എരണ്ടകള്‍
വേനല്‍ക്കാലത്ത് യൂറോപ്പ്, പടിഞ്ഞാറന്‍ ഏഷ്യ മുതല്‍ കശ്മീര്‍ വരെയുള്ള പ്രദേശങ്ങള്‍, ലഡാക്ക്, തിബത്ത് തുടങ്ങിയവിടങ്ങളില്‍ കാണാം. തണുപ്പുകാലത്ത് ഇന്ത്യയിലും മ്യാന്മാറിലും കൂട്ടം കൂട്ടമായി എത്തും, കണ്ടാല്‍ നമ്മുടെ താറാവിനെ പോലെയിരിക്കും. വലിപ്പം അല്‍പം കുറവാണെന്ന് മാത്രo. എരണ്ട എന്നറിയപ്പെടുന്ന ദേശാടനപ്പക്ഷികളുടെ കാര്യങ്ങളാണിത്. ഇംഗ്ലീഷില്‍ പോച്ചാര്‍ എന്നോ ടീല്‍ എന്നോ ഇവ അറിയപ്പെടുന്നു. പലയിനം എരണ്ടകള്‍ ഉണ്ട്.
എരണ്ടകളില്‍ ആണിനും പെണ്ണിനും തമ്മില്‍ ഒട്ടേറെ വ്യത്യാസങ്ങള്‍ കാണാം, ആണ്‍പക്ഷിയുടെ കഴുത്തിനടുത്ത് ചാര കലര്‍ന്ന നീലനിറം കാണപ്പെടുന്നു. അതിനു പിന്നിലായി പച്ചനിറവും ഉണ്ട്. ചിറകില്‍ വെള്ള വരകള്‍ ഒരു പതാകപോലെ തെളിഞ്ഞു കാണാം. പറക്കാതെ ഒരിടത്തിരിക്കുകയാണ് എങ്കില്‍ മുതുകില്‍ നിന്ന് വശങ്ങളിലേക്ക് വീതിയുള്ള കുറേ തൂവലുകള്‍ തൂങ്ങിക്കിടക്കും, കറുത്ത കരയുള്ള വെളുത്ത തൂവലുകള്‍ ആണത്. ആണ്‍പക്ഷിക്ക് നീളമുള്ള വെളുത്ത പുരികവും ഉണ്ട്. പെണ്‍ എരണ്ടകള്‍ക്ക് ഇത്രയും ഭംഗിയില്ല. അവയുടെ താടിക്കും തൊണ്ടയ്ക്കും വെള്ളനിറമാണ്, ചിറകിലെ കൊടിയടയാളവും മങ്ങികാണപ്പെടുന്നു. മുതുകില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന തൂവലുകളുമില്ല.
സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച്- ഏപ്രില്‍ വരെയാണ് എരണ്ടകളെ നമ്മുടെ നാട്ടില്‍ കാണുന്നത്. പകല്‍ മുഴുവന്‍ കായലുകളില്‍ വിശ്രമിക്കും. സന്ധ്യയാകുന്നതോടെ ചുറ്റുപാടുമുള്ള വയലുകളിലേക്ക് പറക്കും. അപ്പോഴാണ് അവ ഇരതേടുന്നത്, കൂട്ടം കൂട്ടമായാണ് ഇവയുടെ സഞ്ചാരം.
പകല്‍ കായലുകളില്‍ ആയിരക്കണക്കിന് എരണ്ടകളെകാണാം. ചിലര്‍ തലപുറകോട്ട് തിരിച്ച് ചുമലില്‍ വച്ച് ഉറങ്ങുകയാവും. മറ്റു ചിലര്‍ തൂവലുകള്‍ കൊത്തി വൃത്തിയാക്കും. ഇവയ്ക്ക് ചുറ്റിലുമായി തലയുയര്‍ത്തിപ്പിടിച്ച് കാവല്‍ നില്‍ക്കുന്ന കുറേ പേരും ഉണ്ടാകും. ശത്രുവിന്‍റെ ലക്ഷണം കണ്ടാല്‍ അവ പറന്നു പൊങ്ങി മറ്റുള്ളവര്‍ക്ക് സൂചന നല്‍കും, അടുത്തനിമിഷം എല്ലാ പക്ഷികളും പറന്നുയരും പിന്നെ ദൂരേക്ക് പോവുകയോ മറ്റൊരു സ്ഥലത്തേക്ക് മാറിയിരിക്കുകയോ ചെയ്യും.
ചില കാലത്ത് എരണ്ടകളുടെ തൂവലുകള്‍ കൊഴിഞ്ഞു പുതിയതു വരാറുണ്ട്, പഴയ തൂവലുകള്‍ കൊഴിഞ്ഞു പുതിയതു വരുന്നത് വരെ അവയ്ക്ക് നന്നായി പറക്കാനാവില്ല. അക്കാലത്ത് അവ ചെടികള്‍ക്കും ചവറുകള്‍ക്കുമിടയില്‍ ഒളിച്ചാണ് കഴിയുക. എന്നാല്‍ മനുഷ്യര്‍ ഈ സമയത്ത് അവയെ എളുപ്പത്തില്‍ പിടികൂടാറുണ്ട്.
പണ്ടുമുതലേ എരണ്ടകളുടെ കാലില്‍ പക്ഷിഗവേഷകര്‍ വളങ്ങളിട്ടു പറപ്പിച്ചു വിടുന്നു. വളയങ്ങളില്‍ അവരെപറ്റിയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും, അവ ചെന്നെത്തുന്ന നാടുകളില്‍ വച്ച് വളയങ്ങള്‍ ശേഖരിക്കുകയും അങ്ങനെ എരണ്ടകളുടെ ദേശാടനത്തെപ്പറ്റി പഠിക്കുകയും ചെയ്തുവരുന്നു. യൂറോപ്പിലും വടക്കെ ഏഷ്യയിലുമാണ് ഇവ കൂടുകൂട്ടി മുട്ടയിടുന്നത്