തീയാട്ട്
മുടിയേറ്റിലെന്നപോലെ കളം വരയ്ക്കലും പാട്ടും ആട്ടവുമുള്ള നൃത്തപ്രധാനമായ മറ്റൊരു അനുഷ്ഠാനകലയാണ് തീയാട്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ, ജില്ലകളിലെ കാവുകളിലും ദേവീക്ഷേത്രങ്ങളിലുമാണ് പ്രധാനമായും ഇത് നടത്തുന്നത്.
വെളുത്ത വസ്ത്രം, കുരുത്തോല, പട്ട് തുടങ്ങിയവ കൊണ്ട് അലങ്കരിച്ച വേദിയില്‍ പൂജ ചെയ്തിട്ട്, പഞ്ചവര്‍ണ്ണപ്പൊടി ഉപയോഗിച്ച് ഭദ്രകാളിയുടെ കളം വരയ്ക്കുന്നു. തുടര്‍ന്നു ദേവിയുടെ വേഷം ധരിച്ച പൂജാരി ദാരികവധം കഥയാടുന്നു. അതിനുശേഷം പന്തം ഉഴിഞ്ഞ് തിരിയുഴല്‍ എന്ന ചടങ്ങ് നടത്തുന്നു അതോടെ തീയാട്ട് അവസാനിക്കുന്നു.
മധ്യകേരളത്തിലെ ഭദ്രകാളി തീയാട്ടിനു സമാനമായി അയ്യപ്പന്‍ തീയാട്ട് എന്നൊരു കലാരൂപം മലബാറിലെ ചില കാവുകളിലും മറ്റുമുണ്ട്. ഭദ്രകാളിക്ക് പകരം അയ്യപ്പനോടുള്ള ആരാധനയാണവിടെ.
മധ്യ-ദക്ഷിണ തിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ നടത്തിവരുന്ന ഒരു വഴിപാടാണ് കുത്തിയോട്ടം. കലാരൂപം എന്നതിനേക്കാള്‍ ഇത് ഒരു അനുഷ്ഠാനമാണ്. വസൂരി മുതലായ പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാനും ദേവിപ്രീതിക്കു വേണ്ടിയുമാണ് വിശ്വാസികള്‍ കുത്തിയോട്ടം നടത്തുക. ആലപ്പുഴ ജില്ലയില്‍ ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ കുത്തിയോട്ടമാണ് ഏറെ പ്രശസ്തം.
പേരില്‍ കുത്തിയോട്ടത്തിനോട് സാമ്യമുള്ള കലാരൂപമാണ് കുറത്തിയാട്ടം. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ച് നടത്തുന്ന വിനോദനൃത്തകലയാണിത്. തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം എന്നിങ്ങനെ രണ്ട് വകദേദങ്ങള്‍ ഇതിനുണ്ട്, കുറവ സമുദായക്കാരാണ് ഈ കലാരൂപം നടത്തിവരുന്നത്. മൃദംഗം, ചെറിയ മദ്ദളം, കൈമണി, ഹാര്‍മോണിയം എന്നിവയാണ് കുറത്തിയാട്ടത്തിനുപയോഗിക്കുന്ന വാദ്യങ്ങള്‍.
വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം പ്രചാരമുണ്ടായിരുന്ന ഒരു അനുഷ്ഠാനമാണ് കുറുന്തിനിപ്പാട്ട്. നാഗങ്ങളെ തൃപ്തിപ്പെടുത്തുക, ബാധകളെ അകറ്റുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍, പെരുവണ്ണാന്‍ സമുദായക്കാരാണ് ഇതില്‍ പങ്കെടുത്തിരുന്നത്.