ജാതി
പ്രസിദ്ധമായൊരു ഔഷധസസ്യമാണ് ജാതി. മലാക്ക ദ്വീപുകളാണ് ജാതിയുടെ ജന്മദേശമെന്ന് കരുതുന്നു. എന്നാല്‍, ബി.സി ഒന്നാം ശതകം മുതലേ ജാതി ഭാരതത്തില്‍ സുലഭമായിരുന്നു.
ജാതിയെ മുഖ്യമായി പ്രയോജനപ്പെടുത്തുന്നത് ഔഷധത്തിനുവേണ്ടിയാണ്. ഇതിന്‍റെ വിത്തും ജാതിപത്രികയുമാണ് ഔഷധയോഗ്യമായ ഭാഗങ്ങള്‍. ഉദരസംബന്ധമായ പല രോഗങ്ങളെ ശമിപ്പിക്കാനും അതിസാരം, തലവേദന, വയറുവേദന, സന്ധിവാതം, ദഹനക്കുറവ്, എന്നീ രോഗങ്ങള്‍ക്കുള്ള ഔഷധമായും ഇതുപയോഗിക്കുന്നു.
ജാതീഫലാദീചൂര്‍ണം ജാതിക്ക മുഖ്യമായി ചേരുന്ന ഒരു ഔഷധമാണ്. ഔഷധം എന്നതിനുപുറമെ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനും ജാതി ഉപയോഗപ്പെടുത്താറുണ്ട്.
ജാതിയുടെ ഇളം കായ് അച്ചാറുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വിളഞ്ഞ പുറന്തോട് ജാം, ചമ്മന്തി, ജെല്ലി എന്നിവ ഉണ്ടാക്കാന്‍ വേണ്ടിയും ഉപയോഗിച്ചുവരുന്നു.