മുറിവേറ്റ കൊറിയ
പര്‍വ്വതങ്ങളും നദികളും പുല്‍മേടുകളുമൊക്കെ നിറഞ്ഞ അതിമനോഹരമായ പ്രദേശമാണ് ഇരുകൊറിയകളും ചേര്‍ന്ന കൊറിയന്‍ ഉപദ്വീപ്. എന്നാല്‍ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ ഈ പ്രദേശത്തിനു ഏറെക്കക്കാലമൊന്നും സ്വതന്ത്രമായി തുടരാന്‍ ഭാഗ്യമുണ്ടായിരുന്നില്ല.എഴുതപ്പെട്ട രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ 900 വര്‍ഷവും കൊറിയ വിദേശാധിപത്യത്തിന്ന്‍ കീഴിലായിരുന്നു.
ഏകദേശം 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൊറിയന്‍ ഉപദ്വീപിലേക്ക് ജനങ്ങളുടെ കുടിയേറ്റം ആരംഭിച്ചതായി ചരിത്രഗവേഷകര്‍ കരുതുന്നു.കൊറിയയുടെ ഐതിഹ്യം അനുസരിച്ച് കൊറിയന്‍ രാഷ്ട്രം സ്ഥാപിച്ചത് ടാന്‍ഗുന്‍ എന്നൊരു രാജാവാണ്.അദ്ദേഹം ഭൂമാതാവിന്റെ കൊച്ചുമകനാണെന്നാണ് വിശ്വാസം.ടാന്‍ഗുണ്‍ സ്ഥാപിച്ച രാജവംശം ബി.സി 1,112 വരെ നിലനിന്നു.
പിന്നീട് കിജാ എന്ന സന്യാസി വടക്കന്‍ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു രാജ്യം സ്ഥാപിച്ചു. ഇത് ബി.സി 193 വരെ നിലനിന്നു ബി.സി 108-ല്‍ കൊറിയയുടെ ഭൂരിഭാഗം പ്രദേശവും വൂ ടി എന്ന ചൈനീസ് ചക്രവര്‍ത്തിയുടെ കീഴിലായി പിന്നീട് ചൈനീസ് രാജവംശത്തിന്‍റെ ശക്തി ക്ഷയിക്കുകയും കൊറിയന്‍ പ്രദേശത്ത് കോഗള്‍യോ ,പയേക്ചേ, സില്ല, എന്നീ മൂന്നു രാജവംശങ്ങള്‍ ഉദയം ചെയ്യുകയും ചെയ്യ്തു.കൊറിയന്‍ ചരിത്രത്തില്‍ ഇത് മൂന്നു രാജവാഴ്ചകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
എ.ഡി 660-കളില്‍ പയേക്ചേ, കോഗര്‍യോ രാജ്യങ്ങളെ സില്ല പിടിച്ചടക്കി.അതോടെ കൊറിയന്‍ ഏകീകൃത ഭരണം വന്നു.പക്ഷെ ഇത് ഏറെക്കാലം നീണ്ടുനിന്നില്ല.സ്വന്തമായി സൈന്യമുണ്ടായിരുന്ന സമ്പന്നരായ ഭൂവുടമകള്‍ ഭൂമിക്ക് വേണ്ടി പരസ്പരം പോരാടിച്ചുതുടങ്ങി. സില്ലയുടെ സൈന്യാധിപനായ വാങ്ങ് കോണ്‍ ഇതിനെ വരുതിയിലാക്കി കൊര്‍യോ എന്ന രാജവംശം സ്ഥാപിച്ചു. കൊറിയ എന്ന പേര് ഈ ഉപദ്വീപിന് ലഭിച്ചത് കൊര്‍യോ രാജവംശത്തില്‍ നിന്നാണ്.