സൊറോസ്ട്രിയൻ മതം
സൊറോസ്റ്റർ അഥവാ സറാത്തുസ്ത്ര എന്ന ഇറാനിയൻ പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ് സൊറോസ്ട്രിയൻ മതം അഥവാ പാർസി മതം. ഹഖാമനി കാലഘട്ടത്തിൽ വിശാല ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മതമായിരുന്നു ഇത്. ഇസ്ലാംഭരണത്തിനു മുൻപുള്ള പേർഷ്യയിലെ അവസാനസാമ്രാജ്യമായിരുന്ന സസാനിയൻ സാമ്രാജ്യത്തിന്റെ കാലത്ത് സൊറോസ്ട്രിയൻ മതം സാമ്രാജ്യത്തിലെ ഔദ്യോഗികമതമായിരുന്നു. കൂടാതെ ഈ സമയത്ത് മതം സംഘടനാരൂപം കൈവരിക്കുകയും ചെയ്തു. അവെസ്തയാണ് ഈ മതത്തിന്റെ പുണ്യഗ്രന്ഥം.
അഹുറ മസ്സ്ദ എന്ന വിവേകത്തിന്റെ ദൈവത്തിൽ നിന്നും സറാത്തുസ്ട്രക്ക് ലഭിച്ച വെളിപാടുകളാണ് ഈ മതത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്. അഹൂറ മസ്ദയുടെ വിശ്വാസികൾ എന്ന അർത്ഥത്തിൽ ഈ മതത്തെ മസ്സ്ദ മതം അഥവാ മസ്സ്ദയിസം എന്നും അറിയപ്പെടാറുണ്ട്. ഇന്ന് ഇന്ത്യ, ഇറാൻ, പാകിസ്താൻ എന്നിവിടങ്ങളിലായി രണ്ടരലക്ഷത്തോളം വിശ്വാസികളാണ് ഈ മതത്തിനുള്ളത്.
അഹൂറ മസ്ദയും മറ്റു ചില ദൈവങ്ങളുമാണ് ഈ മതത്തിൽ നന്മയുടെ പ്രതീകം. അംഗ്ര മൈന്യുവും കൂട്ടാളികളും ആണ് തിന്മയുടെ പ്രതീകമായി കണക്കാക്കുന്നത്. അംഗ്ര മൈന്യുവിനെ പരാജയപ്പെടുത്തുന്നതിനുള്ള ഒരു യുദ്ധക്കളമായാണ് അഹൂറ മസ്ദ ലോകം നിർമ്മിച്ചിരിക്കുന്നതെന്നാണ് ഇവരുടെ വിശ്വാസം. തിന്മയോട് പോരാടുന്നതിന് നന്മക്കൊപ്പം അണിനിരക്കാൻ മനുഷ്യരോട് ഈ മതം ആഹ്വാനം ചെയ്യുന്നു. ഈ പോരാട്ടത്തിലൂടെ ലോകത്തെ നിർമ്മലമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കാൻ സാധിക്കുമെന്നും ഇവർ വിശ്വസിക്കുന്നു.