EncyclopediaTechnology

ജപ്പാനിലെ സീക്കര്‍

ഒന്നിലേറെ ലോകറെക്കോര്‍ഡുകള്‍ സ്വന്തമായുള്ള തുരങ്കമാണ് ജപ്പാനിലെ സീകന്‍ തുരങ്കം. സമുദ്രത്തിനടിയിലൂടെയുള്ള ഏറ്റവും നീളം കൂടിയ തുരങ്കം. ഏറ്റവും ആഴത്തില്‍ നിര്‍മിക്കപ്പെട്ട തുരങ്കം. ഈ രണ്ടു പ്രത്യേകതകളും സീകന്‍ ടണലിനുണ്ട്. ജപ്പാനിലെ ഹോണ്‍ഷൂ, ഹൊക്കൈഡ് ദ്വീപുകളെ ഈ തുരങ്കം ബന്ധിപ്പിക്കുന്നു. തുരങ്കത്തിന്റെ ആകെ നീളം അമ്പത്തിനാല് കിലോമീറ്ററോളം വരും. അതില്‍ 23.3 കിലോമീറ്റര്‍ ദൂരം, സമുദ്രത്തിനടിയിലാണ്. കടലിന്‍റെ അടിത്തട്ടില്‍ നിന്ന് നൂറ്റിനാല്‍പത് മീറ്റര്‍ ആഴത്തില്‍ നിലകൊള്ളുന്ന തുരങ്കത്തിനു സമുദ്രനിരപ്പില്‍ നിന്ന് ആകെ 240 മീറ്റര്‍ താഴ്ച്ചയുണ്ട്. സുഗാരു കടലിടുക്കിലാണ് ഈ വമ്പന്‍ തുരങ്കം നിര്‍മിച്ചിരിക്കുന്നത്. ഗതാഗതത്തിനായി ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം എന്ന ബഹുമതിയും സീകന്‍ ടണലിനാണ്.

   രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ജപ്പാന് കൂടുതല്‍ ഗതാഗത സൗകര്യമൊരുക്കേണ്ടത് അത്യാവശ്യമായി. അങ്ങനെ 1925-ല്‍ തുരങ്കത്തിനു പദ്ധതിയിട്ടെങ്കിലും സര്‍വേയിംഗ് ജോലികള്‍ ആരംഭിച്ചത് 1946-ലാണ്. ദ്വീപുകളില്‍ വികസന പദ്ധതികള്‍ നടപ്പിലായതോടെ അവ തമ്മിലുള്ള ജനസഞ്ചാരവും വന്‍തോതിലായി, അപ്പോള്‍ നിലവിലുള്ള ബോട്ടുകളും ചങ്ങാടങ്ങളും മറ്റും പോരാതെ വന്നു. അതോടെ തുരങ്ക നിര്‍മാണ ജോലികള്‍ക്ക് തുടക്കം കുറിച്ചു.1971-ല്‍ തുരങ്കത്തിന്റെ പ്ലാന്‍ അംഗീകരിക്കപ്പെട്ടു. വൈകാതെ തുരങ്കനിര്‍മ്മാണവും ആരംഭിച്ചു. തുടക്കത്തില്‍ പല കുഴപ്പങ്ങളുണ്ടായി. മുപ്പത്തിനാല് തൊഴിലാളികള്‍ കൊല്ലപെട്ടു. എങ്കിലും നിര്‍മാണ ജോലികള്‍ തുടര്‍ന്നു. 1988 മാര്‍ച്ചില്‍ തുരങ്കം പൊതുജനങ്ങള്‍ക്കായി തുറക്കപ്പെട്ടു. തുരങ്കം പൂര്‍ത്തിയായതോടെ അതിലൂടെ റെയില്‍ ഗതാഗതം നിലവില്‍ വന്നു. തുരങ്കം വീണ്ടും നീട്ടുവാനുള്ള തീരുമാനം പിന്നീടുണ്ടായി. ഷിങ്കാസണ്‍ വരെ റെയില്‍വേ ലൈന്‍ എത്തിക്കുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. 2005-ല്‍ പുതിയ ലൈനിന്‍റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചു. 2015 ആകുമ്പോഴേക്കും അത് പൂര്‍ത്തിയാകുമെന്ന് കരുതപ്പെടുന്നു. സുരക്ഷാ സംവിധാനങ്ങള്‍ക്കായി തുരങ്കത്തിനുള്ളില്‍ ഇടയ്ക്ക് രണ്ട് സ്റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം അവിടെ തുരങ്കത്തിന്റെ ചരിത്രം വിശദീകരിക്കുന്ന രണ്ട് മ്യൂസിയങ്ങളും സ്ഥാപിച്ചിരിക്കുന്നു. അതിലൊന്ന് സ്റ്റോറേജ് സൗകര്യങ്ങള്‍ക്കായി അടുത്തയിടെ നിര്‍ത്തലാക്കി. ലോകത്തിലെ ആദ്യത്തെ കടലിനടിയിലെ റെയില്‍വേ സ്റ്റേഷന്‍ എന്ന ബഹുമതി സീക്കന്‍ തുരങ്കത്തിലെ സ്റ്റേഷനുകള്‍ക്കാണ്. വിമാനയാത്രയുടെ ചെലവു കുറഞ്ഞതോടെ തുരങ്കത്തിലൂടെയുള്ള ട്രെയിന്‍ യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞീട്ടുണ്ട്.