CountryEncyclopediaHistory

ഫിന്‍ലന്‍ഡിന്‍റെ ഇന്നലെകള്‍

ഹിമയുഗത്തിന്റെ അവസാനത്തോടെ , അതായത് ഏകദേശം 11,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഫിന്‍ലന്‍ഡില്‍ മനുഷ്യവാസം ആരംഭിച്ചതെന്ന് കരുതുന്നു. ബി.സി 3,000-നും 2500-നുമിടയില്‍ അവിടെ കൃഷി ആരംഭിച്ചു. എ.ഡി 12 ആം നൂറ്റാണ്ടു മുതല്‍ 1809 വരെ ഫിന്‍ലന്‍ഡ്‌ സ്വീഡന്റെ കീഴിലായിരുന്നു. അങ്ങനെയാണ് സ്വീഡിഷ് ഭാഷ അവിടെ പ്രചാരത്തിലാകുന്നത്.
നൂറ്റാണ്ടുകള്‍ നീണ്ട സ്വീഡിഷ് ആധിപത്യം 19-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അവസാനിച്ചുവെങ്കിലും അപ്പോഴേക്കും മറ്റൊരു വിദേശശക്തി ഫിന്‍ലന്‍ഡിനുമേല്‍ പിടിമുറുക്കി, റഷ്യന്‍ സാമ്രാജ്യമായിരുന്നു അത്. 1809-ല്‍ റഷ്യന്‍ അധീനതയിലായെങ്കിലും റഷ്യന്‍ ചക്രവര്‍ത്തി അലക്സാണ്ടര്‍ ഒന്നാമന്‍ ഫിന്‍ലന്‍ഡിന് പരമാവധി സ്വയം ഭരണാവകാശം അനുവദിച്ചുനല്‍കി. 1812-ല്‍ ഹെല്‍സിങ്കി രാജ്യതലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. പഴയ തലസ്ഥാനമായിരുന്ന ടുര്‍ക്കു നഗരം അഗ്നിബാധയില്‍ തകര്‍ന്നത് ഹെല്‍സിങ്കിയുടെ പ്രാധാന്യം വര്‍ധിപ്പിച്ചു. 1860 മുതല്‍ 2002 വരെ മാര്‍ക്ക ആയിരുന്നു ഫിന്‍ലന്‍ഡിന്റെ ഔദ്യോഗിക കറന്‍സി. 2002-ല്‍ ആ സ്ഥാനം യൂറോ നേടി.
തങ്ങളുടെ അധീനതയിലായിരുന്ന 1906-ല്‍ റഷ്യ സ്വന്തമായി പാര്‍ലമെന്‍റ് അനുവദിച്ചു. അതേ വര്‍ഷം തന്നെ ഫിന്‍ലന്‍ഡ്‌ സ്ത്രീകള്‍ക്കും വോട്ടവകാശം അനുവദിച്ചു തൊട്ടടുത്ത വര്‍ഷം രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പും നടന്നു. പിന്നീടു വന്ന റഷ്യന്‍ ഭരണാധികാരി സാര്‍ നിക്കൊളാസ് രണ്ടാമന്‍റെ ചില ഭരണപരിഷ്കാരങ്ങള്‍ രാജ്യത്ത് കലാപത്തിനുവഴിയൊരുക്കി. റഷ്യന്‍ ഭാഷയെ ഫിന്‍ലന്‍ഡിന്റെ ഔദ്യോഗിക ഭാഷയാക്കിയതായിരുന്നു അതിലൊന്ന്.
റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്ന് 1917 ഡിസംബര്‍ ആറിന് ഫിന്‍ലന്‍ഡ്‌ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. റഷ്യയില്‍ അധികാരം പിടിച്ചെടുത്ത ബോല്‍ഷെവിക് ഭരണകൂടം ഡിസംബര്‍ 31-ന് ഫിന്‍ലന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു.