര്‍ക്കുറി ഉത്പാദനത്തില്‍ മുന്നില്‍ നില്ക്കുന്ന രാജ്യം, യൂഗോസ്ലാവ്യയും ഇറ്റലിയും അമേരിക്കയുമാണ് തൊട്ട് പിന്നിലുള്ള രാജ്യങ്ങള്‍