EncyclopediaHistory

വില്യം മക്ക്കിന്‍ലി

കഥ പറയാനുള്ള കഴിവില്ലാത്തതിനാല്‍ തമാശക്കഥകള്‍ പോലും പറഞ്ഞ് പരാജയപ്പെടുന്ന പ്രസിഡന്റായിരുന്നു മക്കിന്‍ലി. മധുരമായ പെരുമാറ്റം കൊണ്ട് എതിരാളികളുടെ പോലും സ്നേഹം സമ്പാദിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. എങ്കിലും വെടിയേറ്റായിരുന്നു അന്ത്യം. ആരാധകര്‍ക്ക് ഹസ്തദാനം നല്‍കവേ ഇദ്ദേഹത്തെ വലതുകൈയിലെ ബാന്‍ഡേജിനുള്ളിലൊളിപ്പിച്ച തോക്കുകൊണ്ട് സോള്‍ഗോസ് എന്നയാള്‍ നിറയൊഴിച്ചു. വയറ്റില്‍ വെടിയേറ്റ്‌ പ്രസിഡന്‍റ് കുഴഞ്ഞു വീഴുമ്പോള്‍ അനുയായികള്‍ സൊള്‍ഗോസിനെ നിലത്തിട്ട് ചവിട്ടാന്‍ തുടങ്ങി. അപ്പോള്‍ പ്രസിഡന്‍റ് വിളിച്ചു പറഞ്ഞു. അയാളെ ഉപദ്രവിക്കരുത്.
മാന്യതയും അച്ചടക്കവുമുള്ള പ്രസിഡന്റ് ആയിരുന്നു മക് കിന്‍ലി. വില്യം മക് കിന്‍ലിയുടെയും ഹാന്‍സി അലി സണിന്റെയും പുത്രനായി 1843 ജനുവരി 29-നാണ് ജനനം. പഠിക്കുന്ന കാലത്ത് പ്രസംഗമായിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ടവിഷയം നിയമത്തില്‍ ബിരുദ്ധം നേടിയ ഇദ്ദേഹം 1867 മുതല്‍ ഒഹിയോ കോടതിയില്‍ പ്രാക്ടീസ് തുടങ്ങി.
27-ആം വയസില്‍ ഇദ്ദേഹം വിവാഹിതനായി. വധു ഇഡ ഡാക്സ്‌ടണ്‍. ഇവര്‍ക്ക് രണ്ട് മക്കള്‍ ഉണ്ടായെങ്കിലും ശൈശവത്തിലേ അവര്‍ മരിച്ചു.
യു.എസ് പ്രതിനിധി സഭാംഗവും ഒഹിയോ ഗവര്‍ണറുമായിരുന്ന അദ്ദേഹം 1896-ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി. ബ്രെയ്ന്‍ ആയിരുന്നു ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥി.176 നെതിരേ 271 ഇലക്ടറല്‍ വോട്ടുകള്‍ക്ക് മക് കിന്‍ലി വിജയിച്ചു. ഗാരറ്റ് അഗസ്റ്റസ് ഹോബര്‍ട്ടായിരുന്നു വൈസ് പ്രസിഡന്‍റ്. പിന്നീട് 1900-ലും മക് കിന്‍ലി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി. പ്രതിയോഗിയും പഴയ ആള്‍ തന്നെ. ഇത്തവണയും മക് കിന്‍ലി വിജയിച്ചു. തിയഡോര്‍ റൂസ് വെല്‍റ്റ് ആയിരുന്നു വൈസ് പ്രസിഡന്റ്.
1901 സെപ്റ്റംബര്‍ ആറിനാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. എന്തിനാണ് പ്രസിഡന്റിനെ വധിച്ചത് എന്ന ചോദ്യത്തിന് ഘാതകന്‍ സൊള്‍ഗോസിന്‍റെ മറുപടി ഇതായിരുന്നു.പ്രസിഡന്റ് എന്ന ഒരാള്‍ മാത്രം ഇത്രയേറെ കാര്യങ്ങള്‍ ചെയ്യുകയും മറ്റുള്ളവര്‍ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ശരിയല്ല. ഞാനതു തിരുത്തുകയായിരുന്നു.