ഒരു പൂവില്‍ തുടങ്ങിയ ഓര്‍ക്കിഡ് വേട്ട
വനമേഖലയില്‍ നിന്നും മറ്റും ഓര്‍ക്കിഡുകളെ കണ്ടെത്തുന്നതിനും അവ ശേഖരിക്കുന്നതിനും പറയുന്ന പേരാണ് ഓര്‍ക്കിഡ് വേട്ട. 1818-ല്‍ ഇംഗ്ലീഷ് പക്ഷി ജന്തു നിരീക്ഷകനായ വില്യം ജോണ്‍ സ്വെയിന്സനാണ് അതിനു തുടക്കമിട്ടത്.
ബ്രസിലിലെ റിയോ ഡി ജനിറോയില്‍ നിന്ന് ശേഖരിച്ച സസ്യങ്ങളെ ലണ്ടനിലേക്ക് കൊണ്ടുവരികയായിരുന്നു അദ്ദേഹം. കളസസ്യങ്ങളെന്നു കരുതിയ കുറെ ചെടികള്‍ അവയെ പൊതിഞ്ഞ് കെട്ടിവച്ചിരുന്നു. ലണ്ടനിലെത്തിയപ്പോഴേക്കും കളസസ്യമെന്നു കരുതിയ ഒരു ചെടിയില്‍ അതിമനോഹരമായൊരു പൂവ് വിരിഞ്ഞു. cattleya labiata എന്ന ഓര്ക്കിഡായിരുന്നു. അത് പൂവിന്റെ ഭംഗിയില്‍ ഭ്രമിപ്പിച്ച് ആളുകള്‍ ഓര്‍ക്കിഡ് വേട്ടയ്ക്കിറങ്ങി. തുടര്‍ന്നു ആമസോണ്‍ ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ വന്‍തോതില്‍ ഓര്‍ക്കിഡ് വേട്ട നടന്നു, കൊടും വനത്തിലൂടെ ഓര്‍ക്കിഡ് അന്വേഷിച്ച് നടന്നവരെ പ്രകൃതിയും വന്യജീവികളും കുറച്ചൊന്നുമല്ല കുഴക്കിയത്, 1901-ല്‍ ഫിലിപ്പീന്‍സില്‍ ഓര്‍ക്കിഡ് വേട്ടയ്ക്കിറങ്ങിയ എട്ടു പേരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണപ്പെട്ടു. ശേഷിച്ച ഒരാള്‍ കൊണ്ടുവന്ന ഓര്‍ക്കിഡുകളില്‍ ഒരിനം ജനശ്രദ്ധയാകര്‍ഷിച്ചു. അവയാണ് ഫെലനോപ്സിസ് ഓര്‍ക്കിഡുകള്‍.
വിക്ടോറിയന്‍ കാലഘട്ടത്തില്‍ മികച്ചയിനം ഓര്‍ക്കിഡുകള്‍ കൊണ്ട് വരുന്ന പര്യവേക്ഷകര്‍ക്ക് പ്രഭുക്കളും രാജാക്കന്മാരും ധാരാളം സമ്മാനങ്ങള്‍ നല്‍കിയിരുന്നു. പ്രതിഫലത്തില്‍ മയങ്ങി നിരവധിയാളുകള്‍ ഓര്‍ക്കിഡ് വേട്ടയ്ക്കിറങ്ങി അവരില്‍ പലരും മലമ്പനി, പ്ലേഗ് പോലുള്ള രോഗങ്ങള്‍ക്ക് മറ്റു ചിലര്‍ ഹിംസ്രജന്തുക്കള്‍ക്കും കീഴങ്ങി വില്യം അര്‍നോള്‍സ്, ഡേവിഡ് ബൊമാന്‍, ഗുസ്താവോ വാലിസ് എന്നീ ഗവേഷകര്‍ ഓര്‍ക്കിഡ് വേട്ടയ്ക്കിടെ മരണത്തിനു കീഴടങ്ങിയവരാണ്. ഓര്‍ക്കിഡുകള്‍ സ്വന്തമാക്കാനുള്ള അതിമോഹം ഒരു രോഗമായിപ്പോലും അക്കാലത്ത് അറിയപ്പെട്ടു.orchidelirium എന്നായിരുന്നു ആ രോഗത്തിന് പേര്.
വിലേം മിച്ചോള്സ് എന്ന ജര്‍മന്‍ പര്യവേക്ഷകന് ന്യൂഗിനിയില്‍ നടത്തിയ ഓര്‍ക്കിഡ് വേട്ടയില്‍ വലിയൊരു കപ്പല്‍ നിറയെ ഓര്‍ക്കിഡുകള്‍ ശേഖരിച്ചു. എന്നാല്‍ മടക്കയാത്രയില്‍ കപ്പലിന് തീ പിടിച്ചു. ഭാഗ്യംകൊണ്ടാണ് അദ്ദേഹം രക്ഷപ്പെട്ടത്. എന്നാല്‍ കരയിലെത്തിയ അദ്ദേഹത്തോട് തിരിച്ചു ചെന്ന് ചെടികളുമായി വരാനാണത്രേ സ്പോണ്സര് ആവശ്യപ്പെട്ടത്.
സസ്യശാസ്ത്രമേഖലയിലുണ്ടായ വിജ്ഞാന വിപ്ലവം, ഗ്രീന്‍ ഹൌസ് ഗ്ലാസ് ഹൗസ് ഗാര്ഡന് സമ്പ്രദായങ്ങള്‍ എന്നിവ പില്ക്കാലത്ത് ഈ ആവേശം കുറയ്ക്കാന്‍ സഹായിച്ചു.