നീഗ്രോ നദി (ആമസോൺ)
ആമസോൺ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് നീഗ്രോ നദി. തെക്കു കിഴക്കൻ കൊളംബിയയിൽനിന്നും ഉദ്ഭവിക്കുന്ന നീഗ്രോ നദി തുടക്കത്തിൽ ഗ്വൈനിയ (Guainia) എന്ന പേരിലാണറിയപ്പെടുന്നത്. നീളം: സു. 2253 കി.മീ.
ഉദ്ഭവസ്ഥാനത്തുനിന്നും കിഴക്കോട്ടൊഴുകുന്ന ഗ്വൈനിയ നദി കൊളംബിയയുടെയും വെനിസ്വേലയുടെയും അതിർത്തിയിലൂടെ ഒഴുകുമ്പോഴാണ് ‘നീഗ്രോ നദി’ എന്നു വിളിക്കപ്പെടുന്നത്. തുടർന്ന് തെക്കോട്ടൊഴുകി ബ്രസീലിൽ പ്രവേശിക്കുന്ന നദി പിന്നീട് തെക്ക് കിഴക്ക് ദിശയിലൊഴുകി മനാസിൽ (Manaus) വച്ച് ആമസോണിൽ സംഗമിക്കുന്നു.
പടിഞ്ഞാറുനിന്നും ഒഴുകിവരുന്ന ഉവാവ്പസ് (Uaupes), വടക്കു നിന്നും ഒഴുകിവരുന്ന ബ്രാങ്കോ (Branco) എന്നിവ നീഗ്രോ നദിയുടെ പ്രധാന പോഷക നദികളാണ്. ബ്രാസോ കാസിക്വയർ (Brazo Casiquiare) എന്ന മറ്റൊരു ചെറുനദി നീഗ്രോനദിയെ ഓറിനോകോ നദി(Orinocco)യുമായി ബന്ധിപ്പിക്കുന്നു. ഏതാണ്ട് 720 കി.മീറ്ററോളം ദൂരം നീഗ്രോ നദി ഗതാഗതയോഗ്യമാണ്. മനാസാണ് ഈ നദിയുടെ കരയിലുള്ള ഏകപ്രധാന പട്ടണം.