പോള്‍ ഏള്‍റിച്ച്
ആധുനിക വൈദ്യശാസ്ത്രത്തിലെ രാസചികിത്സയുടെ ഉപജ്ഞാതാവ് അങ്ങനെയാണ് പോള്‍ ഏള്‍ലിച്ച് അറിയപ്പെടുന്നത്.ഇപ്പോള്‍ പോളണ്ടില്‍ ഉള്‍പ്പെടുന്ന സ്ട്രെസെലിന്‍ എന്ന സ്ഥലത്ത് 1854-ലാണ് അദ്ദേഹം ജനിച്ചത്. പഠിക്കുന്ന കാലത്തു തന്നെ രസതന്ത്രത്തില്‍ അതിയായ താത്പര്യമുണ്ടായിരുന്നു ഏള്‍റിച്ചിന്. വൈദ്യശാസ്ത്രം പഠിക്കുമ്പോഴും ആ താത്പര്യത്തിനു കുറവൊന്നും വന്നില്ല. 1878-ല്‍ വൈദ്യശാസ്ത്രം പഠിക്കുമ്പോഴും ആ താത്പര്യത്തിന് കുറവൊന്നും വന്നില്ല. 1878-ല്‍ വൈദ്യശാസ്ത്രബിരുദ്ധമെടുത്തശേഷം റോബര്‍ട്ട് കോക്കിന്റെ സഹപ്രവര്‍ത്തകനായ എമില്‍ ബൈറിങ്ങിനൊപ്പം അദ്ദേഹം ഗവേഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ തുടങ്ങി. വിവിധതരം ബാക്ടീരിയകള്‍ക്കു രാസപദാര്‍ഥങ്ങളുപയോഗിച്ചു ചായം കൊടുക്കുന്നതില്‍ വിദഗ്ദനായിരുന്ന ഏള്‍റിച്ച്. രാസവസ്തുക്കളും കോശങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചിന്തിച്ച ഏള്‍റിച്ചിന് ഒരാശയം തോന്നി. അപകടകാരികളായ ബാക്ടീരിയകളെ മാത്രം കൊല്ലുകയും ശരീരകോശങ്ങള്‍ക്ക് ദോഷം വരുത്താതുമായ രാസ വസ്തുക്കള്‍ ചികിത്സയില്‍ ഉപയോഗിച്ച് കൂടെ?
ആഫ്രിക്കയില്‍ കാണപ്പെടുന്ന ഉറക്ക രോഗത്തിന് കാരണമായ ട്രിപ്പനോസോമ എന്ന സൂക്ഷ്മജീവിയെ കൊല്ലാന്‍ ട്രിപ്പാന്‍ റെഡ്, ആര്‍സെനിക്ക് അടങ്ങിയ ചില രാസവസ്തുക്കള്‍ എന്നിവ അദ്ദേഹം പരീക്ഷിച്ചു നോക്കി.
1910-ല്‍ സിഫിലിസ് എന്ന രോഗത്തെ തടയാന്‍ ഒരു ഔഷധം അദ്ദേഹം വികസിപ്പിച്ചെടുത്തു സാല്‍വര്‍സാന്‍ എന്നായിരുന്നു ആ മരുന്നിന് അദ്ദേഹം നല്‍കിയ പേര്. രോഗപ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചും രക്തത്തിലെ സീറം ഉപയോഗിച്ചുള്ള ചികിത്സയെക്കുറിച്ചുമുള്ള ഗവേഷണങ്ങളുടെ പേരില്‍ പോള്‍ ഏള്‍റിച്ച് എന്ന ആ പ്രതിഭാശാലിയെ തേടി വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനവും എത്തുകയുണ്ടായി.
ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വളര്‍ച്ചയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പോള്‍ ഏള്‍റിച്ച് എന്ന ആ മഹാശാസ്ത്രജ്ഞ്ജന്‍ 1915-ല്‍ ലോകത്തുനിന്നു വിട വാങ്ങി.