യോഗി ആദിത്യനാഥ്
2017 മാർച്ച് 19 മുതൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തുടരുന്ന ഹൈന്ദവ സന്യാസിയും മുതിർന്ന ബി.ജെ.പി നേതാവുമാണ് യോഗി ആദിത്യനാഥ്. (ജനനം: 05 ജൂൺ 1972) ഹൈന്ദവ ധർമ്മ സംരക്ഷത്തിനായി കർശന നിലപാട് സ്വീകരിക്കുന്ന യോഗി പാർട്ടിയിൽ തീവ്ര-ഹിന്ദുത്വ വാദിയായാണ് അറിയപ്പെടുന്നത്.
ജീവിതരേഖ
ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന മഹന്ത് ആവെദ്യനാഥിൻ്റെയും സാവിത്രിയുടേയും മകനായി 1972 ജൂൺ 5 ന് ഉത്തരാഖണ്ഡിലെ ഗർവാളിലുള്ള പഞ്ചൂർ ഗ്രാമത്തിൽ ജനിച്ചു. അജയ് മോഹൻ ബിഷ്ത് എന്നതാണ് ശരിയായ പേര്. യോഗി അദിത്യനാഥ് എന്നത് സന്യാസിയായതിനു ശേഷം അദ്ദേഹം സ്വീകരിച്ച പേരാണ്. ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി ഗർവാൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി ബിരുദം നേടി പഠനം പൂർത്തിയാക്കി.
രാഷ്ട്രീയ ജീവിതം
തീർത്തും അപ്രതീക്ഷിതമായിരുന്നു യോഗിയുടെ രാഷ്ട്രീയ പ്രവേശനം. കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ അനുഭാവിയും പിന്നീട് എ.ബി.വി.പിയിലേയ്ക്കും മാറിയ യോഗി രാമക്ഷേത്രത്തിനു വേണ്ടി വീട് വിട്ടിറങ്ങിയ വ്യക്തിയാണ്. പിന്നീട് സന്യാസവും അധികാരവുമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്.
ദി മോങ്ക് ഹൂ ബികെയിം ചീഫ് മിനിസ്റ്റർ എന്ന പുസ്തകത്തിൽ മാത്രമാണ് അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറയുന്നത്.
പക്ഷേ എ.ബി.വി.പിയുടെ വിദ്യാർത്ഥി രാഷ്ട്രീയമായിരുന്നില്ല രാമക്ഷേത്രവും അയോദ്ധ്യയുമായിരുന്നു യോഗിയുടെ മനസിൽ എന്നാണ് ആത്മകഥയിൽ പറയുന്നത്. പക്ഷേ അപ്പോഴേയ്ക്കും യോഗി തീവ്ര-ഹിന്ദുത്വവാദിയായി മാറിക്കഴിഞ്ഞിരുന്നു. 1993-ൽ വീട് വിട്ടിറങ്ങിയ യോഗി അയോദ്ധ്യ രാമക്ഷേത്ര പ്രസ്ഥാനത്തിൽ ചേരാൻ ശ്രമിച്ചു. പിന്നീടാണ് അദ്ദേഹം ഗോരഖ്നാഥ് ആശ്രമത്തിലെത്തുന്നത്.
അന്ന് ആശ്രമത്തിന്‍റെ തലവനായിരുന്ന മഹന്ത് അവൈദ്യനാഥിൻ്റെ ശിഷ്യനായി സന്യാസി ദീക്ഷ സ്വീകരിച്ചു. അതിനുശേഷം അദ്ദേഹത്തിന് യോഗി ആദിത്യനാഥ് എന്ന പേര് നൽകുകയും മഹന്ത് അവൈദ്യനാഥിന്‍റെ പിൻഗാമിയായി നിയമിക്കുകയും ചെയ്തു.
ഗോ സംരക്ഷണ പ്രവർത്തനങ്ങളിൽ വ്യാപൃതനായി അതിൽ മുഴുകി ജീവിച്ച യോഗി അധികം വൈകാതെ തന്നെ ഗുരുവിന്‍റെ പ്രിയ ശിഷ്യനായി മാറി. പിന്നീട് ഗുരുവിന്‍റെ മരണശേഷം 2014 സെപ്റ്റംബർ 12ന് ഗോരഖ്നാഥ് ആശ്രമത്തിന്‍റെ മഹാ പുരോഹിതനായി നിയമിക്കപ്പെട്ടു. മുഖ്യമന്ത്രിയായിട്ടും ഇപ്പോഴും അദ്ദേഹം പദവി ഒഴിഞ്ഞിട്ടില്ല.
2002-ൽ രൂപീകരിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1996-ലെ പൊതുതിരഞ്ഞെടുപ്പിൽ ഗുരുവായ മഹന്ത് അവൈദ്യനാഥിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകി. 1998-ൽ അവൈദ്യനാഥ് രാഷ്ട്രീയം വിട്ടപ്പോൾ യോഗി ആദിത്യനാഥിനാണ് ബി.ജെ.പി സീറ്റ് നൽകിയത്.
1998-ൽ ഗോരഖ്പൂരിൽ നിന്ന് ആദ്യമായി ലോക്സഭയിലേയ്ക്ക് മത്സരിച്ച് ജയിക്കുമ്പോൾ യോഗിയുടെ പ്രായം 26 വയസായിരുന്നു. പിന്നീട് അഞ്ച് തവണ കൂടി ഗോരഖ്പൂരിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
1998-ൽ ആദ്യമായി ലോക്സഭാംഗമായതിനു ശേഷം യുവജന സംഘടനയായ ഹിന്ദു -യുവവാഹിനി രൂപീകരിച്ചു. ഇത് കിഴക്കൻ യു.പിയിൽ യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയ വളർച്ചയ്ക്ക് സഹായകരമായി തീർന്നു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി
ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ് സന്യാസിമാരുടെ നിർദ്ദേശം ബി.ജെ.പി കേൾക്കുന്നതും അതുവഴി യോഗി ആദിത്യനാഥ് 2017-ൽ ആദ്യമായി ഉത്തർ പ്രദേശിന്‍റെ മുഖ്യമന്ത്രി ആവുന്നതും.
2017-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 312 എം.എൽ.എമാർ ബി.ജെ.പിയെ പ്രതിനിധാനം ചെയ്തപ്പോൾ ലോക്സഭാംഗമായിരുന്ന യോഗി ആദിത്യനാഥിനെയാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്.
2017-ൽ ലോക്സഭാംഗത്വം രാജിവച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ നിയമസഭ കൗൺസിൽ അംഗമായാണ് അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയത്.
2022-ലെ നിയമസഭ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയതും യോഗി തന്നെയാണ്. സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാക്കി ഗുണ്ടകളെ അടിച്ചമർത്തിയതും സംസ്ഥാന സർക്കാരിന്‍റെ വികസനനേട്ടങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലുമെത്തിയതോടെയും രണ്ടാം വട്ടവും ബി.ജെ.പിയ്ക്ക് യു.പി.യിൽ ഭൂരിപക്ഷം ലഭിച്ചു. 2022 മാർച്ച് 25ന് യോഗി ആദിത്യനാഥ് രണ്ടാം വട്ടവും മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.