വി.വി. ഗിരി
വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി (ഓഗസ്റ്റ് 10, 1894 – ജൂൺ 23, 1980) സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. 1975-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്. ഇദ്ദേഹം ഉത്തർ പ്രദേശ്(1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും ,മൈസൂരിന്റെയും (1965-1967) ഗവർണർ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ഒഡിഷയിലെ ബർഹാമ്പൂരിൽ തെലുഗു ദമ്പതികളുടെ മകനായി ജനിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ പ്രവർത്തകനായ അഭിഭാഷകനായിരുന്നു പിതാവായ വി. വി. ജോഗയ്യ പാണ്ടുലു. ഗിരിയുടെ മാതാവ് സ്വാതന്ത്ര്യസമരത്തിലെ നിസ്സഹകരണ പ്രസ്ഥാനത്തിലും മറ്റും പ്രവർത്തിച്ച് ജയിൽവാസം അനുഭവിച്ച ബെർഹാമ്പൂരിലെ സ്വാതന്ത്ര്യ സമരനായികയായ സുഭദ്രാമ്മ ആയിരുന്നു.
ഗിരി സരസ്വതിഭായിയെ വിവാഹം കഴിച്ചു. അവർക്ക് 14 മക്കൾ ഉണ്ടായിരുന്നു.
ബെർഹാമ്പൂരിലെ ഖല്ലിക്കോട്ടെ കോളേജിലാണ് ഇന്ത്യയിലെ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് 1913ൽ അദ്ദേഹം നിയമം പഠിക്കാനായി അയർലന്റിലെ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നു. 1913-1916 വരെ അവിടെ പഠിച്ചു. അവിടുത്തെ Sinn Féin പ്രസ്ഥാനവുമായി അടുത്തതിനാൽ അദ്ദേഹത്തെ ഡബ്ലിനിൽനിന്നും 1916ൽ നാടുകടത്തി.
ഡബ്ലിനിൽനിന്നും ഇന്ത്യയിൽ വന്നശേഷം അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായിച്ചേർന്നു. അതിനോടൊപ്പം അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിൽ പ്രവർത്തിക്കാനും തുടങ്ങി. ആ പാർട്ടിയുടെ ലക്നോ സമ്മേളനത്തിൽ സംബന്ധിക്കുകയും ആനി ബസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്തു.