ഇന്ത്യൻ നേവി
ഇന്ത്യൻ സൈന്യത്തിന്റെ നാവിക വിഭാഗമാണ് ഭാരതീയ നാവികസേന (Indian Navy). 5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിന്റെ നാവികപാരമ്പര്യം. വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. 55,000 ഓളം അംഗബലമാണിതിനുള്ളത്. മൂന്ന് പ്രാദേശിക നിയന്ത്രണകേന്ദ്രങ്ങൾ (റീജിയണൽ കമ്മാൻഡുകൾ) ആണ് നാവിക സേനക്കുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പ് ബോംബൈ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1932ൽ റോയൽ ഇന്ത്യൻ നേവി സ്ഥാപിതമായി. സ്വാതന്ത്ര്യത്തോടെ ഇന്ത്യൻ നേവി സ്ഥാപിതമായി. ആദ്യകാലങ്ങളിൽ ഉയർന്ന തസ്തികകളിലെല്ലാം ബ്രിട്ടീഷുകാരായിരുന്നു. കാലക്രമേണ പൂർണ്ണമായും ഇന്ത്യക്കാരായിത്തീരുന്നു. ഇന്ത്യൻ നേവിയുടെ ആദ്യത്തെ കമാൻഡർ ഇൻ ചീഫ് അഡ്മിറൽ എഡ്വാർഡ് പെറി ബ്രിട്ടീഷുകാരനായിരുന്നു. 1958ലാണ് ഈ സ്ഥാനത്തേക്ക് ആദ്യത്തെ ഇന്ത്യക്കാരൻ നിയമിതനാകുന്നത്. (ആർ.ഡി. കതാരി- വൈസ് അഡ്മിറൽ)
ചരിത്രംസിന്ധുനദീതട സംസ്കാരം നില നിന്നിരുന്ന കാലഘട്ടം മുതൽക്കേ ഭാരതത്തിന് നാവിക പാരമ്പര്യം അവകാശപ്പെടാനുണ്ട്. അക്കാലത്ത് ബാബിലോണിയയുമായും പുരാതന ഈജിപ്തുമായും സമുദ്രമാർഗ്ഗം വ്യാപാരം നടന്നിരുന്നതായും നൗക നിർമ്മാണത്തിൽ ഭാരതീയർ വളരെയധികം പുരോഗതി പ്രാപിച്ചിരുന്നതായും തെളിവുകൾ ഉണ്ട്. ഇറാനിൽ നിർമ്മിച്ചിരുന്ന കല്ലുകൊണ്ടുണ്ടാക്കിയ നൗകകൾ അവരുപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് ലോകത്തിലെ ആദ്യത്തെ ടൈഡൽ തുറമുഖവും ഭാരതത്തിലെ ലോഥലിലായിരുന്നതായി ഗവേഷകനായ എ.സ്.ആർ. റാവു കണ്ടെത്തിയിട്ടുണ്ട്. ക്രി.വ. 2300നോടടുപ്പിച്ചാണിത് നിലനിന്നിരുന്നത്.പ്രാചീനകാലത്ത് ഇന്ത്യക്ക് കംബോഡിയ, ജാവ, സുമാത്ര, തുടങ്ങി ജപ്പാനിൽ വരെ സമൂഹങ്ങൾ (കോളനികൾ) നിലനിന്നിരുന്നു. ഗ്രീസ്, പേർഷ്യ, റോം, ആഫ്രിക്ക, ചൈന തുടങ്ങിയ ദേശങ്ങളുമായി വ്യാപാരബന്ധവും ഉണ്ടായിരുന്നു.
ഇന്ത്യൻ തീരങ്ങളിലൂടെയുള്ള ഈസ്റ്റിന്ത്യാ കമ്പനിയുടെ കപ്പൽ ഗതാഗതങ്ങളുടെ സുരക്ഷിതത്വത്തെ ലാക്കാക്കി 1612ൽ സൂററ്റിൽ രൂപവത്കരിക്കപ്പെട്ട റോയൽ ഇന്ത്യൻ നേവിയിൽ നിന്നാണ് ആധുനിക ഇന്ത്യൻ നാവികസേന രൂപംകൊണ്ടത്. ഈ നാവികസേനയെ 1685ൽ സൂററ്റിൽനിന്ന് ബോംബെയിലേയ്ക്കു മാറ്റുകയും ബോംബെ മറൈൻ എന്ന് പുനർനാമകരണം ചെയ്യുകയുമുണ്ടായി.
1892ൽ റോയൽ ഇന്ത്യൻ മറൈൻ എന്ന പേരിൽ അറിയപ്പെട്ട ഇത് 1934ൽ ബ്രിട്ടനിലെ റോയൽ നേവിയുടെ മാതൃകയിൽ ദി റോയൽ ഇന്ത്യൻ നേവി ആയി രൂപാന്തരപ്പെട്ടു.
സ്വതന്ത്ര്യം കിട്ടിയതിനു ശേഷം ഈ നാവികസേനയ്ക്ക് ഇന്ത്യൻ നേവി എന്ന പേര് നൽകപ്പെട്ടു. 1947ൽ വിഭജനത്തോടുകൂടി അന്നു നിലവിൽ ഉണ്ടായിരുന്ന റോയൽ ഇന്ത്യൻ നേവിയുടെ മൂന്നിൽ ഒരുഭാഗവും പ്രധാനപ്പെട്ട പല നാവിക പരിശീലനകേന്ദ്രങ്ങളും പാകിസ്താന്റെ ഭാഗത്തായി.
സ്വതന്ത്ര ഭാരതത്തിലും ഇന്ത്യൻ നേവി ബ്രിട്ടീഷുകാരായ അഡ്മിറൽമാരുടെ മേൽനോട്ടത്തിൽത്തന്നെ തുടർന്നുവന്നു. 1958 ഏപ്രിൽ 22ന് ആദ്യത്തെ ഇന്ത്യൻ വൈസ് അഡ്മിറലായ ആർ.ഡി.കട്ടാരെ ഇന്ത്യൻ നേവിയുടെ മേധാവി ആയിത്തീർന്നു.