സാച്ചറി ടെയ്ലര്‍
അമേരിക്കയുടെ പന്ത്രണ്ടാമത്തെ പ്രസിഡന്റാണ് സാച്ചറി ടെയ്ലര്‍.1849-ലാണ് അദ്ദേഹം ചുമതലയേറ്റത്.
1848-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സാച്ചറി ടെയ്ലര്‍ വിഗ്പക്ഷത്തിന്‍റെ സ്ഥാനാര്‍ഥിയായിരുന്നു. ഡമോക്രാറ്റിന്‍റെ ലെ വിസ് കാസ് ആയിരുന്നു പ്രധാന എതിരാളി. അമേരിക്കയില്‍ ദേശവ്യാപകമായി ഒരു ദിവസം തന്നെ വോട്ടെടുപ്പ് നടന്ന ആദ്യപ്രസിഡന്‍റ് തിരഞ്ഞെടുപ്പായിരുന്നു അത്. ഭൂരിപക്ഷം നേടി ടെയ്ലര്‍ പ്രസിഡന്റായി.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജെയിംസ് മാഡിസന്‍റെ ബന്ധുവായിരുന്നു ടെയ്ലര്‍. റിച്ചാര്‍ഡ് ടെയ്ലറായിരുന്നു പിതാവ്. തോട്ടമുടമയായിരുന്ന അദ്ദേഹം സര്‍ക്കാരിന്‍റെ പല ഉയര്‍ന്ന ഉദ്യോഗങ്ങളും വഹിച്ചിരുന്നു. മാതാവിന്‍റെ പേര് സാറ എന്നായിരുന്നു.
1784 നവംബര്‍ 24 നാണ് ടെയ്ലറുടെ ജനനം. പ്രാഥമികവിദ്യാഭ്യാസം മാത്രമെ ലഭിച്ചിട്ടുള്ളൂ. കാര്യങ്ങള്‍ പെട്ടെന്ന് പഠിക്കുമായിരുന്നെങ്കിലും സ്പെല്ലിങ്ങ് പഠനം അദ്ദേഹത്തിനു കീറാ മുട്ടിയായിരുന്നു.
സൈന്യത്തില്‍ ചേര്‍ന്ന ടെയ്ലര്‍ ഓഫീസറായി സേവനമനുഷ്ടിച്ചു. അക്കാലത്തായിരുന്നു വിവാഹം. വധു,മാര്‍ഗരറ്റ് പെഗ്ഗിമാക്കള്‍ സ്മിത്ത്. ഈ ദമ്പതികള്‍ക്ക് നാലുമക്കളുമുണ്ടായിരുന്നു.
സൈനികഓഫീസര്‍ എന്ന നിലയില്‍ 1812-ലെ യുദ്ധത്തിലും രണ്ടാം സെമിനോള്‍ യുദ്ധത്തിലും മെക്സിക്കന്‍ യുദ്ധത്തിലും ടെയ്ലര്‍ പങ്കെടുത്തു. ഇതില്‍ മെക്സിക്കന്‍ യുദ്ധം അദ്ദേഹത്തെ യുദ്ധനായകനാക്കി. അതിന്‍റെ ഫലമായിരുന്നു പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാക്കിയത്.
ബ്രിട്ടനുമായി അമേരിക്ക ക്ലേടെണ്‍ ബ്ലൂവര്‍ കരാര്‍ ഉണ്ടാക്കിയത് ടെയ്ലറിന്‍റെ കാലത്താണ്. അടിമതത്തെ എതിര്‍ക്കുന്ന ചില നടപടികളും അദ്ദേഹം കൈക്കൊണ്ടു എങ്കിലും പില്‍ക്കാലത്തു നടത്തിയ പഠനമനുസരിച്ച് ശരാശരിയിലും താഴെ നില്‍ക്കുന്ന പ്രകടനം നടത്തിയ പ്രസിഡന്റാണ് ഇദ്ദേഹം.
അധികാരത്തിലിരിക്കെ 1850 ജൂലൈ 9-നാണ് ടെയ്ലര്‍ മരണമടഞ്ഞത്. കോളറ ബാധിച്ച് മരണക്കിടക്കയിലായപ്പോള്‍ ടെയ്ലര്‍ പറഞ്ഞു. എന്‍റെ സമയം അടുത്തിരിക്കുന്നു. സത്യസന്ധമായി എന്‍റെ കടമ നിര്‍വഹിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഒന്നിലും പശ്ചാത്തപിക്കുന്നില്ല. പക്ഷെ എന്നോടു ക്ഷമിക്കണം. ഞാന്‍ എന്‍റെ സുഹൃത്തുക്കളെ പിരിയാന്‍ പോവുകയാണ്.